ADVERTISEMENT

ഷൊർണൂർ∙ അകാലത്തിൽ നിലച്ച കളിക്കളത്തിലെ ചടുല താളത്തിന് കണ്ണീരിൽ കുതിർന്ന യാത്രാ മൊഴി. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ കുഴഞ്ഞ് വീണു മരിച്ച ഫുട്ബോൾ താരം വാടാനാംകുറുശ്ശി എറളങ്ങാട്ടിൽ ബി.എസ്. സുനിലിന്റെ സംസ്കാര ചടങ്ങിൽ ഒരു കാലത്ത് കളിക്കളങ്ങളിൽ ആരവമായ സുഹൃത്തുക്കളും എത്തിയിരുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന സുനിൽ ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്.

സുനിൽ കളിക്കളത്തിൽ.

വാടാനാകുറുശ്ശിയിലെ സ്വകാര്യ ടർഫിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ജൂനിയർ സ്റ്റേറ്റ് ടീം,അണ്ടർ 20,ഷൊർണൂർ സോക്കർ സ്പോർട്ടിങ്, ചെർപ്പുളശ്ശേരി അൽമദീന,കോഴിക്കോട് ബ്ലാക്ക് ആൻഡ് വൈറ്റ്, അരീക്കോട് മെഡിഗോഡ് എന്നിവയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ജോപോൾ അഞ്ചേരിക്കൊപ്പം അണ്ടർ 20യിൽ തിളങ്ങിയ സുനിൽ രാജ്യത്തിന്റെ ഫുട്ബോൾ നായകൻ ഐ.എം. വിജയന്റെയും പ്രശംസ പിടിച്ചു പറ്റിയത് അതിവേഗത്തിലായിരുന്നു.

ദുബായിയിലും സൗദിയിലും ജോലിക്കിടെ പ്രാദേശിക ക്ലബുകളിലൂടെ അവിടത്തെ മൈതാനങ്ങളിലും ആരവമുയർത്തി മനസ്സിലെ ഫുട്ബോൾ സ്വപ്നങ്ങൾക്കൊപ്പം തന്നെ സുനിൽ സഞ്ചരിച്ചു. സെവൻസ് കാലത്ത് മികച്ച സ്റ്റോപ്പറായിരുന്നു സുനിൽ. അക്കാലത്ത് സെന്റർ ബേക്കായിരുന്ന വി.ബി. ഹരീഷ്ബാബു, സുഹ‌ൃത്തിനെ ഓർക്കുന്നത് അർഹിക്കുന്ന അവസരങ്ങൾ ലഭിക്കാതെ പോയ കളിക്കാരൻ എന്ന നിലയിൽ കൂടിയാണ്. 

സോക്കർ സ്പോർട്ടിങ്ങിന്റെ മാനേജർ കൂടിയായ പി.ക‌ൃഷ്ണൻകുട്ടി, കളിക്കളങ്ങളെ കയ്യിലെടുത്ത സുനിൽ മത്സരങ്ങളിലെ അവിഭാജ്യ ഘടകമായിരുന്നു എന്ന് ഓർത്തെടുക്കുന്നു. വിദേശത്ത് ജോലിക്ക് പോയപ്പോഴും ഐ.എം. വിജയനുമായുള്ള സൗഹൃദം സുനിൽ നിലനിർത്തി. ഫുട്ബോൾ രംഗത്തെ എൻ.ഡി. ദിൻഷാദ്, നഗരസഭ കൗൺസിലർ കൂടിയായ പി.ആർ. പ്രവീൺ,കെ.പി. രഘുനാഥ് തുടങ്ങിയവരും സുനിലിന്റെ ഓർമകൾ പങ്കുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com