ADVERTISEMENT

കൊല്ലങ്കോട് ∙ നെന്മാറ മണ്ഡലത്തിൽ വിദ്യാഭ്യാസ, കാർഷിക, വിനോദ സ‍ഞ്ചാര മേഖലയിൽ വികസനത്തിന്റെ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന പദ്ധതി നടപ്പാക്കുന്നതിനാവും പ്രഥമ പരിഗണനയെന്നു രണ്ടാം തവണയും നിയസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട കെ. ബാബു. കൊല്ലങ്കോട്ടു ‘മനോരമ’ ഒരുക്കിയ ‘ഹലോ എംഎൽഎ’ പരിപാടിയിൽ നെന്മാറയുടെ വികസന നയം വ്യക്തമാക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ പ്രഖ്യാപിച്ചിട്ടുള്ള കാർഷിക കോളജ്, മാംഗോ ഹബ് എന്നിവ പൂർത്തിയാക്കുന്നതിനൊപ്പം നെല്ലിയാമ്പതി ഉൾപ്പെടെയുള്ള മേഖലയുടെ വിനോദ സഞ്ചാര വികസനത്തിനും ഉൗന്നൽ കൊടുക്കുന്ന പദ്ധതികൾ ഉണ്ടാകും.

ജലജീവൻ മിഷനുമായി ബന്ധപ്പെട്ടു നെന്മാറ നിയോജക മണ്ഡലത്തിലെ എല്ലാ കുടുംബങ്ങൾക്കും ശുദ്ധജലം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഉണ്ടാകും. കാർഷിക മേഖലയ്ക്കു ഗുണം ചെയ്യുംവിധം സീതാർകുണ്ട് മിനി ഡൈവേർഷൻ പദ്ധതി ഉൾപ്പെടെയുള്ള ജലസേചന പദ്ധതികൾ സമയാനുസൃതമായി പൂർത്തീകരിക്കും. നെന്മാറ, കൊല്ലങ്കോട്, കൊടുവായൂർ ബൈപാസുകൾക്കായി സ്ഥലം ഏറ്റെടുക്കുകയും പണി പൂർത്തീകരിക്കുകയും വേണമെന്നതാണു മുന്നിലുള്ള ലക്ഷ്യം.

ഫോൺ സംഭാഷണങ്ങൾ:

∙ യുവാക്കൾക്കു പ്രയോജനപ്പെടുന്ന തരത്തിൽ കളിക്കളമില്ല.

ഷാജി പ്രസിഡന്റ്, ടൈറ്റാനിയം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കരിപ്പോട്

മറുപടി: സ്ഥലത്തിന്റെ ലഭ്യതയനുസരിച്ചു കളിക്കളത്തിനുള്ള സാധ്യത പരിശോധിക്കാം.

∙ വീട് ഇല്ല. ലൈഫ് പദ്ധതിയിൽ അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കിട്ടിയില്ല.

കാശു, പടിഞ്ഞാറെ തറ, അയിലൂർ.

പഞ്ചായത്ത് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ലഭിക്കും.

∙ പോത്തുണ്ടി ശുദ്ധജല പദ്ധതിയിൽനിന്നുള്ള ശുദ്ധജല വിതരണം പല്ലശ്ശന പഞ്ചായത്തിലേക്ക് എന്നു തുടങ്ങും.

സുബ്രഹ്മണ്യൻ, പന്തപ്പുള്ളി, പല്ലശ്ശന

പോത്തുണ്ടി ശുദ്ധജല പദ്ധതി നീട്ടുന്നതുമായി ബന്ധപ്പെട്ട പണികൾ ആരംഭിച്ചിട്ടുണ്ട്. പൂർത്തീകരിക്കുന്ന മുറയ്ക്കു പല്ലശ്ശനയിലേക്കും ശുദ്ധജല വിതരണം തുടങ്ങും.

∙ തുണിക്കടകൾ തുടർച്ചയായി അടച്ചു കിടക്കുന്നതു നഷ്ടം ഉണ്ടാക്കുന്നു. റമസാൻ കാലത്തു തുറക്കാനുള്ള നടപടി ഉണ്ടാക്കണം.

അബു, വൈസ് പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, നെന്മാറ. പ്രസിഡന്റ്, ടെക്സൈറ്റൽസ് അസോസിയേഷൻ

നാലിലൊരാൾക്കു കോവിഡ് സ്ഥിരീകരിക്കുകയാണ്. അതുകൊണ്ടാണു കടുത്ത നിയന്ത്രണം. എങ്കിലും റമസാൻ കാലത്തു തണിക്കടകൾ തുറക്കുന്നതു പരിശോധിക്കാം.

