ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ കോവിഡ് വാക്സീൻ ക്ഷാമത്തെത്തുടർന്നു പലയിടത്തും പ്രതിരോധ കുത്തിവയ്പു മുടങ്ങി. കുത്തിവയ്പ് നടത്തിയ ഇടങ്ങളിൽ എണ്ണം നിയന്ത്രിക്കേണ്ടിവന്നു. പാലക്കാടിന് അനുവദിച്ച 5000 ഡോസ് കോവിഡ് വാക്സീൻ അവസാന നിമിഷം എറണാകുളത്തേക്ക് നൽകിയതാണു ക്ഷാമം രൂക്ഷമാകാൻ കാരണം. പകരം 5000 ഡോസ് കോവാക്സീൻ ലഭ്യമാക്കാമെന്ന് അധികൃതർ അറിയിച്ചെങ്കിലും ഇതിൽ നിന്നു രണ്ടാം ഡോസ് കൂടി കരുതേണ്ടതിനാൽ നിരസിച്ചു.

നാളെ കൂടുതൽ കോവിഷീൽഡ് വാക്സീൻ എത്തിയാൽ മാത്രമേ പ്രതിരോധ കുത്തിവയ്പ് പുനരാരംഭിക്കാനാകൂ. ഇന്ന് അഗളി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ മാത്രമാണ് കോവിഡ് പ്രതിരോധ കുത്തിവയ്പ് ഏർപ്പെടുത്തിയിട്ടുള്ളത്.ക്ഷാമം അറിയാതെ ഒട്ടേറെപ്പേർ കുത്തിവയ്പു കേന്ദ്രങ്ങളിലെത്തി മടങ്ങേണ്ടിവന്നു. ജില്ലയിൽ വാക്സീന്റെ കുറവ് സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചതായി ജില്ലാ ആരോഗ്യവകുപ്പ് വ്യക്തമാക്കി.

348 പേർക്കു കൂടി കോവിഡ്

ജില്ലയിൽ 348 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 144 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ് ബാധ. 183 കേസുകളിൽ ഉറവിടം വ്യക്തമല്ല. 4 ആരോഗ്യ പ്രവർത്തകരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 17 പേരും കോവിഡ് ബാധിതരി‍ൽ ഉൾപ്പെടുന്നു. 61 പേർക്ക് രോഗമുക്തിയുണ്ട്. ചികിത്സയിലുള്ളവരുടെ എണ്ണം 2513 ആയി. പാലക്കാട് നഗരസഭാ പരിധിയിൽ മാത്രം ഇന്നലെ 65 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ജില്ലയിൽ രണ്ടു ദിവസമായി നടത്തിയ 1963 ആർടിപിസിആർ പരിശോധനയിൽ 75 പേർക്ക് കോവിഡ് പോസ്റ്റീവായി. വിവിധ കേന്ദ്രങ്ങളിലായാണു സൗജന്യ പരിശോധന നടന്നത്. 

