ADVERTISEMENT

ചെർപ്പുളശ്ശേരി  ∙ കേരളത്തിന്റെ പൈതൃകവും അടയ്ക്കാപുത്തൂരിന്റെ സുകൃതവുമായ ചാനകത്ത് വീട് ജപ്പാനിൽ അതേപടി സൃഷ്ടിക്കപ്പെട്ടിട്ടു 33 വർഷം. അടയ്ക്കാപുത്തൂർ ഗ്രാമവും ഇവിടത്തെ ചായക്കടയും തപാൽ ഓഫിസും തപാൽപ്പെട്ടിയുമടക്കം തനിമ ചോരാതെ വീടിനു സമീപം ഇപ്പോഴുമുണ്ട്. ചാനകത്ത് വീടിന് ജപ്പാനിൽ എന്തു കാര്യം എന്ന ചോദ്യത്തിന് അവിടെ നയോഗ പട്ടണത്തിലെ ഇനുയാമ എന്ന സ്ഥലത്തെ ‘ദ് ലിറ്റിൽ വേൾഡ് മ്യൂസിയം ഓഫ് മാൻ’ എന്ന മ്യൂസിയം ഉത്തരം നൽകും. ചെത്തിത്തേക്കാത്ത ചെങ്കല്ലിൽ  നിർമിച്ച ഒന്നാന്തരം നാലുകെട്ടിനു നീളൻ വരാന്തയും പൂമുഖവും ഉണ്ട്.

ജപ്പാനിലെ നയോഗ പട്ടണത്തിലെ ഇനുയാമ എന്ന സ്ഥലത്തെ ‘ദ് ലിറ്റിൽ വേൾഡ് മ്യൂസിയം ഓഫ് മാൻ’ എന്ന മ്യൂസിയത്തിൽ നിർമിച്ച അടയ്ക്കാപുത്തൂരിലെ ചാനകത്ത് വീട്

തുളസിത്തറയും കുളവും കുളപ്പുരയും കിണറും എത്തവും എല്ലാം ഇടംപിടിച്ചിരിക്കുന്നു. പഴയ ശൈലിയിലുള്ള വീട്ടുപകരണങ്ങൾ തന്നെയാണു ജപ്പാൻ ചാനകത്ത് വീട്ടിലുള്ളത്. ചാരുകസേര, കട്ടിൽ, അലമാര, പൂജാമുറിയിലെ ചിത്രങ്ങൾ, അമ്മി, ആട്ടുകൽ, തൊപ്പിക്കുട തുടങ്ങിയവയിലെല്ലാം അടയ്ക്കാപുത്തൂർ മാതൃക പിന്തുടർന്നിട്ടുണ്ട്.  വീടിനു പുറത്ത് ഓടുമേഞ്ഞ ചായക്കടയുമുണ്ട്. പുട്ടും കടലയും ഇഡ്ഡലിയും ദോശയും കിട്ടും. ചായക്കടയ്ക്കു പുറത്തു പാലക്കാട്, മുണ്ടൂർ എന്നെഴുതിയ ദിശാബോർഡും ഉണ്ടെന്നു ജപ്പാനിലുണ്ടായിരുന്ന അടയ്ക്കാപുത്തൂർ സംസ്കൃതി പ്രവർത്തകൻ ജയൻ പറഞ്ഞു.

‘ദ് ലിറ്റിൽ വേൾഡ് മ്യൂസിയം ഓഫ് മാൻ’

ലോകത്തിലെ വൈവിധ്യമാർന്ന നരവംശ സംസ്കാരം പ്രദർശിപ്പിക്കുന്നതിനാണ് എക്സ്പോ നടന്ന 600 ഏക്കറോളം വരുന്ന പ്രദേശത്തു 1970ൽ ഈ തുറന്ന മ്യൂസിയം സ്ഥാപിച്ചത്. പിന്നീടു വിവിധ രാജ്യങ്ങളിലെ വീടുകൾ ഇവിടെ നിർമിച്ചു. ലിറ്റിൽ വേൾഡ് മ്യൂസിയത്തിൽ 33 വർഷത്തിനിടെ ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നായി ലക്ഷക്കണക്കിനുപേർ ചാനകത്ത് വീട് കണ്ടിട്ടുണ്ടെങ്കിലും അടയ്ക്കാപുത്തൂരിലെ ‘ഒറിജിനൽ’ ചാനകത്ത് വീട് അധികമാരും കണ്ടിട്ടുണ്ടാവില്ല എന്നതാണു വാസ്തവം.

