പാലക്കാട്ട് കോൺഗ്രസിന് പുതിയ കാലം, തങ്കപ്പൻ ചുമതലേയേറ്റു

‘കൈ’യെത്തും ദൂരെ: ജില്ലാ കോൺഗ്രസ് അധ്യക്ഷനായി സ്ഥാനമേറ്റ എ. തങ്കപ്പനെ പ്രസിഡന്റിന്റെ കസേരയിൽ ഇരുത്തിയ ശേഷം അഭിനന്ദിക്കുന്ന മുൻ പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എംപി. നേതാക്കളായ വി.ടി. ബൽറാം, സി.വി. ബാലചന്ദ്രൻ, സി. ബാലൻ, വി.എസ്. വിജയരാഘവൻ, കെ.എസ്.ബി.എ. തങ്ങൾ, സി. ചന്ദ്രൻ, ഷാഫി പറമ്പിൽ എംഎൽഎ എന്നിവർ സമീപം. ചിത്രം: മനോരമ
SHARE

പാലക്കാട് ∙ പ്രവർത്തകർക്ക് ആവേശം പകർന്നു ജില്ലാ കോൺഗ്രസ് അധ്യക്ഷനായി കെപിസിസി ജനറൽ സെക്രട്ടറി എ. തങ്കപ്പൻ ചുമതലയേറ്റു. മുൻ അധ്യക്ഷന്മാരുടെയും മുതിർന്ന നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ വി.കെ. ശ്രീകണ്ഠൻ എംപിയിൽനിന്നു തങ്കപ്പൻ ചുമതലയേറ്റു. എല്ലാവരെയും ഒത്തൊരുമിച്ചു കൊണ്ടുപോയി ‘പാലക്കാടൻ കോൺഗ്രസ് സ്വാധീനം’ വീണ്ടെടുക്കുകയാണു ലക്ഷ്യമെന്നു തങ്കപ്പൻ പറഞ്ഞു.മുന്നോട്ടുള്ള പ്രയാണം അത്ര സുഗമമല്ലെന്നു വ്യക്തമായി അറിയാം – അദ്ദേഹം പറഞ്ഞു. 

മുൻ ഡിസിസി പ്രസിഡന്റുമാരായ വി.എസ്. വിജയരാഘവൻ, സി.വി.ബാലചന്ദ്രൻ, രമ്യ ഹരിദാസ് എംപി, കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ, നിർവാഹക സമിതി അംഗങ്ങളായ കെ.എ.ചന്ദ്രൻ, കെ.എസ്.ബി.എ. തങ്ങൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി  പറമ്പിൽ എംഎൽഎ, കെപിസിസി സെക്രട്ടറിമാരായ പി.ബാലഗോപാൽ, പി.വി.രാജേഷ്, പി.ഹരിഗോവിന്ദൻ, എഐസിസി അംഗങ്ങളായ വി.ടി. ബൽറാം, കെ.എ.തുളസി, ജില്ലാ നേതാക്കളായ വി.രാമചന്ദ്രൻ, സുമേഷ് അച്യുതൻ, രാജേശ്വരി ജയപ്രകാശ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കെ.ഐ.കുമാരി, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി.എച്ച്.ഫിറോസ് ബാബു, കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് എന്നിവർ പങ്കെടുത്തു. 

ശ്രീകണ്ഠനോട് തുളസി: നന്ദിയുണ്ട്, തിരിച്ചു കിട്ടും

ഡിസിസി പ്രസിഡന്റ് എന്ന നിലയിൽ‍ നാലര വർഷത്തെ സേവനത്തിനു വി.കെ. ശ്രീകണ്ഠൻ എംപിക്കു നന്ദി അറിയിച്ചു ഭാര്യ എഐസിസി അംഗം കെ.എ. തുളസി. മികച്ച പ്രവർത്തനത്തിനായിരുന്നു നന്ദി. ഇനിയെങ്കിലും തിരക്കൊഴിഞ്ഞ് കുടുംബനാഥനെ വീട്ടിലേക്കു തിരിച്ചു കിട്ടുമെന്നാണു പ്രതീക്ഷയെന്നും അവർ പറഞ്ഞു. സാമ്പത്തിക ലാഭവും ഉണ്ടാകുമെന്ന ഷാഫി പറമ്പിൽ എംഎൽഎയുടെ പ്രയോഗം യോഗത്തിൽ ചിരി പടർത്തി. പാർട്ടി പ്രവർത്തനത്തിനായി കോളജ് അധ്യാപികയായ ഭാര്യയോട് വി.കെ.ശ്രീകണ്ഠൻ എംപി കടം ചോദിക്കുന്നത് ചൂണ്ടിക്കാണിച്ചായിരുന്നു പരാമർശം. 

