ADVERTISEMENT

പാലക്കാട് ∙ പോത്ത് കേസിൽ നഗരസഭയ്ക്ക് ആശ്വാസ വിധി. മേയ് 28 മുതൽ നഗരസഭ സംരക്ഷിച്ചു വരുന്ന പോത്തിൻ കൂട്ടത്തിന്റെ തുടർ പരിപാലനം തിരുവനന്തപുരം ആസ്ഥാനമായ പീപ്പിൾ ഫോർ അനിമൽസ് സംഘടനയ്ക്കു കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. ഓഗസ്റ്റ് 2നു രാവിലെ 11നു പോത്തുകളെ കൈമാറണം.

തുടർന്ന് ഇവയെ സുരക്ഷിതമായി കൊല്ലം ജില്ലയിലുള്ള അഹിംസ ഫാം അനിമൽ സാങ്ച്വറിയിലെത്തിച്ചു സംരക്ഷിക്കണം. പാലക്കാട് തഹസിൽദാരാണു പോത്തുകളെ കൈമാറേണ്ടത്. നഗരത്തിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തു പട്ടിണിക്കിട്ട പോത്തിൻകൂട്ടത്തിന്റെ താൽക്കാലിക സംരക്ഷണം മേയ് 28നാണു നഗരസഭ ഏറ്റെടുത്തത്. പട്ടിണി കിടന്നു 2 പോത്തുകൾ ചത്തതോടെയാണു സംഭവം പുറത്തറിഞ്ഞത്. തുടർന്നാണ് ഇവയുടെ സംരക്ഷണം നഗരസഭ ഏറ്റെടുത്തത്.

സംഭവത്തിൽ ജന്തുദ്രോഹ നിവാരണ നിയമ പ്രകാരം കേസെടുത്ത പൊലീസ് കാലികളെ എത്തിച്ച വ്യക്തിയെ അറസ്റ്റ് ചെയ്തിരുന്നു. കാലികളുടെ ഉടമസ്ഥനെന്നു വിവരം ലഭിച്ച വ്യക്തിക്കെതിരെയും കേസെടുത്തു. ഇതോടെ പോത്തുകൾ തൊണ്ടിമുതലായി. ഇവയുടെ തുടർ പരിപാലനം ഏറ്റെടുക്കാൻ ചില സംഘടനകൾ മുന്നോട്ടു വന്നെങ്കിലും നിബന്ധനകൾ വിഘാതമായി.

അനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരമുള്ള സംഘടനയ്ക്കു മാത്രമേ ഇവയെ കൈമാറാൻ അനുമതി ഉള്ളൂ. സംസ്ഥാനത്ത് ഒരു സംഘടനയ്ക്കു മാത്രമാണ് ഈ അനുമതി ഉള്ളതെന്നാണു വിവരം. പോത്തുകളെ സംരക്ഷിക്കാമെന്നറിയിച്ചു പീപ്പിൾ ഫോർ അനിമൽസ്, അഹിംസ ഫാം അനിമൽ സാങ്ച്വറി സംഘനകളാണു കോടതിയെ സമീപിച്ചത്.

നഗരസഭ ഏറ്റെടുക്കുമ്പോൾ 33 കന്നുകാലികളാണ് ഉണ്ടായിരുന്നത്. ഇവയിൽ 13 എണ്ണം അനാരോഗ്യവും രോഗബാധയും കാരണം ചത്തു. നിലവിൽ 20 പോത്തുകളുണ്ട്. ജീവനക്കാരുടെ വേതനം ഉൾപ്പെടെ കന്നുകാലികളെ പരിപാലിക്കാൻ നഗരസഭയ്ക്ക് ഇതുവരെ 2 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com