∙ പോത്തുണ്ടി അമ്പലം വരുന്ന ബസുകൾ അണക്കെട്ട് വരെ നീട്ടുന്നതു പരിഗണിക്കണം.

സുഗതൻ, പോത്തുണ്ടി

അണക്കെട്ടു വരെ നീട്ടാനുള്ള സാധ്യതകൾ പരിശോധിക്കാം.

∙ ആനമാറി പൊന്നനാടിയിലേക്കു റോഡില്ലാത്തതു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.

ദേവനന്ദന, ആനമാറി, കൊല്ലങ്കോട്

സ്ഥലം വിട്ടുകിട്ടാത്തതാണു പ്രശ്നം. എങ്കിലും അതിനായി പരിശ്രമിക്കും.

∙ മുഖ്യമന്ത്രിയുടെ ചികിത്സാ സഹായത്തിനായി നൽകിയ അപേക്ഷയുടെ സ്ഥിതി.

ചന്ദ്രൻ, കരിപ്പോട്

അപേക്ഷകൻ നൽകിയ നമ്പറിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തി തൽസ്ഥിതി അറിയിക്കാം.

∙ വടവന്നൂർ പഞ്ചായത്തിലേക്ക് ആംബുലൻസ് സൗകര്യവും തേക്കിൻകാട് പ്രദേശത്തേക്കു തെരുവ് വിളക്കുകൾ സ്ഥാപിക്കാനും നടപടി വേണം.

ജ്യോതി പ്രകാശ്, തേക്കിൻകാട്, വടവന്നൂർ

പഞ്ചായത്തിലേക്ക് ആംബുലൻസ് ഉറപ്പിച്ചോളു. മിനിമാസ് ലൈറ്റുകളും സ്ഥാപിക്കുന്നതു പരിഗണിക്കും.

∙ ഉപയോഗ ശൂന്യമായി കിടക്കുന്ന കനാലിൽ മാലിന്യം മൂടിയ സ്ഥിതിയാണ്. ഇൗ സ്ഥലം നികത്തിയാൽ അങ്കണവാടി, വായനശാല എന്നിവ നിർമിക്കാനായി പ്രയോജനപ്പെടുത്താം.

അൻസാരി, കൊങ്ങത്താൻകുഴി, കൊടുവായൂർ.

വളരെ നല്ല നിർദേശം. സർക്കാർ സ്ഥലമാണ്. പ്രായോഗികമാണെങ്കിൽ പരിശോധിക്കാം.

∙ കായിക പരിശീലത്തിനു സൗകര്യപ്പെടുന്ന ഇൻഡോർ സ്റ്റേഡിയം വേണം.

അതുല്യ(കായിക താരം), തോട്ടങ്കര, കൊല്ലങ്കോട്

ഇൻഡോർ സ്റ്റേഡിയത്തിനു സ്ഥലമില്ലാത്ത പ്രശ്നമുണ്ട്. എങ്കിലും പരിഗണിക്കാം.

∙ വീടും സ്ഥലവും ഇല്ല. അപേക്ഷ കൊടുത്തിട്ടുണ്ടെങ്കിലും ഇതു വരെ ലഭിച്ചിട്ടില്ല.

ഇന്ദിര, തോട്ടങ്കര, കൊല്ലങ്കോട്

പഞ്ചായത്തിൽ നൽകിയ അപേക്ഷയുടെ സ്ഥിതി പരിശോധിച്ചിട്ടു പരിഗണിക്കാം.

∙ 4 മാസത്തോളമായി ശുദ്ധജലം ലഭിക്കുന്നില്ല. വെള്ളം എടുക്കാനായി ഏറെ ദൂരം പോകണം.

ഷീല, തണ്ണിപ്പുഴ, എലവഞ്ചേരി

അന്വേഷിച്ചു വേണ്ട നടപടി സ്വീകരിക്കാം

∙ പ്രദേശത്തു താമസിക്കുന്ന കുടുംബങ്ങൾ റോഡിനായി സ്ഥലം വാങ്ങി സറണ്ടർ ചെയ്തിട്ടുണ്ട്. റോഡ് ഇതു വരെ ആയില്ല.

