ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ കോവി‍ഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20.67%. രണ്ടാം തരംഗത്തിൽ ഇടവേളയ്ക്കു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഇതോടൊപ്പം ചികിത്സയിലുള്ളവരുടെ എണ്ണം 11,207 ആയി ഉയർന്നു. ജില്ലയിൽ ഇന്നലെ 2070 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 1459 പേർക്കു സമ്പർക്കം വഴിയാണ് കോവിഡ്. 589 കേസുകളിൽ ഉറവിടം വ്യക്തമല്ല. 13 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. 908 പേർക്ക് കോവിഡ് മുക്തിയുണ്ട്. 

ആർടിപിസിആർ പരിശോധന

ജില്ലയിൽ ഇന്നു സൗജന്യ ആർടിപിസിആർ പരിശോധന നടത്തുന്ന കേന്ദ്രങ്ങൾ. പകൽ 9.30 മുതൽ 4 വരെയാണു പരിശോധന. ആലത്തൂർ ടൗൺ പുതിയ ബസ് സ്റ്റാൻഡ്, കൊല്ലങ്കോട് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ, കുമരംപുത്തൂർ വട്ടമ്പലം ജിഎൽ‍പി സ്കൂൾ (9.30 മുതൽ ഒന്നു വരെ), പള്ളിക്കുന്ന് ജിഎൽപി സ്കൂൾ (2 മുതൽ 4.30 വരെ), മലമ്പുഴ പിഎച്ച്സി, പിരായിരി പഞ്ചായത്ത് കല്യാണമണ്ഡപം, അനങ്ങനടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ, വണ്ടാഴി മുടപ്പല്ലൂർ ഗവ.ഹൈസ്കൂൾ. 

69,000 ഡോസ് വാക്സീൻ

ജില്ലയ്ക്ക് 69,000 ഡോസ് കോവിഡ് വാക്സീൻ ലഭിച്ചതോടെ കുത്തിവയ്പു പുനരാരംഭിച്ചു.

ടിപിആർ അടിസ്ഥാനത്തിൽ എന്തൊക്കെ നിയന്ത്രണം 

പാലക്കാട് ∙ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ എ,ബി,സി,ഡി കാറ്റഗറിയിലാക്കി തിരിച്ചുള്ള നിയന്ത്രണങ്ങൾ തുടരും. 

∙ കാറ്റഗറി എ (ടിപിആർ 5 ശതമാനത്തിൽ താഴെ): സാധാരണ പ്രവർത്തനം, എല്ലാ കടകളും രാവിലെ 7 മുതൽ രാത്രി 8 വരെ തുറക്കാം. സ്വകാര്യ സ്ഥാപനങ്ങളും പ്രവർത്തിക്കാം. 

∙ കാറ്റഗറി ബി (ടിപിആർ 5–10%): ഭാഗിക ലോക്ഡൗൺ: അവശ്യ വസ്തു വിൽക്കുന്ന കടകൾ മാത്രം ദിവസവും രാവിലെ 7 മുതൽ രാത്രി 8 വരെ തുറക്കാം. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ രാത്രി 8 വരെ. ഈ ദിവസങ്ങളിൽ സ്വകാര്യ സ്ഥാപനങ്ങളും തുറക്കാം. 

∙ കാറ്റഗറി സി (ടിപിആർ 10–15%): ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പാക്കും. അവശ്യവസ്തു വി‍ൽക്കുന്ന കടകൾ മാത്രം രാവിലെ 7 മുതൽ രാത്രി 8 വരെ തുറക്കാം. മറ്റു കടകൾ വെള്ളി മാത്രം. 

∙ കാറ്റഗറി ഡി (ടിപിആർ 15%നു മുകളിൽ): ട്രിപ്പിൾ ലോക്ഡൗൺ. ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണം എല്ലാ ദിവസവും ബാധകം. 

അവശ്യ വസ്തു കടകൾ 

ഭക്ഷ്യവസ്തുക്കൾ, റേഷൻ, പലവ്യഞ്ജനം, പാൽ, പാൽ ഉൽപന്നങ്ങൾ, പഴം, പച്ചക്കറി, മത്സ്യം, മാംസം, കോഴിത്തീറ്റ–കാലിത്തീറ്റ എന്നിവ വിൽക്കുന്ന കടകളും ബേക്കറികളുമാണ് അവശ്യ വസ്തു വിഭാഗത്തിൽ ഉൾപ്പെടുന്നത്. 

പൊതു ഇളവുകൾ

∙ എ, ബി കാറ്റഗറിയിൽ ഉൾപ്പെട്ട പ്രദേശങ്ങളിൽ സർക്കാർ ഓഫിസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്പനികൾ എന്നിവ 50% ജീവനക്കാരുമായി പ്രവർത്തിക്കാം. സി കാറ്റഗറിയിൽ 25% ജീവനക്കാർ മാത്രം.  

∙ എല്ലാ കാറ്റഗറിയിലും റസ്റ്ററന്റുകൾ, ഹോട്ടലുകൾ എന്നിവ ഹോം ഡെലിവറി, ടേക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം. 

∙ എല്ലാ കാറ്റഗറിയിലും ബാങ്കുകളിൽ തിങ്കൾ മുതൽ വെള്ളി വരെ പൊതുജനങ്ങളെ പ്രവേശിപ്പിക്കാം. ശനിയാഴ്ച ബാങ്ക് ഉൾപ്പെടെ ധനകാര്യ സ്ഥാപനങ്ങൾ അവധി. 

∙ ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ തുടരും. 

∙ മൈക്രോ കണ്ടെയ്ൻമെന്റ് മേഖലകളിൽ അതിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ കൂടി ഉണ്ടാവും. ഇതിനു പുറമേ തദ്ദേശസ്ഥാപനങ്ങൾ സ്വന്തം നിലയ്ക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നുണ്ട്.

∙ കാർഷിക പ്രവൃത്തികൾക്ക് അനുമതിയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com