ADVERTISEMENT

കൊപ്പം ∙ നായ്ക്കളെ ഓമനിച്ചു വളർത്തുന്ന ഒരു കുടുംബം ഉണ്ട് തിരുവേഗപ്പുറ പഞ്ചായത്തിലെ നടുവട്ടത്ത്. തെരുവുനായ്ക്കളെ പോറ്റി വളർത്തുന്നവർ. ഷാജി ഊരാളി, പി. ബി. സിമിത ദമ്പതികൾക്കു തെരുവ് നായ്ക്കളെന്നാൽ കുടുംബാംഗങ്ങൾ തന്നെയാണ്. 13 വർഷങ്ങൾക്ക് മുൻപ് ഇവരുടെ വീട്ടിലേക്കൊരു തെരുവുനായ് കയറി വന്നതു മുതൽ തുടങ്ങിയതാണിത്. കയറിവന്നവളെ സ്വന്തം മകളെ പോലെ വളർത്തി. വീട്ടിലുള്ള മറ്റൊരു നായ്ക്കൊപ്പം അതിഥിയായി വന്നവളെ ‘ബീപാത്തു’ എന്നു വിളിച്ചു ലാളിച്ചു.

ബീപാത്തു പിന്നീട് ഗ്രാമത്തിന്റെ കണ്ണിലുണ്ണിയായി. വീടുകളിൽ പാകം ചെയ്യുന്ന വിഭവങ്ങളിലൊരു പങ്ക് ബീപാത്തുവിനുള്ളതായി. ബീപാത്തുവിനെ കഴിഞ്ഞ 28ന് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത് ഊരാളി കുടുംബത്തിനു മാത്രമല്ല ഗ്രാമത്തിനു തന്നെ വേദനയായി. അവളുടെ ഓർമകൾ പങ്കു വയ്ക്കാൻ ഒരു ഗ്രാമം മുഴുവൻ ഒത്തുചേരുകയാണ്. പ്രദേശത്തെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ ‘ഗ്രാമണി’ യുടെ നേതൃത്വത്തിൽ നടുവട്ടത്തെ ഊരാളി വീട്ടുമുറ്റത്ത് ഇന്ന് വൈകിട്ട് മൂന്നിനാണ് പരിപാടി.

ചടങ്ങിൽ ‘മനുഷ്യരും മൃഗങ്ങളും’ എന്ന വിഷയത്തിൽ വന്യജീവി ഫൊട്ടോഗ്രഫർ എൻ. എ. നസീർ സംസാരിക്കും. തെരുവു നായ്ക്കളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രദേശത്തെ ബാലവേലായുധൻ, ശ്യാമള ദമ്പതികളെ ആദരിക്കും. ബീപാത്തുവിന്റെ ശിൽപം അനാഛാദനം ചെയ്യും. ചലച്ചിത്രപ്രദർശനം, നാടക അവതരണം എന്നിവ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com