സജീവ്, തണ്ണിപ്പുഴ, എലവഞ്ചേരി

എംഎൽഎ ഫണ്ട് ഉപയോഗിച്ചു റോഡ് നിർമിക്കണമെങ്കിൽ 8 മീറ്റർ വീതി വേണം. പഞ്ചായത്തുമായി ബന്ധപ്പെട്ടു വിവരങ്ങൾ ആരായാം.

∙ പോത്തുണ്ടി ചാട്ടിയോട്–കോതശ്ശേരി റോഡ് വേണം

പ്രേമൻ, ചാട്ടിയോട്, പോത്തുണ്ടി

പരിഗണനയിലുണ്ട്

∙ പോത്തുണ്ടി എൽബി കനാലിലെ കൽച്ചാടി പുഴയിൽ തടയണ വേണം. തടയണ വന്നാൽ കൃഷിക്കു ഗുണം ചെയ്യും.

അബ്ദുൽ റഹ്മാൻ, മരുത‌ഞ്ചേരി

നല്ല നിർദേശം. ഇക്കാര്യം അടിയന്തരമായി പരിഗണിക്കാം.

∙ പൊന്നനാടി റോഡ് വേണം

സുധ, പൊന്നനാടി, ആനമാറി.

സ്ഥലം വിട്ടു കിട്ടാത്തതാണു പ്രശ്നം. എങ്കിലും അതിനായി പരിശ്രമിക്കും.

∙ 8 വർഷമായി വീടും സ്ഥലവും ഇല്ല. 2 തവണ അപേക്ഷ കൊടുത്തിരുന്നു.

പ്രീത, കണിമംഗലം, നെന്മാറ

ഭൂമിയുണ്ടെങ്കിൽ ഇപ്പോൾ വീട് ലഭിക്കും. ഭൂമിയും വീടും ലഭിക്കുന്ന പദ്ധതി വരുന്നുണ്ട്. അപ്പോൾ പരിഗണിക്കാം.

∙ എംപ്ലോയ്മെന്റിൽ പേര് റജിസ്റ്റർ ചെയ്തു വർഷങ്ങളായിട്ടും ജോലി ലഭിക്കുന്നില്ല.

സായൂജ്, വിത്തനശ്ശേരി.

സീനിയോറിറ്റി അനുസരിച്ചാണു പരിഗണിക്കുന്നത്.

∙ മണ്ണുവീണു വീട് ഇടിഞ്ഞു വീണതിനെത്തുടർന്നു ഷെഡിലാണു താമസം. വീടിന് അപേക്ഷ പഞ്ചായത്തിൽ കൊടുത്തിട്ടുണ്ട്.

മഞ്ജുഷ, വടക്കെമുറി, എലവഞ്ചേരി.

എലവഞ്ചേരി പഞ്ചായത്തിലെ ലിസ്റ്റ് നോക്കിയിട്ടു പരിഗണിക്കാം.

∙ തെരുവ് വിളക്കുകൾ ഇല്ല. രാത്രി യാത്ര ദുഃസഹം

ജയശേഖർ, എത്തന്നൂർ, കൊടുവായൂർ

കെഎസ്ഇബിയുമായി ബന്ധപ്പെട്ടു പ്രശ്ന പരിഹാരം കാണാം.

∙ കളിക്കളം സൗകര്യമില്ലാത്തതു കായിക താരങ്ങൾക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു.

ആഷിക്ക്, ബ്രദേഴ്സ് ക്ലബ്, തുമ്പിക്കാട്, വടവന്നൂർ

സ്ഥലത്തിന്റെ ലഭ്യത അനുസരിച്ചു പരിശോധിക്കാം.

∙ റോഡില്ലാത്തതു പ്രശ്നം സൃഷ്ടിക്കുന്നു.

ചന്ദ്രിക, വാക്കാട്, വടവന്നൂർ.

റോഡിനായുള്ള നടപടി സ്വീകരിക്കാം.

∙ കൊടുവായൂർ ബൈപാസ് എന്നു വരും

കൃഷ്ണജ്യോതി, കിഴക്കെത്തറ, എത്തന്നൂർ

ബൈപാസിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടി തുടങ്ങിയപ്പോഴെക്കും കോടതിയിൽ കേസിനു പോയിരിക്കുകയാണ്. ഇതു മറികടന്നു സ്ഥലം ഏറ്റെടുക്കാനുള്ള സാധ്യത പരിശോധിക്കും.

