ADVERTISEMENT

ഒറ്റപ്പാലം ∙ അതൊരു സാധാരണ പേനയാണ്. പക്ഷേ, കേന്ദ്രസേനയിൽ ജോലിയിൽ പ്രവേശിക്കാനുള്ള സ്വഭാവ സാക്ഷ്യപത്രത്തിനൊപ്പം സബ് കലക്ടർ സ്നേഹത്തോടെ സമ്മാനിച്ച പേനയ്ക്കു വിജയ് മാരി എന്ന ആദിവാസി യുവാവിന്റെ മനസ്സിൽ മൂല്യമേറെയാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചു സർക്കാർ ജോലി നേടിയ യുവാവിന്റെ സ്വഭാവ സർട്ടിഫിക്കറ്റിൽ കയ്യൊപ്പിട്ടതിൽ അഭിമാനിക്കുന്നതായി അട്ടപ്പാ‌ടിയുടെ നോഡൽ ഓഫിസർ കൂടിയായ ഒറ്റപ്പാലം സബ് കലക്ടർ ശിഖ സുരേന്ദ്രൻ സമൂഹമാധ്യമത്തിൽ കുറിക്കുകയും ചെയ്തു. 

അട്ടപ്പാടിയിലെ കുറുക്കത്തിക്കല്ല് ഊരുകാരനാണു സിഐഎസ്എഫിൽ (സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്) കോൺസ്റ്റബിളായി സിലക്‌ഷൻ ലഭിച്ച എം. വിജയ് (22). കുറുക്കത്തിക്കല്ല് ഊരിൽനിന്ന് ആദ്യമായി കേന്ദ്രസേനയിൽ ജോലി നേടുന്ന പ്രാക്തന ഗോത്രവർഗക്കാരൻ.ഈ മാസം 21നു മധ്യപ്രദേശിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ ഹാജരാക്കേണ്ട സ്വഭാവ സർട്ടിഫിക്കറ്റിനാണു  വിജയ്, സബ് കലക്ടറുടെ ഓഫിസിലെത്തിയത്.  അപേക്ഷകൻ അട്ടപ്പാടിക്കാരനാണെന്നു മനസ്സിലാക്കിയ സബ് കലക്ടർ അകത്തേക്കു വിളിപ്പിച്ചു.

പാലക്കാട് വിക്ടോറിയ കോളജിൽ നിന്നു ബിരുദപഠനം പൂർത്തിയാക്കി, കോച്ചിങ് ക്ലാസുകളുടെ സഹായമൊന്നുമില്ലാതെ സ്വന്തം പ്രയത്നത്തിലൂടെയാണു വിജയ് മത്സരപരീക്ഷ ജയിച്ചതെന്ന് അറിഞ്ഞതോടെയാണു സ്വഭാവ സർട്ടിഫിക്കറ്റിനൊപ്പം പേന സമ്മാനമായി നൽകിയത്. ഇൗ പേന ഉപയോഗിച്ചായിരിക്കും ഔദ്യോഗിക റജിസ്റ്ററിൽ ആദ്യ ഒപ്പുവയ്ക്കുന്നതെന്നു വിജയ് ‘മനോരമ’യോടു പറഞ്ഞു.  പരിശീലനത്തിനായി 17നു പുറപ്പെ‌ടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com