ADVERTISEMENT

കരിമ്പ∙ ജനവാസ കേന്ദ്രങ്ങളിലെ കർഷകരെയും കുടികിടപ്പുക്കാരെയും ദേഷകരമായി ബാധിക്കുന്ന തരത്തിൽ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ ഉൾപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിൽപുസമരം നടത്തി. അലനെല്ലൂർ, കല്ലടിക്കോട്, കരിമ്പ, പാലക്കയം, തച്ചമ്പാറ, പൊന്നംകോട്, ചുള്ളിയാംകുളം എന്നിവിടങ്ങളിലാണ് പ്രധാനമായും പ്രതിഷേധ സമരം നടന്നത്.

കരിമ്പയിൽ നടന്ന പ്രതിഷേധ സംഗമത്തിന് കർഷക സംരക്ഷണ സമിതി രക്ഷാധികാരി ഫാ. നിമിഷ് ചുണ്ടെൻകുഴിയിൽ, പ്രസിഡന്റ് ഷാജി കൊച്ചുപ്ലാക്കൽ, വൈസ് പ്രസിഡന്റ് ബിനോയ് മനയ്ക്കൽ, സെക്രട്ടറി ജോഷി മനയ്ക്കൽ, ജോയിന്റ് സെക്രട്ടറി എബ്രഹാം മംഗലി, ട്രഷറർ ജോബൻ പള്ളിവാതുക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.

കിഴക്കഞ്ചേരി വില്ലേജിനെ ഒഴിവാക്കണം: കർഷക സംരക്ഷണ സമിതി

വടക്കഞ്ചേരി∙ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉൾപ്പെട്ട കിഴക്കഞ്ചേരി ഒന്ന് വില്ലേജിനെ ഇഎസ്എ വില്ലേജാക്കാൻ റിപ്പോർട്ട് നൽകിയ സർക്കാർ നടപടിയും പീച്ചി വാഴാനി വന്യജീവി സങ്കേതത്തിന് ചുറ്റും 131.54 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള കേന്ദ്ര വനം–പരിസ്ഥിതി മന്ത്രാലയത്തിന്റെ പുതിയ കരട് വി‍ജ്ഞാപനവും പിൻവലിക്കണമെന്ന് വടക്കഞ്ചേരി മേഖലാ കർഷക സംരക്ഷണ സമിതി.

ഇഎസ്എ ഫൈനൽ ഡ്രാഫ്റ്റിൽ ഉൾപ്പെട്ട സ്ഥലങ്ങൾ അടയാളപ്പെടുത്തി പ്രസിദ്ധീകരിക്കാൻ സംസ്ഥാന സർക്കാർ തയാറാകണം. പ്രകൃതിയെ സംരക്ഷിക്കുന്ന സാധാരണക്കാരായ കർഷകരുടെ ഉപജീവന മാർഗങ്ങൾ തടസ്സപ്പെടുത്തുന്ന നിയമങ്ങൾ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നും യോഗം മുന്നറിയിപ്പ് നൽകി.

പാലക്കാട് രൂപതാ മെത്രാൻ മാർ.ജേക്കബ് മനത്തോടത്ത് വിഡിയോ കോൺഫറൻസിലൂടെ യോഗം ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി ഫൊറോന വികാരി ഫാ.ജെയ്സൺ കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോൺഗ്രസ് രൂപത സെക്രട്ടറി ജോസ് വടക്കേക്കര, ഫൊറോന പ്രസിഡന്റ് ‌ടോമി ഈരോരിക്കൽ, ഫാ.ജോഷി പുത്തൻപുരയിൽ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികൾ: ചാർളി മാത്യു (പ്രസിഡന്റ്), തോമസ് ജോൺ (വൈസ്.പ്രസി), ജിജോ അറയ്ക്കൽ (ജന.സെക്ര), ബെന്നി കീഴ്പള്ളിത്തോട് (ജോ.സെക്ര), ടോമി ഈരോരിക്കൽ (ട്രഷ), ഡെന്നി തെങ്ങുംപിള്ളി, ജോസ് വടക്കേക്കര, ബെന്നി വല്ലയിൽ, സന്തോഷ് അറയ്ക്കൽ, ടെന്നി അഗസ്റ്റിൻ, ബെനറ്റോ ഫ്രാൻസിസ് (എക്സിക്യൂട്ടീവ് കമ്മിറ്റി)

വിശദീകരണ യോഗം നടത്തി

വടക്കഞ്ചേരി∙ കസ്തൂരി രംഗൻ റിപ്പോർട്ടിൽ വ്യക്തത വരുത്തുക, ഇഎസ്എ പരിധിയിൽ നിന്ന് കർഷക ഭൂമി ഒഴിവാക്കി സീറോ ബഫർ സോൺ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക സംരക്ഷണ സമിതി ഇളവംപാടം യൂണിറ്റ് വിശദീകരണ യോഗം നടത്തി. മംഗലംഡാം ഫൊറോന വികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ഉദ്ഘാടനം ചെയ്തു. ഇളവംപാടം പള്ളി വികാരി ഫാ. മാത്യു ഞൊങ്ങിണിയിൽ അധ്യക്ഷത വഹിച്ച. ആർപിഎസ് പ്രസിഡന്റ് പി.വി.ബാബു, മാണിച്ചൻ ഈന്തുംതോട്ടത്തിൽ, ഡിനോയ് കോമ്പാറ തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com