ADVERTISEMENT

പാലക്കാട് ∙ രാജ്യാന്തര ചലച്ചിത്രമേളയുടെ പാലക്കാടൻ പതിപ്പ് നാളെ സമാപിക്കും. ഫെബ്രുവരി 10നു തിരുവനന്തപുരത്ത് ആരംഭിച്ച മേളയാണ് കൊച്ചി, കണ്ണൂർ പതിപ്പുകൾക്കു ശേഷം പാലക്കാട് സമാപിക്കുന്നത്. കാൽ നൂറ്റാണ്ടിന്റെ ചരിത്രത്തിൽ ആദ്യമായാണു നാലിടങ്ങളിൽ മേള നടത്തി യത്. ലോക സിനിമകൾക്കൊപ്പം മലയാള സിനിമകളും മേളയിൽ വിസ്മയമൊരുക്കുന്നു. ‘ചുരുളി’യും ‘ഹാസ്യ’വുമായിരുന്നു ഇത്തവണ മത്സര ചിത്രങ്ങളിലെ മലയാള സാന്നിധ്യങ്ങൾ. ബിരിയാണി, വാസന്തി, അറ്റൻഷൻ പ്ലീസ്, മ്യൂസിക്കൽ ചെയർ, ഗ്രാമവൃക്ഷത്തിലെ കുയിൽ തുടങ്ങിയ മലയാള ചിത്രങ്ങൾ ഹൗസ് ഫുൾ ആയിരുന്നു. 

പ്രേക്ഷകപ്രീതി നേടി ‘ഹാസ്യം’  

മൃതശരീരങ്ങളുടെ ഏജന്റിന്റെ ജീവിതം കറുത്ത ഹാസ്യമാക്കി അവതരിപ്പിച്ച സംവിധായകൻ ജയരാജിന്റെ ‘ഹാസ്യം’ സിനിമ ശ്രദ്ധേയമായി. ജയരാജിന്റെ നവരസ സിനിമാ പരമ്പരയിൽ എട്ടാമത്തേതാണു ‘ഹാസ്യം’. ബ്ലാക്ക് ഹ്യൂമർ കൊണ്ടാണു ചിത്രം കയ്യടി നേടുന്നത്. സിനിമകളിൽ വസ്ത്രാലങ്കാര വിഭാഗം കൈകാര്യം ചെയ്യുന്ന ജയരാജിന്റെ ഭാര്യ സബിത ജയരാജ് ആദ്യമായി പ്രധാന കഥാപാത്രമായെത്തുന്നു. മെഡിക്കൽ കോളജ് വിദ്യാർഥികൾക്കു പഠിക്കാനുള്ള മൃതദേഹം എത്തിക്കുന്ന ഏജന്റായ ജപ്പാൻ എന്ന കഥാപാത്രത്തെ നടൻ ഹരിശ്രീ അശോകൻ മനോഹരമാക്കിയിരിക്കുന്നു.

വിനോദ് ഇല്ലമ്പള്ളിയാണു ഛായാഗ്രാഹകൻ.  ടുണീഷ്യൻ എഴുത്തുകാരിയും സംവിധായകയുമായ കൗതർ ബെൻ ഹാനിയ സംവിധാനം ചെയ്ത ‘ദ് മാൻ ഹു സോൾഡ് ഹിസ് സ്കിൻ’ സിനിമയും പ്രക്ഷേകശ്രദ്ധ പിടിച്ചുപറ്റി. സാം അലി എന്ന സിറിയൻ യുവാവിന്റെ പ്രണയവും പലായനവുമാണു പ്രമേയം. യുദ്ധത്തിൽ നിന്നു രക്ഷനേടി  യൂറോപ്പിലേക്കു തന്റെ പ്രണയിനിക്കൊപ്പം കുടിയേറിയ സാം അലി പണത്തിനായി ശരീരം ടാറ്റൂ ആർട്ടിസ്റ്റിനു കാൻവാസായി നൽകുന്നതാണു ചിത്രം.

മേളയിൽ നാളെ 

പ്രിയ: രാവിലെ 9.30: ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസ്സറക്ഷൻ (മത്സര വിഭാഗം), 12: കോസ (മത്സര വിഭാഗം), 2.15: ബേഡ് വാച്ചിങ് (മത്സര വിഭാഗം), 6.30: മേളയുടെ സമാപന സമ്മേളനം.

പ്രിയതമ: 9: സാറ്റർഡേ ഫിക്ഷൻ (ലോക സിനിമ), 11.45: 200 മീറ്റേഴ്സ് (ലോക സിനിമ), 2:  ഫോറെവർ മൊസാർട്ട് (ജീൻ ലുക്ക് ഗൊദാർദ്),  4: ഡിയർ കോമ്രേഡ്സ് (ലോക സിനിമ), 6.30: സ്റ്റാർസ് എവൈറ്റ്സ് അസ് (ലോക സിനിമ). 

പ്രിയദർശിനി: 10: ബിരിയാണി (കാലിഡോസ്കോപ്പ്) 12.15: 1956 മധ്യതിരുവിതാംകൂർ (കാലിഡോസ്കോപ്പ്), 2.30: വാസന്തി (കാലിഡോസ്കോപ്പ്), 5: ദി വേസ്റ്റ് ലാൻഡ് (ലോകസിനിമ).

ശ്രീ ദേവി ദുർഗ: 9.30: സേത്തുമാൻ (ഇന്ത്യൻ സിനിമ ഇന്ന് ), 12.30: ലവ് (മലയാളം സിനിമ ഇന്ന്), 3: സന്തോഷത്തിന്റെ ഒന്നാം രഹസ്യം (മലയാളം സിനിമ ഇന്ന് ), 5.15:  സ്ഥൽപുരാൻ (മത്സര വിഭാഗം), 7.15: കപ്പേള (മലയാളം സിനിമ ഇന്ന്)

സത്യാ മൂവി ഹൗസ്: 9.15: ദ് വുമൺ ഹു റാൻ (ലോക സിനിമ), 11.30: ദ് നെയിംസ്  ഓഫ് ദ് ഫ്ലവേഴ്‌സ് (മത്സര വിഭാഗം), 1.45: ബിലേസ്വർ (മത്സര വിഭാഗം), 4.15: ഡെസ്റ്ററോ ( മത്സര വിഭാഗം)

പുസ്തക പ്രകാശനം ഇന്ന്

മലയാള സിനിമയുടെ നവതിയോടനുബന്ധിച്ചു ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന ‘അഴിഞ്ഞാട്ടങ്ങൾ, വിശുദ്ധ പാപങ്ങൾ; പെണ്ണും മലയാള സിനിമയും' എന്ന പുസ്തകം ഇന്നു വൈകിട്ട് 5നു പ്രിയദർശിനി തിയറ്റർ കോംപ്ലക്സിൽ പ്രകാശനം ചെയ്യും. ഡോ.മുഹമ്മദ് റാഫിയാണു പുസ്തകം രചിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com