∙ അവശ്യ സാധനങ്ങൾ ഒഴികെയുള്ള കടകൾ ആഴ്ചയിൽ സമയം ക്രമീകരിച്ചു 2 ദിവസമെങ്കിലും തുറക്കാൻ സൗകര്യമേർപ്പെടുത്തണം.

ഹരിപ്രസാദ്, പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി, നെന്മാറ

കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിലാണു നിയന്ത്രണം. എങ്കിലും റമസാനുമായി ബന്ധപ്പെട്ടു തുറക്കാൻ കഴിയുമോ എന്നു പരിശോധിക്കാം.

∙ 15 വർഷമായി വീടില്ല. പഞ്ചായത്തിൽ അപേക്ഷ കൊടുത്തിരുന്നെങ്കിലും തള്ളിപ്പോയി.

നാരായണൻ, അകമ്പാടം, നെന്മാറ

പ്രത്യേക പരിഗണന വരുന്നുണ്ട്. ഉറപ്പായും പരിഗണിക്കാം.

∙ ഡൽഹിയിൽ നിന്നാണു വിളിക്കുന്നത്. മണ്ണാമ്പറമ്പ് പള്ളിക്കടുത്തു കുളിക്കാൻ സൗകര്യപ്പെടും വിധം പുഴക്കടവ് വേണം.

മണികണ്ഠൻ, മണ്ണാമ്പറമ്പ്, എലവഞ്ചേരി

പുഴക്കടവ് നിർമിക്കാനുള്ള സാധ്യത പരിശോധിക്കാം.

∙ കരിപ്പോട്തറ–ഇല്ലത്തുകൊളുമ്പ് റോഡ് വേണം. നിലവിൽ മണ്ണു റോഡ് ഉണ്ട്.

‌ജ്യോതി, പ്രിയദർശിനി കോളനി, കരിപ്പോട്തറ

പഞ്ചായത്തുമായി ബന്ധപ്പെട്ട് അതു പരിഗണിക്കാം

∙ ആന്റിജൻ പരിശോധന സൗകര്യം കൂട്ടുകയും തുടരെ നടത്തുകയും വേണം.

ഭാസ്കരൻ, പിട്ടുപ്പീടിക, കൊടുവായൂർ.

ജില്ലാ മെഡിക്കൽ ഓഫിസറുമായി ബന്ധപ്പെട്ടു നടപടി സ്വീകരിക്കാം.

∙ പഞ്ചായത്ത് കിണറിനരികെയുള്ള റോഡിൽ ചാലിട്ടതിനാൽ നടക്കാൻ സൗകര്യമില്ല. സ്ലാബ് ഇട്ട് സൗകര്യമൊരുക്കണം.

സതി രാധാകൃഷ്ണൻ, പഴയങ്ങാടി, കൊല്ലങ്കോട്

സ്ലാബ് ഇട്ട് യാത്രാ സൗകര്യം ഒരുക്കുന്ന കാര്യം പരിശോധിക്കാം

∙ ആശുപത്രിയിലെ പഴയ വാർഡ് മോശം സ്ഥിതിയിലാണ്. അതു പുതുക്കി പണിയണം. കൂടാതെ താലൂക്ക് ആശുപത്രിയാക്കി ഉയർത്തുന്ന കാര്യം പരിഗണിക്കണം.

ഡോ.ഹസീന, സാമൂഹിക ആരോഗ്യ കേന്ദ്രം, നെന്മാറ

പുതിയ വാർഡ് കെട്ടിടത്തിനു ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്. താലൂക്ക് ആശുപത്രിയാക്കുന്ന കാര്യം പരിശോധിക്കും,

∙ 6 വർഷമായി വീടിന് അപേക്ഷിക്കുന്നു. ഇതു വരെ കിട്ടിയില്ല

മുബീന, അടമ്പമരം, മുതലമട

പഞ്ചായത്ത് ലിസ്റ്റിൽ പേര് ഉണ്ടെങ്കിൽ പരിഗണിക്കപ്പെടും.

∙ കരിപ്പോട്തറ–ഇല്ലത്ത്കൊളുമ്പ് റോഡ് വേണം.

ഷൺമുഖൻ, കരിപ്പോട്തറ

പരിഗണനയിലുണ്ട്.

∙ മുച്ചക്ര വാഹനം വേണം

സൈനുദ്ദീൻ, നെണ്ടൻകിഴായ, മുതലമട.

എംഎൽഎ ഫണ്ടിൽനിന്നും വ്യക്തിഗത ആനുകൂല്യം അനുവദിക്കുന്നതിനു പരിമിതിയുണ്ട്.