‘ഒറിജിനൽ’ ചാനകത്ത് വീട് 

വെള്ളിനേഴി പഞ്ചായത്തിലെ അടയ്ക്കാപുത്തൂരിൽനിന്നു കല്ലുവഴി റോഡിലൂടെ 2 കിലോമീറ്റർ പോയാൽ ചാനകത്ത് വീടു കാണാം. 133 വർഷത്തെ പഴക്കമുണ്ടെങ്കിലും ഒരു കോട്ടവും സംഭവിച്ചിട്ടില്ല. മുൻഭാഗത്ത് പടിപ്പുരയും അതിന്റെ മുൻഭാഗത്തു ധന്വന്തരിക്ഷേത്രവും. ജലസമൃദ്ധമായി കുളവും കിണറും. വീടിനു ചുറ്റും 81ലധികം ഒൗഷധസസ്യങ്ങൾ, വിചിത്രമായ പക്ഷികൾ, ഒരു ഭാഗത്ത് നെൽവയൽ. എല്ലാംകൊണ്ടും പ്രകൃതിയിൽ അലിഞ്ഞുചേർന്ന വീട്.

ജപ്പാനിലേക്ക്

1984ൽ ജപ്പാനിലെ തക്കഹാഷി എന്ന എൻജിനീയർ അടയ്ക്കാപുത്തൂരിൽ എത്തിയതോടെയാണു ചാനകത്ത് വീട് സൃഷ്ടിക്കാനുള്ള ശ്രമം ആരംഭിച്ചത്. ലിറ്റിൽ വേൾഡ് മ്യൂസിയത്തിന്റെ ചുമതലയുള്ള എൻജിനീയർ കൂടിയായിരുന്നു തക്കഹാഷി. ചാനകത്ത് വീട്ടിലെ അന്നത്തെ അവകാശി കു‍ഞ്ഞിലക്ഷ്മിഅമ്മ ആയിരുന്നു. കേരളത്തിലെ പല നാലുകെട്ടുകളും തക്കഹാഷിയും സംഘവും കണ്ടെങ്കിലും ചാനകത്ത് വീടാണ് ഇഷ്ടപ്പെട്ടത്. വാസ്തുശാസ്ത്രം അക്ഷരംപ്രതി പാലിച്ചു നിർമിച്ച വീട് എന്ന കാരണവും ഇതിനു പിന്നിലുണ്ടായിരുന്നു.

1986 ആയപ്പോഴേക്കും ചെങ്കല്ലുകളും ഇല്ലിയും മുറ്റത്തെ മണ്ണുംവരെ അടയ്ക്കാപുത്തൂരിൽനിന്നും പരിസരത്തുനിന്നുമായി ശേഖരിച്ച് ഒരു കപ്പലിൽ ജപ്പാനിലെത്തിച്ചു. അടയ്ക്കാപുത്തൂരിനടുത്തുള്ള പൂതക്കാട് കണ്ണാവ് എന്ന സ്ഥലത്തുനിന്നാണു ചെങ്കല്ല് വെട്ടിയെടുത്തത്.  ഇത് ഇവിടെതന്നെയുള്ള തോട്ടിലെ വെള്ളത്തിൽ കുതിർത്തിയാണു ചെത്തി പാകപ്പെടുത്തിയതെന്നു ചാനകത്ത് വീട്ടിലെ പിന്മുറക്കാരായ ബെംഗളൂരുവിലുള്ള ഭാസ്കരനും പാലക്കാട് ഉള്ള ഉഷാദേവിയും പറഞ്ഞു. 1987 പിന്നിട്ടപ്പോഴേക്കും മ്യൂസിയത്തിൽ ചാനകത്ത് വീട് യാഥാർഥ്യമാക്കി.

2002ൽ ചെന്നൈയിലുള്ള കേണൽ രാജശേഖരമേനോൻ കുഞ്ഞിലക്ഷ്മിഅമ്മയിൽനിന്നു ചാനകത്ത് വീട് സ്വന്തമാക്കി. 14 വർഷം വീട് അതേപടി പരിപാലിച്ച അദ്ദേഹം വീടിനു ചുറ്റും ഔഷധസസ്യങ്ങൾ വച്ചുപിടിപ്പിച്ചു. വീടിനു ‘വാത്സല്യം’ എന്ന പേരുമിട്ടു. 2016 മുതൽ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ.വി. ഹരിലാൽ നമ്പ്യാരാണു ചാനകത്ത് വീടിന്റെ അവകാശി. 133 വർഷമായിട്ടും, അവകാശികൾ മാറിയിട്ടും ചാനകത്ത് വീട് ഒരു കുഴപ്പവുമില്ലാതെ തിളങ്ങി നിൽക്കുന്നതിനു പിന്നിൽ വാസ്തുവിദ്യയുടെ മേന്മയാണെന്നു ഡോ. ഹരിലാൽ നമ്പ്യാർ പറഞ്ഞു. വീടിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുള്ള എല്ലാ ശ്രമവും ഡോക്ടർ നടത്തിയിട്ടുണ്ട്. കിണറിൽനിന്നു വെള്ളം ശേഖരിക്കാനുള്ള പഴയ കാലത്തെ ‘എത്തം’ നിർമിക്കാനുള്ള ശ്രമത്തിലാണിപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com