ADVERTISEMENT

പാലക്കാട് ∙ കോവിഡ് ബാധിതർക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ജില്ലാ ആശുപത്രിയിൽ കൂടുതൽ വാർഡുകൾ കോവിഡ് ആശുപത്രി വിഭാഗത്തിലേക്കു മാറ്റി. ഇതേത്തുടർന്ന് കോവിഡ് ഇതര വിഭാഗത്തിൽ ചികിത്സാ നിയന്ത്രണം വേണ്ടിവരും. കോവിഡ് ഒന്നാം ഘട്ടത്തിന്റെ തീവ്രത കുറഞ്ഞതോടെ നേരത്തെ ഉപയോഗിച്ചിരുന്ന പല വാർഡുകളിലും കോവിഡ് ഇതര ചികിത്സാ വിഭാഗം പുനഃസ്ഥാപിച്ചിരുന്നു.

രണ്ടാം തരംഗത്തിൽ കോവിഡ് ആഞ്ഞടിച്ചതോടൊപ്പം വിദഗ്ധ ചികിത്സ വേണ്ടിവരുന്നവരുടെ എണ്ണവും കുതിച്ചുയർ‍ന്നു. ഇതോടെയാണ് കോവിഡ് ആശുപത്രി കൂടിയായ ജില്ലാ ഹോസ്പിറ്റലിൽ ഈ വിഭാഗത്തിൽ ചികിത്സാ സൗകര്യങ്ങൾ വികസിപ്പിക്കുന്നത്.  കോവിഡ് ഇതേ തീവ്രതയിൽ തുടർന്നാൽ ജില്ലാ ആശുപത്രിയിൽ വരും ദിവസങ്ങളിൽ തന്നെ ഇതര ചികിത്സകളിൽ കടുത്ത നിയന്ത്രണം വേണ്ടിവരും.

ഒപ്പം ആശുപത്രിയിലേക്ക് എത്തുന്നവരുടെ എണ്ണവും രോഗികളുടെ സഹായികളുടെ എണ്ണവും നിയന്ത്രിക്കും. ഇതു സംബന്ധിച്ച് അടുത്ത ദിവസം ആരോഗ്യവകുപ്പ് മാർഗ നിർദേശം പുറത്തിറക്കും. ഇതോടൊപ്പം ആവശ്യമെങ്കിൽ പാലക്കാട് ഗവ.മെഡിക്കൽ കോളജിലും സിഎഫ്എൽടിസി ഒരുക്കം. മാങ്ങോട് മെഡിക്കൽ കോളജിലും ചികിത്സാ സൗകര്യം വിപുലപ്പെടുത്താൻ നടപടി തുടങ്ങി. 

ഓക്സിജൻ 

ജില്ലയിൽ ഓക്സിജൻ ക്ഷാമത്തിന്റെ വക്കിലാണ്. ഇതേത്തുടർന്നു ജില്ലാ ആശുപത്രിയിൽ ലിക്വിഡ് ഓക്സിജൻ സംവിധാനം വിപുലീകരിച്ചു. കൂടുതൽ ഓക്സിജൻ പോയിന്റുകൾസ്ഥാപിച്ചു. 

റെക്കോ‍ർഡ് പരിശോധന

ജില്ലയിൽ കോവിഡ് പരിശോധനകളുടെ എണ്ണം കുത്തനെ ഉയർത്തി. ഇന്നലെ മാത്രം 8330 പേരെ പരിശോധിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.കെ.പി.റീത്ത അറിയിച്ചു. 

