ADVERTISEMENT

പാലക്കാട് ∙ ഏറെ പ്രത്യേകതകളുള്ള പാലക്കാട് ജില്ലയുടെ കലക്ടറാകുന്നത് വലിയ ആഹ്ലാദമാണു നൽകുന്നതെന്നും നാട്ടുകാരുടെ പ്രതീക്ഷ പാലിക്കുമെന്നും പുതുതായി ചുമതലയേറ്റ കലക്ടർ മൃൺമയി ജോഷി ശശാങ്ക് ‘മനോരമ’യോടു പറഞ്ഞു. ജില്ലയുടെ നാൽപത്തിയാറാമതു കലക്ടറായാണ് ഇവർ ഇന്നലെ ചുമതലയേറ്റത്. ഏറെ സാധ്യതകളുള്ള ജില്ലയാണു പാലക്കാട്. കൃഷി, വ്യവസായം, വാണിജ്യം, ടൂറിസം, സംസ്കാരം തുടങ്ങി എല്ലാ മേഖലകളും സജീവം. ഇവയുമായി ബന്ധപ്പെട്ടു ചെറുതും വലുതുമായ ഒട്ടേറെ പദ്ധതികളും നടന്നുവരുന്നുണ്ട്. ഇതെല്ലാം കാര്യക്ഷമമായി നടപ്പാക്കുന്നതിനു നേതൃത്വം നൽകും.

മൃൺമയി ജോഷി ശശാങ്ക്.

പാലക്കാട് തനിക്ക് അന്യമല്ല. പരിശീലനത്തിന്റെ ഭാഗമായും വിവിധ തസ്തികകളിൽ ജോലി ചെയ്യുമ്പോഴും ഔദ്യോഗിക ആവശ്യങ്ങൾക്കു വന്നിട്ടുണ്ട്. അതിൽ പ്രധാനം ജലജീവൻ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ടാണ്. ജില്ലയിലെ വിവിധ മേഖലകളിലെ ശുദ്ധജലപ്രതിസന്ധി നേരിട്ടറിയാം. അവയെല്ലാം പരിഹരിക്കാ‍ൻ ആത്മാർഥമായ ഇടപെടലുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പ് പരാതികൾക്കിടയില്ലാത്തവണ്ണം നടത്തും. പട്ടികവിഭാഗക്കാരുടെ പദ്ധതികൾക്കു പ്രത്യേക ശ്രദ്ധ നൽകി നേതൃത്വം നൽകുമെന്നും അട്ടപ്പാടി ഉൾപ്പെടെയുള്ള മേഖലകൾക്കു പ്രത്യേക പരിഗണന നൽകുമെന്നും അവർ പറഞ്ഞു.

10 മണിയോടെ കലക്ടറേറ്റിലെത്തിയ മൃൺമയി ജോഷിയെ എഡിഎം ആർ.പി.സുരേഷ് സ്വീകരിച്ചു. തുടർന്നു കലക്ടർ ബാലമുരളിയിൽ നിന്നു ചുമതലയേറ്റു വാങ്ങി. പ്രധാന ഉദ്യോഗസ്ഥരുടെ യോഗത്തിൽ പങ്കെടുത്ത അവർ ഉത്തരവാദിത്തങ്ങൾ കാര്യക്ഷമമായി നടത്തണമെന്നും കോടതി നടപടികൾ, പൊതുജനങ്ങളെ ബാധിക്കുന്ന കാര്യങ്ങൾ എന്നിവയിൽ വൈകലുണ്ടാകരുതെന്നും ആവശ്യപ്പെട്ടു.

2013ൽ ഐഎഎസ് ലഭിച്ച മൃൺമയി ജോഷി ശശാങ്ക് മഹാരാഷ്ട്ര സ്വദേശിയാണ്. ജലനിധി എക്സിക്യൂട്ടിവ് ഡയറക്ടർ, ഭൂഗർഭജലവകുപ്പ് ഡയറക്ടർ, എറണാകുളം അസി.കലക്ടർ, കാസർഗോഡ് സബ് കലക്ടർ, കോഴിക്കോട് കോർപറേഷൻ സെക്രട്ടറി, ടൂറിസം വകുപ്പ് അഡീ.ഡയറക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിരുന്നു. ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നു പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നിയമത്തിലും പൊളിറ്റിക്കൽ സയൻസിൽ ബിരുദവും നേടിയിട്ടുണ്ട്.