∙ എന്തൻപാത ഇറക്കത്തിൽ ഓവുണ്ട് അത് കനാൽ പാലമാക്കിയാൽ നന്നാകും.

നാരായണൻകുട്ടി, കണിമംഗലം പാടശേഖരസമിതി

അതു പരിഗണിക്കാം.

∙ ഉൗട്ടറ ഗായത്രി പുഴപ്പാലം വേഗത്തിലാക്കണം.

ശബരിഗിരീഷ്, സൗത്ത് പാവടി, കൊല്ലങ്കോട്

ഉൗട്ടറയിൽ പുതിയ പാലത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടിയിലേക്കു നീങ്ങിയിട്ടുണ്ട്.

∙ പുഴപ്പാറ പാലം വേണം

ഗുരുവായൂരപ്പൻ, തോണിപ്പാറ, എലവഞ്ചേരി

പാലം പരിഗണനയിലുണ്ട്.

∙ മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിലെ നെന്മാറ, കൊല്ലങ്കോട് ബൈപാസ് പ്രവർത്തനങ്ങൾ ഏവിടെയെത്തി.

സുദേവൻ നെന്മാറ

മംഗലം–ഗോവിന്ദാപുരം ദേശീയ പാത വരുന്നു എന്ന സ്ഥിതിയിൽ ഇൗ രണ്ട് ബൈപാസുകളും അതിലുൾപ്പെടുത്തിയിരുന്നു. എന്നാൽ അത് ഒച്ചിഴയുന്ന പോലത്തെ സ്ഥിതിയായതോടെ ഇൗ രണ്ടു ബൈപാസുകളുടെയും പുനഃപ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.

∙ പ്രദേശത്തേക്കുള്ള റോഡിൽ വൈദ്യുതത്തൂൺ നിൽക്കുന്നതു കൊണ്ട് റോഡ് പണി തടസപ്പെടുന്നു. കെഎസ്ഇബിയിൽ ഇടപെടണം.

ഉണ്ണിക്കൃഷ്ണൻ, തല്ലുപറമ്പ്, വിത്തനശ്ശേരി

കെഎസ്ഇബിയുടെ ശ്രദ്ധയിൽപ്പെടുത്തി സൗകര്യം ഏർപ്പെടുത്താം.

∙ ഖത്തറിൽ നിന്നാണു വിളിക്കുന്നത്. വഴി പ്രശ്നമുണ്ട്. സ്വകാര്യ വ്യക്തികൾ സ്ഥലം വിട്ടു തരാത്തതാണു പ്രതിസന്ധി. ഇടപെടണം.

മണികണ്ഠൻ, ചീരണി, കൊല്ലങ്കോട്

വഴിക്കായി സ്ഥലം കിട്ടുമോ എന്നു പരിശോധിക്കാം.

∙ കോവിഡിനെ തുടർന്നുള്ള നിയന്ത്രണം കാരണം ഓട്ടോറിക്ഷ ഓടിക്കാൻ കഴിയാത്തതിനാൽ ലോൺ അടയ്ക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്.

ജലാലുദ്ദീൻ, ഓട്ടോഡ്രൈവർ, പുതുനഗരം.

കോവിഡ് കാല ദുരിതം പരിഗണിച്ച് ഇളവു ലഭിക്കുന്ന കാര്യത്തിനായി സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടു വരാം.

∙ മൺചുമരുള്ള വീടാണ്. പഞ്ചായത്തിൽ നിന്നു വീട് കിട്ടുന്നില്ല.

‌വാസു അകമ്പാടം

പഞ്ചായത്തുമായി ബന്ധപ്പെട്ടു പരിശോധിക്കാം.

∙ സീതാർകുണ്ട് ജലസേചന പദ്ധതി എന്തായി?

അരവിന്ദാക്ഷൻ, പനങ്ങാട്ടിരി, എലവഞ്ചേരി

പദ്ധതിയുടെ പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്.

എംഎൽഎക്കു വിജയാശംസകൾ നേർന്നും കോളുകളെത്തി. മണ്ഡലത്തിനു പുറത്തു നിന്നുള്ളവരുടേതുൾപ്പെടെ വിളികളോട് മികച്ച രീതിയിൽ പ്രതികരിച്ചു. അയിലൂർ പയ്യാങ്കോട്ടെ ഭിന്നശേഷിക്കാരൻ വിനുവിന്റെ കുശലാന്വേഷണം    കൗതുകമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com