ADVERTISEMENT

ഒറ്റപ്പാലം ∙ ‘ഞാൻ പറയുന്ന വേഗത്തിൽ അവർക്ക് ഉത്തരം എഴുതാൻ കഴിഞ്ഞില്ലെങ്കിലോ..?’ ഇതായിരുന്നു, പരീക്ഷയെഴുതാൻ സഹായിയെ തരാമെന്ന സാക്ഷരതാ മിഷന്റെ വാഗ്ദാനത്തോടു ഹക്കീമിന്റെ പ്രതികരണം. ആത്മവിശ്വാസത്തിന്റെ കരുത്തിൽ അബ്ദുൽ ഹക്കീം പ്ലസ്ടു തുല്യതാ പരീക്ഷ 55 ശതമാനം മാർക്ക് നേടി ജയിച്ചു. ഇച്ഛാശക്തിക്കു മാർക്കുണ്ടെങ്കിൽ ഇതൊരു സമ്പൂർണ എ പ്ലസ് വിജയമായി കണക്കാക്കാം.

ഒറ്റപ്പാലം പത്തൊൻപതാം മൈലിലെ പരിക്കൻപാറ അബ്ദു – ആമിന ദമ്പതികളുടെ മകൻ അബ്ദുൽ ഹക്കീം (31) പേശികൾ ക്ഷയിക്കുന്ന മാരക രോഗത്തോടു പൊരുതിയാണു സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷ എഴുതിയത്. ഹ്യൂമാനിറ്റീസ് ഗ്രൂപ്പിൽ, മലയാളത്തിനു ബി ഗ്രേഡും മറ്റ് 5 വിഷയങ്ങൾക്കു സി പ്ലസ് ഗ്രേഡും നേടി. ഹക്കീമിനു നാലാം വയസ്സിലാണു ഡുഷീൻ മസ്കുലർ ഡിസ്ട്രോഫിയുടെ (ഡിഎംഡി) ലക്ഷണങ്ങൾ പ്രകടമായത്. ശരീരത്തിലെ പേശികളെ ബാധിക്കുന്ന രോഗം കാലക്രമേണ പിടിമുറുക്കി.

കേരളത്തിനകത്തും പുറത്തുമായി പല ആശുപത്രികളിലും ചികിത്സിച്ചു. ആശങ്കയുടെ അതിർവരമ്പിൽ നിൽക്കെയാണു 17ാം വയസ്സിൽ 70 ശതമാനം മാർക്കോടെ എസ്എസ്എൽസി പരീക്ഷ ജയിച്ചത്. തുടർപഠനത്തിനു സ്കൂളിലേക്കു വിടുന്നതു സുരക്ഷിതമല്ലെന്നു രക്ഷിതാക്കൾ ഭയന്നു. മുൻവിധികളെ മറികടന്ന ജീവിതം ഒരു വ്യാഴവട്ടം കൂടി പിന്നിടുമ്പോഴാണു തുല്യതാ പരീക്ഷയുടെ കാര്യമറിഞ്ഞത്. വീട്ടിലിരുന്നു പഠിക്കാനുള്ള മോഹത്തിനു നഗരസഭയിലെ നോഡൽ പ്രേരക് സി. അരുണയും സഹപ്രവർത്തകരും പിന്തുണയായി.

ഈസ്റ്റ് ഒറ്റപ്പാലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പരീക്ഷകൾ. ഭിന്നശേഷിക്കാരുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പ്രജാഹിത ഫൗണ്ടേഷന്റെ വാഹനം ഹക്കീമിനെ 6 ദിവസവും പരീക്ഷാ കേന്ദ്രത്തിലെത്തിച്ചു. ഉപ്പ അബ്ദു, മകനെ കൈകളിൽ താങ്ങിയെടുത്താണു ഹാളിലേക്കു കയറ്റിയിരുത്തിയതും തിരിച്ചു വാഹനത്തിൽ കയറ്റിയതും. ഇനി ബിരുദ പഠനത്തിനു ചേരണമെന്നാണു ഹക്കീമിന്റെ മോഹം.

English Summary: Abdul Hakeem passed plus two with 55% marks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com