ADVERTISEMENT

കല്ലടിക്കോട്∙ വേനൽ മഴയ്ക്കിടെ ദേശീയപാതയിൽ നാടിനെ നടുക്കി വീണ്ടും അപകടപരമ്പര. കല്ലടിക്കോട്, കരിമ്പ പ്രദേശങ്ങളിലായി 5 വാഹനാപകടങ്ങളാണ് ഇന്നലെ മഴയ്ക്കിടയിലുണ്ടായത്. കഴിഞ്ഞ ദിവസം ദമ്പതികളുടെ ജീവനെടുത്ത അപകടമുണ്ടായ കരിമ്പ പനയംപാടം വളവിൽ ഇന്നലെ വൈകിട്ട് 5ന് 2 അപകടങ്ങളുണ്ടായി. 

ദേശീയപാതയിൽ അപകടം പതിവായ കരിമ്പ പനയംപാടം വളവ്.
ദേശീയപാതയിൽ അപകടം പതിവായ കരിമ്പ പനയംപാടം വളവ്.

കന്നുകാലികളെ കയറ്റി മണ്ണാർക്കാട് ഭാഗത്തേക്ക് പോകുന്ന ലോറിയും എതിരേവന്ന ലോറിയും ഇടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരുക്കേറ്റു. വാഹനത്തിൽ കുടുങ്ങിയ ഒരാളെ കാബിൻ പൊളിച്ചാണ് പുറത്തെടുത്തത്. ഇയാളുടെ നില അതീവ ഗുരുതരമാണ്. ലോറിയിൽ നിന്ന് പുക ഉയർന്ന് ആശങ്കയ്ക്ക് ഇടയാക്കി. 

കർണാടക, തമിഴ്നാട് റജിസ്ട്രേഷൻ ലോറികളാണ് അപകടത്തിൽപെട്ടത്. ഇതിന് സമീപത്തായി പിക്കപ് വാനും ലോറിയും ഇടക്കുറിശ്ശിയിൽ വാനും കാറും കല്ലടിക്കോട് പൊലീസ് സ്റ്റേഷന് മുന്നിൽ കാറും ലോറിയും അപകടത്തിൽപെട്ടു.

അപകടത്തുരുത്തായി പനയംപാടം വളവ്

കല്ലടിക്കോട്∙ മഴ പെയ്താൽ പനയംപാടം വളവ് അപകടകേന്ദ്രമാകുന്നു. കഴിഞ്ഞ 2 ആഴ്ചകൾക്കുള്ളിൽ പനയംപാടം വളവിൽ മാത്രം 8 അപകടങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ വിഷു ദിനത്തിലെ അപകടത്തിൽ ദമ്പതികളുടെ ജീവനും പൊലിഞ്ഞിരുന്നു. ഇറക്കവും വളവും ചേർന്നുവരുന്ന ഭാഗത്തെ അപാകതകളാണ് അപകടങ്ങളിലേക്ക് നയിക്കുന്നത് എന്നാണ് പരാതി. വാഹനങ്ങളും നിയന്ത്രണം കിട്ടാതെ മറിയുകയും മാറ്റു വാഹനങ്ങളിൽ ഇടിച്ചുമാണ് അപകടങ്ങൾ. 

തുടർച്ചയായി അപകടങ്ങളുണ്ടായിട്ടും പരിഹാര നടപടികൾ ഉണ്ടാകാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകടങ്ങളുടെ പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ 2 ആഴ്ചകൾക്കുള്ളിൽ ദേശീയപാതയിൽ കല്ലടിക്കോട്, കരിമ്പ, ഇടക്കുറുശ്ശി പ്രദേശങ്ങളിലായി 5 കിലോമീറ്ററിനുള്ളിൽ 22 ലേറെ വാഹനാപകടങ്ങളാണ് ഉണ്ടായത്. ഇതിൽ ഏറെ അപകടങ്ങളും മഴയ്ക്ക് ഇടയിലായിരുന്നു. അഴുക്കുചാലുകൾ ഇല്ലാത്തതും വളവുകളും ദൂര കാഴ്ച മറയ്ക്കുന്ന സാഹചര്യങ്ങളും അപകട കാരണങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com