രോഗവിവരം

ഷൊർണൂ‍ർ 25 പേർ, പുതുശ്ശേരി 12, അകത്തേത്തറ, ചിറ്റൂർ-തത്തമംഗലം 10 പേർ വീതം, ഒറ്റപ്പാലം 9, പുതുപ്പരിയാരം, വിളയൂർ 8 വീതം, അനങ്ങനടി, കൊടുവായൂർ, മുണ്ടൂർ, പിരായിരി 7 വീതം, അലനല്ലൂർ, മണ്ണാർക്കാട്, കോട്ടായി, നെന്മാറ 6 വീതം, അമ്പലപ്പാറ,എലപ്പുളളി, ലക്കിടി പേരൂർ, വാണിയംകുളം 5, കടമ്പഴിപ്പുറം, കണ്ണാടി, കോങ്ങാട്, കൊപ്പം, കോട്ടോപ്പാടം, കുലുക്കല്ലൂർ, മുതുതല, പട്ടിത്തറ, തരൂർ, വെള്ളിനേഴി 4, ആലത്തൂർ,അയിലൂർ, കിഴക്കഞ്ചേരി, നാഗലശ്ശേരി, പല്ലശ്ശന, പട്ടാമ്പി, പെരുമാട്ടി, പൊൽപ്പുള്ളി, തേങ്കുറുശ്ശി, തിരുമിറ്റക്കോട്, തിരുവേഗപ്പുറ, വടക്കഞ്ചേരി 3,ചളവറ, കാഞ്ഞിരപ്പുഴ, കപ്പൂർ, കരിമ്പ, കേരളശ്ശേരി, കൊല്ലങ്കോട്, കൊഴിഞ്ഞാമ്പാറ, കുമരംപുത്തൂർ, മങ്കര, മരുതറോഡ്, മേലാർകോട്, ഓങ്ങല്ലൂർ, പരുതൂർ, പട്ടഞ്ചേരി, പുതുനഗരം, തെങ്കര, വണ്ടാഴി 2, ചെർപ്പുളശ്ശേരി, എരിമയൂർ, കണ്ണമ്പ്ര, കാരാകുറുശ്ശി,കാവശ്ശേരി, കുത്തനൂർ, മലമ്പുഴ, മാത്തൂർ, മുതലമട, നല്ലേപ്പിള്ളി, പറളി, പെരിങ്ങോട്ടുകുറുശ്ശി, പെരുവെമ്പ്, ഷോളയൂർ, ശ്രീകൃഷ്ണപുരം, തച്ചമ്പാറ, തച്ചനാട്ടുകര, തൃത്താല, വടകരപ്പതി ഒരാൾ വീതം.

സിഎഫ്എൽടിസികൾ സജ്ജം

∙ കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ 6 സിഎഫ്എൽടിസികൾ (കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ) സജ്ജമെന്ന് നോഡൽ ഓഫിസർ ഡോ.മേരി ജ്യോതി വിത്സൺ.

∙ കഞ്ചിക്കോട് കിൻഫ്ര ∙ മാങ്ങോട് കേരള മെഡിക്കൽ കോളജ് ∙ പാലക്കാട് ജില്ലാ ആശുപത്രി ∙ ജില്ലാ വനിതാ ശിശു ആശുപത്രി ∙ ഒറ്റപ്പാലം താലൂക്ക് ആശുപത്രി ∙ മണ്ണാർക്കാട് താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലാണ് കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ.∙ പുറമേ ജില്ലാ ആശുപത്രിയിൽ 64 ഐസിയു കിടക്കകൾ, 29 വെന്റിലേറ്റർ ബെഡുകൾ എന്നിവയും സജ്ജം.∙ തീവ്ര രോഗബാധിതരായ ബി,സി വിഭാഗത്തിലുള്ളവരെയാണ് കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നത്.

രണ്ടാം ഡോസ് 16ന്

വിവിധ സർക്കാർ വകുപ്പുകളിലെ കോവിഡ് മുന്നണിപ്പോരാളികൾക്കുള്ള രണ്ടാം ഡോസ് കോവിഡ് വാക്സിനേഷൻ (കോവാക്സിൻ) 16നു പാലക്കാട് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടക്കും. ഒന്നാം ഡോസ് സ്വീകരിച്ചപ്പോൾ ലഭിച്ച ഫാക്ട് ഷീറ്റ്, തിരിച്ചറിയൽ രേഖ എന്നിവ കൊണ്ടുവരണം. ഇതുവരെ രണ്ടാം ഡോസ് എടുക്കാത്ത എല്ലാ കോവിഡ് മുന്നണിപ്പോരാളികളും അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.പി.റീത്ത അറിയിച്ചു.

ബസുകളിൽ ഇരുന്നുള്ളയാത്ര മാത്രം

കോവിഡ് വ്യാപന സാഹചര്യത്തിൽ കെഎസ്ആർടിസി, സ്വകാര്യ ബസുകളിൽ നിന്നുള്ള യാത്രയ്ക്കു നിരോധനം. ഇരുന്നു സഞ്ചരിക്കാവുന്ന യാത്രക്കാരെ മാത്രമേ ബസിൽ കയറ്റാവൂ എന്ന് റീജനൽ ട്രാൻസ്പോർട് ഓഫിസർ പി.ശിവകുമാർ, എൻഫോഴ്സ്മെന്റ് ആർടിഒ വി.എ.സഹദേവൻ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com