ADVERTISEMENT

വാളയാർ ∙ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ കയറ്റുന്നതിനെ ചൊല്ലി കെഎസ്ആർടിസി–സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കം താൽകാലികമായി പരിഹരിച്ചെങ്കിലും യാത്രക്കാരുടെ ദുരിതം അവസാനിക്കുന്നില്ല. കെഎസ്ആർടിസി ജീവനക്കാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജില്ലാ പൊലീസ് മേധാവിക്കും തമിഴ്നാട് പൊലീസിനും പരാതി നൽകിയിരുന്നു. 

ഇതേ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ ചാവടിയിൽ സുരക്ഷയൊരുക്കിയിട്ടുണ്ട്. സ്വകാര്യ ബസുകൾ റോഡിന് കുറുകേയിട്ട് യാത്രക്കാരെ കയറ്റുന്നതും വിലക്കി. കെഎസ്ആർടിസിയും സ്വകാര്യ ബസുകളും രണ്ടിടങ്ങളിലായി പാർക്ക് ചെയ്യാനും നിർദേശിച്ചിട്ടുണ്ട്. ഇതോടെയാണ് തർക്കം പരിഹരിക്കപ്പെട്ടത്. എന്നാൽ യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാൻ താൽകാലികമായി പോലും സൗകര്യമൊരുക്കിയിട്ടില്ല.

കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവർ ദേശീയപാതയോരത്ത് ഇരുന്നും നിന്നുമാണ് ബസ് കാത്ത് നിൽക്കുന്നത്. ഇവിടെ ശുചിമുറി പോലും ഇല്ല. ഇതോടൊപ്പം സാമൂഹിക വിരുദ്ധരുടെ ശല്യവുമുണ്ട്. ബസ് കാത്തു നിൽക്കുന്നയിടത്തിന്റെ പിൻവശം ഡാം ആണ്. ഇവിടെ ഒരു തരത്തിലുള്ള സുരക്ഷയില്ലാതെയാണ് ബസ് കാത്തു നിൽക്കേണ്ടതെന്ന് യാത്രക്കാർ പറയുന്നു. 

സന്ധ്യയായാൽ മൊബൈൽ വെളിച്ചവും വാഹന വെളിച്ചവും മാത്രമാണ് ആശ്രയം. കെഎസ്ആർടിസിയിലെ സ്ത്രീ ജീവനക്കാരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്. 9 മണി വരെ സർവീസുള്ളതിനാൽ സന്ധ്യയായാൽ പേടിച്ച് വിറച്ചാണ് പലരും ജോലി ചെയ്യുന്നത്. കേരള അതിർത്തിയിലേക്ക് തമിഴ്നാട് സർക്കാർ ബസുകൾ കയറിവരാൻ മടിക്കുന്നതാണ് പ്രധാന പ്രശ്നം. വാളയാറിൽ ബസ് കാത്തിരിപ്പ് കേന്ദ്രവും ശുചിമുറി സൗകര്യവും ഉണ്ട്. ഇപ്പോൾ കെഎസ്ആർടിസിക്ക് 16 സർവീസുകളുണ്ട്. തിരക്കുള്ള ദിവസങ്ങളിൽ അധിക സർവീസുകൾക്ക് അനുവദിക്കും. കെഎസ്ആർടിസിയുടെ അഭാവത്തിൽ തമിഴ്നാട് സർക്കാർ ബസുകൾ കൊള്ളലാഭമാണ് കൊയ്യുന്നത്. ഫെബ്രുവരി ഒന്നു മുതൽ തമിഴ്നാട്ടിലേക്ക് സർവീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com