ADVERTISEMENT

ചെർപ്പുളശ്ശേരി ∙ കിടപ്പിലായ അമ്മയെ ശുശ്രൂഷിക്കുന്നതിന് മുഖചിത്രം വരച്ച് വിൽപന നടത്തി മകൻ. നെല്ലായ പഞ്ചായത്തിലെ രണ്ടാം വാർഡിലെ കെ.ടി. പടി വടക്കേപുരയ്ക്കൽ ഹരിക്കുട്ടൻ (34) ആണു കുലത്തൊഴിലായ മരപ്പണി വിട്ട് ആളുകളുടെ മുഖചിത്രം വരയ്ക്കൽ ജീവിതമാർഗമായി സ്വീകരിച്ചത്. ഹരിക്കുട്ടന്റെ അമ്മ നാരായണി (69) അഞ്ചു മാസങ്ങൾക്കു മുൻപ് ശുചിമുറിയിൽ വീണ് ഇടതുകാൽ ഒടിഞ്ഞ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയെങ്കിലും നാരായണിക്ക് നടക്കാൻ സാധിച്ചിരുന്നില്ല. അമ്മയെ വീട്ടിൽ തനിച്ചാക്കിപ്പോകാൻ സാധിക്കാതെ വന്നതോടെ ഹരിക്കുട്ടന് മരപ്പണി ഉപേക്ഷിക്കേണ്ടിവന്നു. ഇതിനിടെ സുഹൃത്ത് ശ്രീനാഥാണ് ഇങ്ങനെയൊരു ആശയം മുന്നോട്ടുവയ്ക്കുന്നത്. മാരായമംഗലം ഗവ.ഹൈസ്കൂളിലെ പഠനകാലത്ത് ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള ഹരിക്കുട്ടൻ ഓർമകൾ പൊടിതട്ടിയെടുത്ത് പരീക്ഷണാർഥം ഒരാളുടെ മുഖചിത്രം വരച്ചു. അതിന് പ്രതിഫലവും കിട്ടി.

പിന്നെ നാട്ടിലും പുറത്തുമുള്ള ഓരോരുത്തർ മുഖചിത്രം വരയ്ക്കാനായി വാട്സാപ്പിൽ ഫോട്ടോ അയച്ചു നൽകി. ഒരു ചിത്രത്തിനു 200രൂപ പ്രതിഫലമായി തന്റെ അക്കൗണ്ടിലേക്ക് അയച്ചു തരാറുണ്ടെന്ന് ഹരിക്കുട്ടൻ പറഞ്ഞു. ഒരാളുടെ മുഖചിത്രം വരയ്ക്കാൻ 7 മണിക്കൂർ സമയമെടുക്കുന്നുണ്ടെന്നും ആവശ്യക്കാർക്ക് ചിത്രം ഫ്രെയിമിലാക്കി നൽകുമെന്നും ഹരിക്കുട്ടൻ പറഞ്ഞു.

ഹരിക്കുട്ടന് നാലു വയസ്സുള്ളപ്പോഴാണ് അച്ഛൻ കൃഷ്ണന്റെ മരണം. പിന്നെ 30 വർഷത്തോളം അമ്മയായിരുന്നു ഹരിക്കുട്ടന്റെ താങ്ങും തണലും. ലൈഫ് ഭവന പദ്ധതി പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടെന്നും താമസിയാതെ വീട് അനുവദിച്ചു നൽകുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com