ADVERTISEMENT

കൊല്ലങ്കോട് ∙ വാളയാർ മലബാർ സിമന്റ്സ് കമ്പനി സെക്രട്ടറിയായിരുന്ന വി.ശശീന്ദ്രന്റെയും 2 മക്കളുടെയും ദുരൂഹ മരണത്തിന് ഇന്ന് ഒരു പതിറ്റാണ്ട്. 2011 ജനുവരി 24നാണു പുതുശ്ശേരി കുരുടിക്കാട്ടെ വീട്ടിൽ വി.ശശീന്ദ്രൻ(46), മക്കളായ വിവേക്(10) വ്യാസ്(8) എന്നിവരെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മലബാർ സിമന്റ്സുമായി ബന്ധപ്പെട്ടു നടന്ന അഴിമതി കേസുകളിലെ പ്രധാന സാക്ഷിയെന്നു വിലയിരുത്തപ്പെട്ടിരുന്ന സാഹചര്യത്തിൽ നടന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണം ഒട്ടേറെ ചോദ്യങ്ങളും സംശയങ്ങളും ഉയർത്തിയിരുന്നു. കമ്പനിയിലെ സമ്മർദങ്ങളെ തുടർന്നാണു 2010 സെപ്തംബർ 6നു കമ്പനി സെക്രട്ടറി സ്ഥാനം ശശീന്ദ്രൻ രാജി വച്ചത് എന്നതും മരണത്തെ സംബന്ധിച്ച കൂടുതൽ സംശയങ്ങൾക്കു കാരണമായി.

ശശീന്ദ്രന്റെ പിതാവ് കെ.വേലായുധൻ, സഹോദരൻ ഡോ.വി.സനൽകുമാർ എന്നിവരുൾപ്പെട്ടു പി.സി.ജോർജ് ചെയർമാനായി ആക്‌ഷൻ കൗൺസിൽ രൂപീകരിക്കുകയും മരണത്തിനു പിന്നിലുള്ള ദുരൂഹത പുറത്തു കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു സെക്രട്ടറിയേറ്റ്, കലക്ടറേറ്റ് എന്നിവിടങ്ങളിൽ സമരങ്ങൾ നടത്തുകയും ചെയ്തു. പൊലീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ചു ശശീന്ദ്രന്റെ ഭാര്യ ടീന, പിതാവും റിട്ട.അധ്യാപകനുമായ കെ.വേലായുധൻ എന്നിവർ നൽകിയ ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണം സിബിഐക്കു വിട്ടു. സിബിഐ സമർപ്പിച്ച ആദ്യ കുറ്റപത്രത്തിൽ ആത്മഹത്യയാണെന്നു ചൂണ്ടിക്കാണിച്ചതു കോടതി തള്ളിയെങ്കിലും 2014 സെപ്തംബർ രണ്ടാമതു നൽകിയ കുറ്റപത്രത്തിലും ശശീന്ദ്രന്റെയും മക്കളുടെയും മരണം ആത്മഹത്യയാണെന്ന നിലപാടിൽ തന്നെയായിരുന്നു സിബിഐ.

എന്നാൽ സിബിഐയുടെ കണ്ടെത്തലുകൾ ശരിയല്ലെന്നു ചൂണ്ടിക്കാണിച്ചു 2015ൽ വീണ്ടും ഹൈക്കോടതിയിൽ നൽകിയ ഹർജി തീർപ്പാക്കിയിട്ടില്ല. തീരുമാനം വൈകുന്നതിനെതിരെ രാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവർക്കു കുടുംബം കത്തയച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ടുള്ള പലരും വിവിധ ഘട്ടങ്ങളിൽ മരിച്ചു. നിയമ പോരാട്ടത്തിനിറങ്ങിയ ഭാര്യ ടീന 2018 ജൂലായ് 14നു കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചു. ഇവരുടെ മരണത്തിലും ദുരൂഹതയുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. കൂടാതെ മലബാർ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ട നിർണായകമായ ഫയലുകൾ ഹൈക്കോടതിയിൽ നിന്നു കാണാതായതും ചർച്ച ചെയ്യപ്പെട്ടു.

2012ൽ ശശീന്ദ്രന്റെ പിതാവ് കെ.വേലായുധനും ആക്‌ഷൻ കൗൺസിൽ വൈസ് ചെയർമാൻ ജോയ് കൈതാരത്തും നൽകിയ ഹർജികളിലെ രേഖകളാണു കാണാതായത്. മകന്റെയും പേരക്കുട്ടികളുടെയും മരണത്തിലെ ദുരൂഹത അകറ്റാനായി നിയമ പോരാട്ടം നടത്തിയ പിതാവ് കെ.വേലായുധൻ 2020 ഒക്ടോബർ 1നു നീതിക്കായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചു ലോകത്തോടു വിട പറഞ്ഞിരുന്നു. ശശീന്ദ്രന്റെയും മക്കളുടെയും മരണവുമായും മലബാർ സിമന്റ്സ് അഴിമതിയുമായി ബന്ധപ്പെട്ടുമുള്ള കോടതിയിലെ ഹർജികളിൽ വേഗത്തിൽ തീർപ്പ് ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും ശശീന്ദ്രന്റെ സഹോദരൻ ഡോ.വി.സനൽകുമാർ ജനുവരി 8ന് കത്തെഴുതിയിട്ടുണ്ട്.

അനുസ്മരണവുംജനകീയ വിചാരണയും ഇന്ന്

വി.ശശീന്ദ്രന്റെയും 2 മക്കളുടെയും ദുരൂഹ മരണത്തിൽ നീതി നിഷേധിക്കപ്പെടുന്നതിനെതിരെയും മലബാർ സിമന്റ്സ് അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു രൂപീകരിച്ച ആക്‌ഷൻ കൗൺസിൽ ഇന്നു ജനകീയ വിചാരണാ സമരത്തിനു തുടക്കം കുറിക്കുന്നു. ശശീന്ദ്രന്റെ കുടുംബത്തിനു തുടരെ നീതി സമൂഹ മന:സാക്ഷി ഉണർത്തുകയാണു ലക്ഷ്യം. ഇന്നു ഉച്ചയ്ക്കു 2 മണിക്കു ശശീന്ദ്രന്റെ ജന്മനാടായ നെന്മേനിയിൽ അനുസ്മരണവും വൈകിട്ടു 5 നു ജനകീയ വിചാരണാ സമ്മേളനവും നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com