ADVERTISEMENT

ചിറ്റൂർ ∙ ഗൗതമിന്റെ കുതിരഫാമിൽ കുസൃതികളുമായി ഓടിനടക്കുകയാണ് കൊച്ചുകുതിരക്കുട്ടി. തത്തമംഗലം അങ്ങാടി വേലയോടനുബന്ധിച്ച് വാടകയ്ക്കു കൊടുക്കാനും വിൽപന നടത്താനുമായി കുതിരകളെ വാങ്ങാനാണ് ആഴ്ചകൾക്കു മുൻപ് ഗൗതം രാജസ്ഥാനിലേക്കു പോയത്. അവിടെനിന്നു കുറച്ചു കുതിരകളെ വാങ്ങി. ലോറിയിൽ നിറയ്ക്കാൻ കുറച്ചു കുതിരകൾകൂടി വേണമെന്നതിനാൽ വാങ്ങിയ കുതിരകളെ ആഗ്രയിലുള്ള സുഹൃത്തിന്റെ ഫാമിലെത്തിച്ചു. വീണ്ടും കുറച്ചു കുതിരകളെ കൂടി വാങ്ങി നാട്ടിലേക്കു മടങ്ങാനിരിക്കെയാണ് അതിൽ ബ്ലാക്കി എന്നു വിളിപ്പേരുള്ള കുതിര പെൺകുഞ്ഞിനു ജന്മംനൽകിയത്. പിന്നെ കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് തത്തമംഗലത്തെ ഫാമിൽ എത്തിച്ചത്. ഇപ്പോൾ കുതിരക്കുട്ടിയെ കാണാൻ ഒട്ടേറെ ആളുകൾ ഫാമിലെത്തുന്നുണ്ട്.

തത്തമംഗലം അരംഗത്തു താമസിക്കുന്ന കെ.കാർത്തികേയന് കുതിരക്കമ്പം തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പട്ടാളക്കാരനായ കാർത്തികേയൻ 1995ൽ വിരമിച്ച ശേഷം അരംഗം റോഡിൽ ഫാം തുടങ്ങുകയായിരുന്നു. ഫാമിൽ കുതിരകൾ മാത്രമല്ല, ഒട്ടകങ്ങളുമുണ്ടായിരുന്നു. ഇപ്പോൾ ഫാമിന്റെ മേൽനോട്ട ചുമതല മകൻ ഗൗതമിനാണ് (27). ഗൗതം എംബിഎ കഴിഞ്ഞിട്ട് 5 വർഷമായി. ചെറുപ്പം മുതൽ തന്നെ കുതിരക്കമ്പമുള്ളതിനാൽ പഠനത്തിനു ശേഷം മുഴുവൻ സമയവും ഫാമിൽതന്നെയാണ്.

പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നാണു കുതിരകളെ വാങ്ങുന്നത്. 10,000 മുതൽ ഒന്നര ലക്ഷം രൂപ വരെ വിലയുള്ള കുതിരകൾ ഈ ഫാമിലെത്തിച്ചിട്ടുണ്ട്. നിലവിൽ 16 എണ്ണമുണ്ട്. വിൽപനയും വാടകയ്ക്കു നൽകലുമുണ്ട്. ഇപ്പോൾ പ്രസവിച്ച കുതിരയെയും കുട്ടിയെയും വേലയോടനുബന്ധിച്ചുള്ള കുതിരയോട്ടത്തിൽ പങ്കെടുപ്പിക്കില്ലെന്നു ഗൗതം പറഞ്ഞു. 

മാർവാർ, കത്യവാർ, സിന്ധി, ഇംഗ്ലിഷ് ബ്രീഡ്, പോണി ഇനങ്ങളിൽപ്പെട്ട കുതിരകളാണു ഗൗതമിന്റെ ഫാമിലുള്ളത്. ദക്ഷിണേന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിൽനിന്നും കുതിരകളെ വാങ്ങാനായി ആളുകൾ തത്തമംഗലത്തെ ഫാമിലെത്താറുണ്ട്. കൂടാതെ വിവാഹം, ഉത്സവം തുടങ്ങി വിവിധ പരിപാടികൾക്കുള്ള കുതിരകളെ കെട്ടിയ രഥങ്ങളും ഇവിടെ വാടകയ്ക്കു ലഭ്യമാണ്. കുതിരക്കമ്പമുള്ള സമീപവാസികളായ യുവാക്കൾക്കു പരിശീലനം നൽകിക്കൊണ്ട് തുടക്കമിട്ട കെവല്ലോ റൈഡിങ് ക്ലബ്ബിന്റെ ഉടമയുമാണു ഗൗതം. 

ഇപ്പോൾ ഒട്ടേറെ ആളുകൾ ഇവിടെ പരിശീലനത്തിനെത്താറുണ്ട്. തത്തമംഗലം അരംഗം പ്രദേശത്തെ ഒട്ടുമിക്ക വീടുകളിലെയും ആളുകൾക്ക് ഇന്ന് കുതിരകളെ ഓടിക്കാനാറിയാം. അങ്ങാടി വേലയോടനുബന്ധിച്ച് അറുപതോളം കുതിരകൾ അരംഗം പ്രദേശത്തെ വീടുകളിലെത്തിച്ചിട്ടുണ്ട്. വേലയ്ക്കു ശേഷം ഇവിടെനിന്നു കുതിരകളെ പറയുന്ന വിലയ്ക്കു വാങ്ങാൻ ആളുകളെത്തുന്നതും പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com