ആശുപത്രിയിൽ ജനക്കൂട്ടം വേണ്ട

കോവിഡ് തീവ്രവ്യാപന സാഹചര്യത്തിൽ ആശുപത്രിയിൽ ആൾക്കൂട്ടം വേണ്ടെന്ന് ആരോഗ്യവകുപ്പ്. രോഗികളുടെ സുഖവിവരം അന്വേഷിക്കാനുള്ള വരവ് വേണ്ട. രോഗിക്കൊപ്പം കൂട്ടിരിപ്പിന് ഒരാൾ മാത്രം. ആവശ്യമെങ്കിൽ മാത്രം ആശുപത്രിയിൽ എത്തുക. കഴിയുന്നതും ഫോൺ വഴി ചികിത്സാ ഉപദേശം തേടുക. വേവലാതിയുടെ പേരിൽ ആശുപത്രിയി‍ൽ എത്തേണ്ടതില്ല. ജില്ലാ ആശുപത്രി കോവിഡ് ആശുപത്രി കൂടിയാണ്. ഈ സാഹചര്യം മനസ്സിലാക്കി സ്വയം തിരക്കൊഴിവാക്കണം. കഴിയുന്നതും വീടിനു സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടുക. 

മാസ്കിടേണ്ടത് മുഖത്ത് 

കോവിഡ് പ്രതിരോധത്തിന് ഏറ്റവും ഫലപ്രദമായ മാർഗങ്ങളിൽ ഒന്നാണ് മാസ്ക് ധരിക്കലെങ്കിലും ഒട്ടേറെപ്പേർ അത് നിസ്സാരവൽക്കരിക്കുന്നു. 

∙ മാസ്ക് ശരിയായി ധരിക്കാത്തതാണു നിലവിലെ പ്രശ്നം. 
∙ പലരും മാസ്ക് കഴുത്തിലേക്കു താഴ്ത്തിവയ്ക്കുന്നു. 
∙ വായും മൂക്കും മൂടത്തക്ക വിധത്തിലാണു മാസ്ക് ധരിക്കേണ്ടത്. 

∙ സംസാരിക്കുമ്പോൾ മാസ്ക് താഴ്ത്തരുത്. 
∙ പൊതു സ്ഥലത്തേക്ക് ഇറങ്ങുമ്പോൾ മാസ്ക് നിർബന്ധം
∙ വീട്ടിനുള്ളിലും പരസ്പരം സംസാരിച്ചിരിക്കുമ്പോൾ സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും ആരോഗ്യകരം.

അത്യാവശ്യത്തിന് മാത്രം മതി യാത്ര

∙ കോവിഡ് കുതിച്ചുയരുന്നതിനാൽ യാത്രകൾ പരമാവധി വെട്ടിച്ചുരുക്കണമെന്ന് ആരോഗ്യവകുപ്പ് 
∙ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക 
∙ സന്ദർശന യാത്രകൾ മാറ്റിവയ്ക്കുക 

∙ 60 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിനു താഴെയുള്ളവരും കഴിയുന്നതും പുറത്തിറങ്ങരുത് 
∙ വീടിനടുത്തുള്ള കടകളിൽനിന്നു സാധനങ്ങൾ വാങ്ങുക 
∙ കൂട്ടം കൂടി നിൽക്കുന്ന സാഹചര്യം പാടില്ല. 

വാക്സിനേഷൻ ഇതുവരെ

ജില്ലയിൽ ആകെ ജനസംഖ്യ             :28,09,934
കോവിഡ് വാക്സീൻ സ്വീകരിച്ചവർ (ജനുവരി 16 മുതൽ ഏപ്രിൽ 17വരെ)  :3,97,041
ഇതിൽ ആദ്യ ഡോസ് സ്വീകരിച്ചവർ  :3,46,809
രണ്ടാം ഡോസ് സ്വീകരിച്ചവർ           :50,232
വാക്സീൻ സ്റ്റോക്ക്                       :13,000 ഡോസ്
കോവിഡ് പരിശോധന (ആന്റിജൻ, ആർടിപിസിആർ)(ഏപ്രിൽ 1–17)       :53,447
ഇതിൽ കോവിഡ് സ്ഥിരീകരിച്ചത‌്    :4864 പേർക്ക്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com