ADVERTISEMENT

കേരള പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ മുത്തായ ‘ബെറ്റി’ ബ്രൗൺഷുഗർ മുതൽ കഞ്ചാവു വരെ എന്തും മണം പിടിക്കുന്നവളാണ്. തന്റെ സർവീസ് കാലയളവിൽ രണ്ടുകോടിയോളം രൂപയുടെ കുഴൽപ്പണമാണു ബെറ്റി മണത്തു പിടിച്ചത്.

പാലക്കാട് ജില്ലാ ഡോഗ് സ്ക്വാഡ് ടീം അംഗങ്ങൾ നായ്ക്കൾക്കൊപ്പം.
പാലക്കാട് ജില്ലാ ഡോഗ് സ്ക്വാഡ് ടീം അംഗങ്ങൾ നായ്ക്കൾക്കൊപ്പം.

വാളയാറിൽ പണ്ടു കുഴൽപ്പണവുമായി പോയ ആൾ പുകയില ചുണ്ടിനിടയിൽ തിരുകി ബാക്കിയുള്ളതു ബാഗിന്റെ പോക്കറ്റിൽ വച്ചിരുന്നു. പുകയില മണം കിട്ടിയാൽ ബെറ്റിയുടെ കൺട്രോൾ വിടും. മണം പിടിച്ച ബെറ്റി ‘കുരയോ കുര.’ ആളുടെ അടുത്ത് ഓടിച്ചെന്നു കുരുക്കിലാക്കി. കഞ്ചാവു പ്രതീക്ഷിച്ചു ബാഗു തുറന്ന പൊലീസുകാർ കണ്ടതു നോട്ടുകെട്ടുകളാണ്. ഇതു മാത്രമല്ല, ബെറ്റി എന്ന ലാബ്രഡോറിനെപ്പോലെ കേരള പൊലീസിലെ തന്നെ മിന്നും താരങ്ങളായി പാലക്കാട് ഡോഗ് സ്ക്വാഡിലെ ഒട്ടേറെ വീരനായകരുണ്ട്. കേസുകൾക്കു തുമ്പുണ്ടാക്കാൻ സഹായിച്ച ഡോഗ് സ്ക്വാഡിലെ താരങ്ങളെ അറിയാം

സമ്മാനിതയായ ലൂസി

ഡോഗ് സ്ക്വാഡിലെ നായകളിൽ ഒന്നായ ലൂസിയെ  പരിശീലിപ്പിക്കുന്നു.
ഡോഗ് സ്ക്വാഡിലെ നായകളിൽ ഒന്നായ ലൂസിയെ പരിശീലിപ്പിക്കുന്നു.

കേരളത്തിലെ ഏറ്റവും മികച്ച പൊലീസ് നായ എന്ന പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയനിൽനിന്ന് ഏറ്റുവാങ്ങിയ കക്ഷിയാണു ലൂസി എന്ന ലാബ്രഡോർ. പരിചയമില്ലാത്ത സ്ഥലങ്ങളിൽ പട്രോളിങ്ങിനു പോകുമ്പോൾ ഒളിഞ്ഞിരിക്കുന്നയാളുകളുടെ സാന്നിധ്യം അറിയാനുള്ള കഴിവാണു പ്രധാനം. മാവോയിസ്റ്റ് തിരച്ചിലിനാണു പ്രധാനമായും ഉപയോഗിക്കുന്നത്

സ്ലിം ബ്യൂട്ടീസ്: റോസി, നിക്കി

മെലിഞ്ഞുനീണ്ട മോഡലിനെപ്പോലെയുള്ള റോസിയും നിക്കിയും സ്ഫോടകവസ്തുക്കൾ മണത്തറിയാൻ പ്രത്യേക ശേഷിയുള്ളവരാണ്. ഇന്ത്യൻ ഇനമായ ‘കന്നി’യിൽപ്പെടുന്നതാണ് റോസി. നിക്കിയാകട്ടെ ‘ചിപ്പിപ്പാറ’ ഇനത്തിലും.നരേന്ദ്ര മോദി, രാഹുൽ ഗാന്ധി എന്നിവരുടെ സന്ദർശനവേളയിൽ ഇവരുടെ പ്രവർത്തനമികവു കണ്ടു കേന്ദ്രസേനാംഗങ്ങൾ ‘സബാഷ്’ പറഞ്ഞത്രേ. മെലിഞ്ഞിരിക്കുന്നതു കണ്ടു തിന്നാനൊന്നും കൊടുക്കാറില്ലേ എന്നു തോന്നാം. പക്ഷേ, ഈ ഇനത്തിന്റെ അഴകളവു നോക്കിയാൽ തടി കുറച്ചുകൂടി കുറയ്ക്കണമത്രേ ഇവർ രണ്ടാളും.

ഷൊർണൂർ ഡോഗ് സ്ക്വാഡിലെ ജീവനക്കാർ നായ്ക്കൾക്കൊപ്പം.
ഷൊർണൂർ ഡോഗ് സ്ക്വാഡിലെ ജീവനക്കാർ നായ്ക്കൾക്കൊപ്പം.

ലാദൻ ഫെയിം മാക്സ്

ബിൻ ലാദനെ പിടികൂടിയ അമേരിക്കൻ സംഘത്തെ വഴികാട്ടിയ ബെൽജിയം മെലനോയിസ് എന്ന ഇനത്തിൽപെട്ടയാളാണു മാക്സ്. മോഷണം, കൊലപാതകം എന്നിവ നടന്നാൽ പ്രതികളെ മണം പിടിച്ചറിയാനുള്ള ശേഷിയാണു കക്ഷിയുടെ ‘മെയിൻ.’

റോക്കി സ്റ്റാർ

ഡോബർമാൻ ഇനത്തിൽപെടുന്ന റോക്കിയുടെ കരിയർ റെക്കോർഡിൽ ഒട്ടേറെ കൊലക്കേസുകൾക്കു തുമ്പുണ്ടാക്കിയതിന്റെ മെഡലുണ്ട്. തേനൂർ, മുതലമട എന്നിവിടങ്ങളിലെ കൊലപാതകമാണ് എടുത്തുപറയേണ്ടത്.

സീനിയർ ജൂലി

ലാബ്രഡോർ ഇനത്തിൽപെട്ട ജൂലി സേനയിലെ സീനിയറാണ്. സ്ഫോടകവസ്തുക്കൾ കണ്ടുപിടിക്കുന്നതിലാണ് ഏറെ മികവ്.

പാറു, ജാൻസി, ലിന്റ, റൂബി

ഷൊർണൂരിൽ ആക്രി പെറുക്കി നടന്നയാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ കിലോമീറ്ററുകളോളം ഓടി പിടികൂടാൻ സഹായിച്ചതു പാറു എന്ന പൊലീസ് നായയാണ്. ചാലിശ്ശേരി എടിഎം കവർച്ചക്കേസിൽ പ്രതിയെ ലൈവായി പിടികൂടിയ കഥ കൂടിയുണ്ട് പാറുവിന്. ജില്ലയിൽ എല്ലായിടത്തും ഓടിയെത്തുന്നതിനായി പാറു, ജാൻസി, ലിന്റ, റൂബി എന്നീ നായ്ക്കളെ ഷൊർണൂരിലാണ് പാർപ്പിച്ചിട്ടുള്ളത്.പാറു ജർമൻ ഷെപ്പേഡും ജാൻസി ഡോബർമാനും ലിന്റ ബെൽജിയം മെലനോയിസും റൂബി ലാബ്രഡോറുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com