ADVERTISEMENT

തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലെ തിരഞ്ഞെടുപ്പിന് പ്രത്യേക ചന്തമുണ്ട്. ‘തേർതലിന്റെ’ പോസ്റ്ററും നോട്ടിസും, അനൗൺസ്മെന്റ് പോലും തമിഴിലാണ്. കേരളത്തിന്റെ രാഷ്ട്രീയം തമിഴിൽ ചിന്തിക്കുകയും പേശുകയും ചെയ്യുന്നവരാണ് ഇന്നാട്ടുകാർ. തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലൂടെ തിരഞ്ഞെടുപ്പുകാലത്തെ യാത്ര...

മീനാക്ഷി എന്ന സുന്ദരി

മുടിയിൽ കനകാംബരപ്പൂ ചൂടിയ സുന്ദരിയാണ് അതിർത്തിയിലെ മീനാക്ഷിപുരം ഗ്രാമം. മടഞ്ഞിട്ട മുടിയുടെ ഒരു ഭാഗം കേരളത്തിനും ഒരു ഭാഗം തമിഴ്നാടിനും നൽകി വിശാലമായി വിലസുന്നു. നാലടി നടന്നാൽ തമിഴ്നാടായി. അതിനാൽ നാട്ടിലെ വോട്ടറേത്, തമിഴ്നാട്ടിലെ വോട്ടറേത് എന്നു തിരിച്ചറിയാൻ പ്രയാസം. പെരുമാട്ടി പഞ്ചായത്തിലാണ് മീനാക്ഷിപുരം. വികസനശ്രദ്ധ ഇനിയുമേറെ പതിയാനുണ്ട്.

ശുചിമുറി സൗകര്യം ഉൾപ്പെടെയുള്ള ഇന്റർസ്റ്റേറ്റ് ബസ് ടെർമിനൽ വേണമെന്നാണു പ്രധാന ആവശ്യം. ആദിവാസി ഊരുകൾ വലിയ കഷ്ടപ്പാടുകൾ നേരിടുന്നു. പല ആവശ്യങ്ങൾക്കുമായി ഇരു സംസ്ഥാനങ്ങളിലൂടെയും യാത്ര ചെയ്യേണ്ടവർ കോവിഡ് കാലത്ത് അതിർത്തി അടച്ചപ്പോൾ ബുദ്ധിമുട്ടിലായി. 

palakkad-ldf

ഗോപാലപുരത്ത് തമിഴ് പിണറായി 

എരുത്തേമ്പതി പഞ്ചായത്തിന്റെ അതിർത്തിയായ ഗോപാലപുരത്ത് തമിഴ് പോസ്റ്ററുകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ചിരിച്ചുനിൽക്കുന്നു. ഒരു ഭാഗത്ത് തിരഞ്ഞെടുപ്പു ചിത്രം നിറയുമ്പോൾ ചെക്പോസ്റ്റിനടുത്തുള്ള   ലോട്ടറിക്കടകൾക്കു മുന്നിൽ ഭാഗ്യാന്വേഷികളുടെ തിരക്ക്. മീനാക്ഷിപുരത്തുനിന്നു ഗോപാലപുരത്തേക്കുള്ള വഴിയരികിൽ മുഴുവൻ കള്ള് ചെത്തുന്ന തോപ്പുകളാണ്. ബസ് സ്റ്റാൻഡ് തന്നെയാണ് ഇവിടെയും പ്രധാന ആവശ്യം. 

നടുപ്പുണിയും ഒഴലപ്പതിയും 

കാർഷിക പുരോഗതിയും അടിസ്ഥാന സൗകര്യവികസനുമാണു നടപ്പുണിയിലെയും ഒഴലപ്പതിയിലെയും ആവശ്യം. ശുദ്ധജലക്ഷാമവും പരിഹരിക്കണം. ഗ്രാമീണ റോഡുകൾ തകർന്നുകിടക്കുന്നു. ഒഴലപ്പതി വടകരപ്പതി പഞ്ചായത്തിലും നടുപ്പുണി എരുത്തേമ്പതിയിലുമാണ്.