കെഎസ്‌യുവിന്റെ തിരുത്ത് 

താൻ ആലത്തൂർ എസ്എൻ കോളജിൽ യൂണിയൻ ചെയർമാനും ജനറൽ സെക്രട്ടറിയും ആയിരുന്നെന്നും ഇന്നവിടെ കെഎസ്‌യുവിന് യൂണിറ്റ് പോലും ഇല്ലെന്ന ഡിസിസി പ്രസിഡന്റിന്റെ വാക്കുകൾ തിരുത്തി കെഎസ്‌യു. നന്ദി പ്രസംഗത്തിൽ കെഎസ്‌യു ജില്ലാ പ്രസിഡന്റ് കെ.എസ്.ജയഘോഷ് ആണ് തിരുത്തിയത്. കോളജിൽ ഇപ്പോഴും യൂണിറ്റ് ഉണ്ട്. അവിടെ മത്സരിക്കുകയും ചെയ്തിരുന്നു. ഇതോടെ കെഎസ്‌യു ഒരിക്കൽക്കൂടി തിരുത്തൽ ശക്തിയായി എന്ന വി.കെ.ശ്രീകണ്ഠൻ എംപിയുടെ വാക്കും ചിരി പടർത്തി.

നയം വ്യക്തം: ‘കള പിഴുത് മുള വളർത്തണം’

പാലക്കാട് ∙ ‘ചോർന്നു പോയ കോൺഗ്രസിനെ കൈക്കുമ്പിളിൽ കോരിയെടുക്കണം. ഇതിനായി കോൺഗ്രസ് പാടത്തു കൃഷിയിറക്കണം. കളകൾ കണ്ടെത്തി പിഴുതു മാറ്റി മുളകൾ വളർത്തണം. എങ്കിൽ ജില്ലയിൽ നിന്നു കോൺഗ്രസിനു കൊയ്യാം നൂറുമേനി ഫലം’,  ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ ചുമതലയേറ്റത് കോൺഗ്രസിന്റെ തിരിച്ചു വരവിനുള്ള സ്വപ്നങ്ങൾ പങ്കുവച്ചു.  എല്ലാവരുമായും കൂടിയാലോചനകൾ നടത്തിയാണു പുതിയ ഡിഡിസി അധ്യക്ഷന്മാരെ പ്രഖ്യാപിച്ചതെന്ന് ചടങ്ങിൽ അധ്യക്ഷനായിരുന്ന വി.കെ.ശ്രീകണ്ഠൻ എംപി പറഞ്ഞു.

നാലരവർഷം ജില്ലയിൽ പാർട്ടിയെ നയിച്ചു. നേട്ടവും കോട്ടവും ഉണ്ടായി. തിരഞ്ഞെടുപ്പിൽ ജയിച്ചാൽ നേതൃത്വത്തിന്റെ നേട്ടവും തോറ്റാൽ കുറവെന്നുമാണു വിമർശനം. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവയ്ക്കേണ്ടതില്ല. അതു പാർട്ടിക്കകത്തു ചർച്ച ചെയ്തു പരിഹരിക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ പാർട്ടിയുടെ തുടർ പ്രവർത്തനം പ്രയാസകരമെങ്കിലും 7 എംഎൽഎ സ്ഥാനവും 2 പാർലമെന്റ് സീറ്റുകളും നേടിയിട്ടുള്ള ജില്ലയിൽ കോൺഗ്രസിനു ശക്തി തിരിച്ചുപിടിക്കാനാകുമെന്നു മുൻ അധ്യക്ഷൻ വി.എസ്.വിജയരാഘവൻ പറഞ്ഞു.

കോൺഗ്രസ് എഴുതിത്തള്ളേണ്ട ജില്ലയല്ല പാലക്കാടെന്നും പ്രവർത്തനത്തിലൂടെ അതു തെളിയിക്കണമെന്നും സി.വി.ബാലചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അകന്നുപോയവരെ തിരികെ പാർട്ടിയിലെത്തിക്കണമെന്ന് കെപിസിസി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ നിർദേശിച്ചു. നീക്കേണ്ട കളകൾ ഉണ്ടെങ്കിൽ അതു നീക്കിയേ മതിയാകൂ എന്ന് കെ.എ.ചന്ദ്രൻ വ്യക്തമാക്കി. കോൺഗ്രസിൽ പല വിധത്തിലുള്ള നേതൃശൈലികൾ ഉണ്ടെന്നും അധ്യക്ഷ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാകണമെന്നും ഷാഫി പറമ്പിൽ എംഎ‍ൽഎ പറഞ്ഞു. കോൺഗ്രസ് എല്ലാവരുടെയും സംഘടനയായി മാറണമെന്ന് വി.ടി. ബൽറാം നിർദേശിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN palakkad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA