ADVERTISEMENT

കോയമ്പത്തൂർ ∙ അണ്ണാ ഡിഎംകെ ഭരണത്തിൽ തമിഴ്നാട്ടിൽ ക്രമ സമാധാന നില ഭദ്രമാണെന്നും ഡിഎംകെ ഭരണത്തിലെത്തുന്നത് ഭൂമി തട്ടിയെടുക്കാനും ജനങ്ങളെ കൊള്ളയടിക്കാനും കാരണമാകുമെന്നും മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി. നഗരത്തിൽ തിരഞ്ഞെടുപ്പു പ്രചാരണം നടത്തുകയായിരുന്നു പളനിസാമി. പത്തു വർഷത്തെ അണ്ണാ ഡിഎംകെ ഭരണത്തിൽ തമിഴ്നാട് ജാതിമത സ്പർധകളില്ലാത്ത ഇടമായി. എന്നാൽ ഡിഎംകെ ഭരണത്തിലെത്തിയാൽ കൊലപാതകങ്ങൾ, ഭൂമി പിടിച്ചെടുക്കൽ, കൊള്ള എന്നിവ വർധിക്കും. ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിൻ ഗ്രാമ പഞ്ചായത്ത് യോഗങ്ങളെന്ന പേരിൽ പാർട്ടി അംഗങ്ങളെ സംഘടിപ്പിച്ച് അണ്ണാ ഡിഎംകെ സർക്കാരിനെതിരെ ചോദ്യങ്ങൾ ചോദിക്കുകയാണ്. ദേവരായപുരത്തെ പഞ്ചായത്ത് യോഗത്തിൽ പരാതി ഉന്നയിച്ച ഒരു സ്ത്രീയെ സ്റ്റാലിൻ യോഗത്തിൽ നിന്നു പുറത്താക്കി. 

ഡിഎംകെ പ്രവർത്തകർ അവരെ കയ്യേറ്റം ചെയ്തു. നല്ലൊരു നേതാവ് ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് വേണ്ടത്.  ജയലളിതയെ വിമർശിക്കാൻ സ്റ്റാലിനു യാതൊരു അർഹതയുമില്ല. സ്റ്റാലിൻ ജനങ്ങൾക്കു ക്ഷേമം വാഗ്ദാനം ചെയ്യാതെ മന്ത്രിമാരെ വിമർശിച്ചു വോട്ടുകൾ നേടാനാണു ശ്രമിക്കുന്നത്.വരുന്ന തിരഞ്ഞെടുപ്പിനു ശേഷവും അണ്ണാ ഡിഎംകെ ഭരണമാണു ജനം ആഗ്രഹിക്കുന്നത്. ദൈവങ്ങളെ പോലെ ഞങ്ങളിൽ ജീവിക്കുന്ന എംജിആറും അമ്മയുമാണ് ഞങ്ങളെ നയിക്കുന്നത്. ജനങ്ങൾക്കു വേണ്ടി ജീവിച്ചു മരണ ശേഷവും ജന മനസ്സുകളിൽ ജീവിക്കുന്ന നേതാക്കളുണ്ട്. എന്നാൽ അന്തരിച്ച ഡിഎംകെ നേതാവ് സ്വന്തം കുടുംബത്തിനായാണു ജീവിച്ചത്. അദ്ദേഹം ജനങ്ങൾക്കായി ജീവിച്ച നേതാവല്ല.കഴിഞ്ഞ നാലു വർഷത്തിനിടെ അണ്ണാ ഡിഎംകെ സർക്കാർ 50 വർഷത്തെ നേട്ടങ്ങളാണു കൊണ്ടുവന്നത്. കോവിഡ് വ്യാപന വേളയിൽ 60,000 കോടി രൂപ ചെലവിൽ 74 ഫാക്ടറികൾ സ്ഥാപിച്ചു. ഇതിലൂടെ 1.25 ലക്ഷം പേർക്കു ജോലി ലഭിച്ചു. വൈദ്യുതി ക്ഷാമം പരിഹരിച്ചു. വ്യവസായ രംഗത്ത് തമിഴ്നാട് വൻ മുന്നേറ്റമാണ് നടത്തുന്നത്. 

13 ഡിഎംകെ നേതാക്കൾ അഴിമതി കേസുകളിൽ കോടതികൾ കയറിയിറങ്ങുകയാണ്. പൊങ്കൽ ആഘോഷിക്കാൻ സർക്കാർ ജനങ്ങൾക്ക് 2,500 രൂപ വീതം നൽകിയപ്പോൾ അതു തടയാൻ സ്റ്റാലിൻ കോടതിയെ സമീപിച്ചതായി പളനിസാമി ആരോപിച്ചു. വെള്ളിയാഴ്ച രാത്രി നഗരത്തിലെത്തിയ മുഖ്യമന്ത്രി ഇന്നലെ രാവിലെ കോനിയമ്മൻ കോവിലിൽ ദർശനം നടത്തിയ ശേഷം രാജാസ്ട്രീറ്റിലെ തേരുമുട്ടിയിൽ നിന്നാണ് പ്രചാരണം തുടങ്ങിയത്. പ്രചാരണം ഇന്നും തുടരും.

ആനമല–നല്ലാർ പദ്ധതി:പിണറായിയുമായി ചർച്ച നടത്തിയെന്ന് എടപ്പാടി

ആനമല -നല്ലാർ പദ്ധതി പൂർത്തീകരിക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തിയെന്നും പദ്ധതി ഉടൻ നടപ്പിലാകുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസാമി.തിരുവള്ളുവർ തിഡലിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആനമല - നല്ലാർ പദ്ധതി പൂർത്തിയാകുന്നതോടെ കർഷകരുടെ ദുരിതത്തിനു പരിഹാരമാകുമെന്നും കർഷകരുടെ ഉന്നമനത്തിനായി ഒട്ടേറെ പദ്ധതികൾ എഐഎഡിഎംകെ സർക്കാർ നടപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.വിവാദമായ പീഡന കേസിൽ ഡപ്യൂട്ടി സ്പീക്കർ വി. ജയരാമന്റെ മകനെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അധികാര മോഹം കൊണ്ടാണെന്നും സ്ത്രീ സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്ന സർക്കാരാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് ആനമല മാശാണിയമ്മൻ ക്ഷേത്രത്തിൽ

ദർശനത്തിന് ശേഷം ആനമല റൗണ്ടാനയിലും നാമുചുങ്കത്തിലും നടന്ന പ്രചാരണ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുത്തു.നൂറുകണക്കിനു പ്രവർത്തകരാണു പരിപാടിയിൽ പങ്കെടുത്തത്. മന്ത്രി എസ്.പി. വേലുമണി, വി. ജയരാമൻ എംഎൽഎ , നഗരസഭാ ചെയർമാൻ വി. കൃഷ്ണകുമാർ തുടങ്ങിയവർ പ്രചാരണ പരിപാടിയിൽ പങ്കെടുത്തു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com