palakkad-tamil-poster

വാളയാറിലെ  തെരുവുകൾ

കോയമ്പത്തൂർ ജില്ലയെ മുട്ടിയുരുമ്മി നിൽക്കുന്നതാണു പുതുശ്ശേരി പഞ്ചായത്തിലെ വാളയാർ അതിർത്തി ഗ്രാമങ്ങൾ. ചാണകവും മഞ്ഞൾ വെള്ളവും തെളിച്ചൊരുക്കിയ തെരുവീഥികൾ മനോഹരം. അതിർത്തി ഗ്രാമങ്ങൾക്കു വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല. മലമ്പുഴ മണ്ഡലത്തിലായിട്ടും മലമ്പുഴ ശുദ്ധജലം എത്തിക്കാറായിട്ടില്ല. ഗ്രാമം തുറന്നു വരുന്നതു ദേശീയപാതയിലൂടെയയാണ്. എന്നാൽ ഗ്രാമത്തികത്തേക്കു ബസ് സർവീസ് പേരിനു മാത്രം. മെച്ചപ്പെട്ട ചികിത്സയുള്ള ആശുപത്രിയും സ്കൂളുമില്ലാത്തതിനാൽ ചികിത്സയ്ക്കും പഠനത്തിനും തമിഴ്നാടാണ് ആശ്രയം.

അട്ടപ്പാടിയുടെ വാതിൽ

അട്ടപ്പാടിയിൽ നിന്നു തമിഴകത്തേക്കു തുറക്കുന്ന വാതിലുകളാണ് ഷോളയൂർ പഞ്ചായത്തിലെ ആനക്കട്ടിയും പുതൂർ പഞ്ചായത്തിലെ മുള്ളിയും. ആദിവാസികൾ താമസിക്കുന്ന ഈ മേഖലയിൽ ശുദ്ധജലക്ഷാമം തന്നെ പ്രശ്നം. മഴ കുറഞ്ഞ മേഖലയിൽ കൃഷിക്കും വെള്ളമില്ല. അടിസ്ഥാനസൗകര്യ വികസനവും പല മേഖലകളിലും ഇല്ല. ഗ്രാമീണ റോഡുകൾ പലതും തകർന്നുകിടക്കുന്നു. ആദിവാസി ഭവന പദ്ധതികളും ശുചിമുറി പദ്ധതികളും ഗൗരവത്തോടെ നടപ്പാക്കേണ്ടതുണ്ട്. 

ഗോവിന്ദാപുരത്തെ കാഴ്ചകൾ

അതിർത്തിക്കടുത്ത ചെറിയ കടയിൽനിന്നാണു വ്യത്യസ്ത ഇനം വാഴപ്പഴം കഴിച്ചത്. ശ്രീലങ്കയിലെ ‘തെനാങ്ക്’ എന്ന ഇനമാണത്രേ. കൃഷിവൈവിധ്യമുള്ള നാട്. ഗോവിന്ദാപുരം ചന്ത ഏറെ പ്രസിദ്ധം. മുതലമട പഞ്ചായത്താണ് ഈ പ്രദേശം. ഗോവിന്ദാപുരം ആർടിഒ ചെക്പോസ്റ്റ് ഇപ്പോഴും ഓലമേഞ്ഞതാണ്. ശുചിമുറി സൗകര്യമുള്ള ബസ് സ്റ്റാൻഡ് പണിതെങ്കിലും തുറന്നിട്ടില്ല. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്നു നാട്ടുകാർ പറയുന്നു. പോസ്റ്റ് ഓഫിസ് വേണമെന്നും ആവശ്യമുണ്ട്.  

പോളിങ് മെഷീൻ തമിഴ് പേശും 

എട്ടു പഞ്ചായത്തുകളിലായി 127 ഭാഷാ ന്യൂനപക്ഷ വാർഡുകളുണ്ട്. ഇവിടങ്ങളിൽ ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും മലയാളത്തിനു പുറമേ തമിഴിലും സ്ഥാനാർഥിയുടെ വിവരങ്ങൾ രേഖപ്പെടുത്തും. ഇവിടെ തിരഞ്ഞെടുപ്പ് ജോലിക്കു പോകുന്ന ഉദ്യോഗസ്ഥർക്കും തമിഴ്പ്രേമികൾക്കുമായി ചില തിരഞ്ഞെടുപ്പ് വാക്കുകളുടെ തമിഴ് പ്രയോഗം പരിചയപ്പെടുത്തുന്നു.

തദ്ദേശ തിരഞ്ഞെടുപ്പ്: ഉള്ളാട്ച്ചി തേർതൽ
സ്ഥാനാർഥി: വേട്പാളർ
രാഷ്ട്രീയ കക്ഷികൾ: അരസിയൽ കട്ചികൾ
നഗരസഭ: നഗര മൻറം
വോട്ടർ: വാക്കാളർകൾ

പോളിങ് ബൂത്ത്‌: വാക്കു ചാവടി
വോട്ട് ചെയ്യൽ: വാക്കുപ്പതിവു‌
റിട്ടേണിങ് ഓഫിസർ : വാക്കു ചാവടി അലുവലർ
വോട്ടിങ് മെഷീൻ: വാക്കുപതിവു ഇയന്തിരം

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com