ബാലമുരളിയുടെ കുറിപ്പിലുണ്ട് പാലക്കാടിനോടുള്ള കരുതൽ

പാലക്കാട് ∙ കലക്ടറായി മൃൺമയി ജോഷി ശശാങ്ക് ചുമതലയേൽക്കുമ്പോൾ കൈമാറിക്കിട്ടിയ ഒട്ടേറെ ഫയലുകൾക്കൊപ്പം ഒരു കുറിപ്പും ഉണ്ടായിരുന്നു. താൻ ഏറെ താൽപര്യമെടുത്ത് ജില്ലയിൽ നടപ്പാക്കിവരുന്ന പദ്ധതികളെക്കുറിച്ചും അവയുടെ പൂർത്തീകരണത്തെക്കുറിച്ചും പുതിയ കലക്ടർക്കു മുൻ കലക്ടർ ഡി.ബാലമുരളി എഴുതിയ വ്യക്തിപരമായ കുറിപ്പ്. ഉദ്യോഗസ്ഥനെന്ന നിലയിൽ എത്രമാത്രം കരുതലോടെയാണ് അദ്ദേഹം ജില്ലയെ കൈകാര്യം ചെയ്തതെന്നു തെളിയിക്കുന്ന ഈ കുറിപ്പ് പുതിയ കലക്ടർക്കു വഴികാട്ടിയാകും.

വിവാദമോ ആക്ഷേപങ്ങളോ ഇല്ലാതെയാണ് ഡി.ബാലമുരളി സ്ഥാനമൊഴിയുന്നത്. ഉദ്ഘാടനങ്ങളോടും പൊതുപരിപാടികളോടും ‘നോ ’ പറയുകയും അതേസമയം, ഔദ്യോഗിക നടപടികൾക്കു പ്രധാന്യം നൽകുകയും ചെയ്തയാളായിരുന്നു സ്ഥാനമൊഴിഞ്ഞ കലക്ടർ ഡി.ബാലമുരളി. തഞ്ചാവൂരിലെ കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിനു കർഷക ജില്ലയോടു നല്ല മമതയുണ്ടായിരുന്നു.  2018, 2019 വർഷത്തെ പ്രളയം. കോവിഡ് മഹാമാരി, ലോക്സഭാ, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ, മാവോയിസ്റ്റ് വെടിവയ്പുമായി ബന്ധപ്പെട്ട നടപടികൾ തുടങ്ങി ഒട്ടേറെ ശ്രമകരമായ ജോലികൾ അദ്ദേഹം വിവാദമില്ലാതെ പൂർത്തിയാക്കി.

പൈപ്പ് ലൈൻ വഴി വീടുകളിൽ പാചകവാതകം എത്തിക്കുന്ന സിറ്റിഗ്യാസ് പദ്ധതി പ്രവർത്തനങ്ങൾ, പവർ ഗ്രിഡിനുള്ള നടപടികൾ, നെല്ലിയാമ്പതി മേഖലയിലെ പട്ടികവർഗ കുടുംബങ്ങളുടെ ഭൂമി കൈമാറ്റം, കൊച്ചി- സേലം പൈപ്പ്‌ലൈൻ നടപടി, പാലക്കാട്  ഐഐടി ക്യാംപസിനായി 504 ഏക്കർ  ഭൂമി ഏറ്റെടുപ്പ്, ഗവ.മെഡിക്കൽ കോളജ് മെയിൻ ബ്ലോക്ക് കെട്ടിട നിർമാണം എന്നിവ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു നടന്നത്. ലേബർ കമ്മിഷറായായി ചുമതലയേൽക്കുന്ന അദ്ദേഹത്തിന് കലക്ടറേറ്റിലെ ജീവനക്കാർ യാത്രയയപ്പു നൽകി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com