ADVERTISEMENT

ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രനും സീറ്റ് നൽകേണ്ടിയിരുന്നു എന്നും  തിരഞ്ഞെടുപ്പ് അവലേ‍ാകന യേ‍ാഗം 

പാലക്കാട്∙ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ. ബാലന്റെ ഭാര്യ ഡോ. പി.കെ. ജമീല, ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ എന്നിവരെ  തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണമായിരുന്നെന്നും ജമീലയുടെ പേരു പരിഗണിച്ചിട്ടുണ്ടെങ്കിൽ അതിൽ ഉറച്ചുനിൽക്കാൻ സംസ്ഥാന നേതൃത്വം ആർജവം കാട്ടേണ്ടിയിരുന്നെന്നും പാർട്ടിയുടെ തിരഞ്ഞെടുപ്പ് അവലേ‍ാകനയേ‍ാഗത്തിൽ അഭിപ്രായം. സിപിഎം ചിറ്റൂർ ഏരിയ കമ്മിറ്റി യേ‍ാഗത്തിലാണു തരൂരിലെ സ്ഥാനാർഥിത്വം വീണ്ടും ചൂടുപിടിച്ച ചർച്ചയായത്. സ്ഥാനാർഥിയായി ഡേ‍ാ.പി.കെ. ജമീലയുടെ പേര് ഉയർന്നതു നേരത്തെ രാഷ്ട്രീയ വിവാദമായിരുന്നു. പാർട്ടി ജില്ലാ കമ്മിറ്റി ഒ‍ാഫിസിന്റെ പരിസരത്തും തരൂർ മണ്ഡലത്തിലും ‌ഇതിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. തരൂരിൽ സിപിഎം വേറെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ വിവാദം അടങ്ങി. എന്നാൽ ഇക്കാര്യം വീണ്ടും അവലോകനയോഗത്തിൽ ഉയരുകയായിരുന്നു. 

ജമീലയുടെ പേര് മാധ്യമങ്ങളിലും മറ്റും വലിയ ചർച്ചയായതേ‍ാടെ ഒഴിവാക്കിയതു ശരിയായില്ലെന്നാണു സംസ്ഥാന കമ്മിറ്റിയംഗം ഗിരിജ സുരേന്ദ്രൻ, ജില്ല സെക്രട്ടറിയേറ്റംഗം ഇ.എൻ. സുരേഷ്ബാബു എന്നിവർ പങ്കെടുത്ത ചിറ്റൂർ ഏരിയാ കമ്മിറ്റിയേ‍ാഗത്തിൽ വന്ന അഭിപ്രായം. ആരോഗ്യ വകുപ്പിൽ ഉന്നതപദവിയിലുണ്ടായിരുന്ന ഡോ. ജമീലയുടെ പേര് അനാവശ്യമായി വലിച്ചിഴക്കേണ്ടിയിരുന്നില്ല. ജില്ലാ സെക്രട്ടറിയായി രണ്ടു ടേം പൂർത്തിയാക്കിയ സി.കെ. രാജേന്ദ്രന് മത്സരിക്കാൻ അവസരം നൽകണമായിരുന്നെന്നു ഭൂരിപക്ഷം അംഗങ്ങളും അഭിപ്രായപ്പെട്ടതായാണു വിവരം.

കോൺഗ്രസിന്റെ കുത്തകയായിരുന്ന ചിറ്റൂർ-തത്തമംഗലം നഗരസഭ പിടിച്ചെടുക്കാനും മേഖലയിൽ ഇടതുപക്ഷ വോട്ട് വർധിപ്പിക്കാനും നേതൃത്വം നൽകിയ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം ഇ.എൻ. സുരേഷ് ബാബു മാതൃകയാണെന്നും ഏരിയ കമ്മിറ്റി അംഗങ്ങൾ ചർച്ചയിൽ പറഞ്ഞു. അതേ സമയം അവലേ‍ാകയേ‍ാഗത്തിൽ വിവാദ വിഷയങ്ങളെ‍ാന്നും ചർച്ച ചെയ്തിട്ടില്ലെന്നും പാർട്ടിയെ ശക്തമാക്കാനുള്ള നടപടികളാണ് പരിഗണിച്ചതെന്നും നേതൃത്വം പറഞ്ഞു.ചിറ്റൂർ ഏരിയ സെക്രട്ടറി ആർ. ശിവപ്രകാശ്, അംഗങ്ങളായ ആർ. ജയദേവൻ, ജി. ആശിഷ്, വി. ബിനു, കൃഷ്ണകുമാർ, എ. സുലൈമാൻ എന്നിവർ പങ്കെടുത്തു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com