ADVERTISEMENT

വടക്കഞ്ചേരി ∙ മണ്ണുത്തി– വടക്കഞ്ചേരി ആറുവരിപ്പാതയിലെ കുതിരാൻ തുരങ്കത്തിലേക്കു പ്രവേശിക്കുന്ന മേൽപാലത്തിനു ബലക്ഷയം. പാലത്തിന്റെ രണ്ട് ബീമുകൾ തമ്മിൽ ചേരുന്ന ഭാഗത്ത് വിള്ളൽ വീണ് പാലം പൊളിഞ്ഞതോ‌ടെയാണ് ഈ ഭാഗം പൂർണമായും പൊളിച്ച് കോൺക്രീറ്റ് ചെയ്യാനുള്ള ശ്രമം ആരംഭിച്ചിരിക്കുന്നത്.

ഈ വർഷം ജൂലൈ 31നു തുറന്ന ഇ‌ടത് തുരങ്കത്തിലേക്കുള്ള പാലത്തിന്റെ ഭാഗമാണു തകർന്നിരിക്കുന്നത്. തൃശൂർ ഭാഗത്തേക്കുള്ള പാലത്തിന് മുകളിലെ ടാറിങ് പൊളിച്ചുനീക്കി കൂടുതൽ കമ്പികൾ ഇ‌ട്ട് ബലപ്പെടുത്താനാണു പദ്ധതി. പാലത്തിലൂടെ വാഹനങ്ങൾ പോകുമ്പോൾ വലിയ ശബ്ദത്തിൽ കുലുക്കം അനുഭവപ്പെടുന്നതായും നാട്ടുകാർ പറഞ്ഞു.

പതിറ്റാണ്ടുകളായുള്ള ജനത്തിന്റെ യാത്രാ ദുരിതത്തിനു പരിഹാരമായി 964 മീറ്റർ ദൂരമുള്ള തുരങ്കം 50 ദിവസം മുൻപാണു തുറന്നത്. തുരങ്കത്തിന്റെ നിർമാണ ജോലികൾ 2016 മേയ്13നാണ് ആരംഭിച്ചത്. പീച്ചി ജലാശയത്തിലെ വെള്ളമെത്തുന്ന ത‌‌ടയണയ്ക്കു മുകളിലൂട‌െ രണ്ട് മേൽപാലങ്ങളാണു നിർമിച്ചിരിക്കുന്നത്. തുരങ്കത്തിലൂട‌െ ദിവസേന പതിനയ്യായിരത്തോളം വാഹനങ്ങൾ കട‌ന്നുപോകുന്നുണ്ട്. ഗതാഗതം സ്തംഭിപ്പിക്കാതെ ഒരുവശത്തുകൂടി വാഹനങ്ങൾ വിട്ട് ബാക്കി ഭാഗമാണു പൊളിക്കുന്നത്.

വടക്കഞ്ചേരി മേൽപാലം പൊളിച്ചത് 30 സ്ഥലത്ത്

ആറുവരിപ്പാത ആരംഭിക്കുന്ന വടക്കഞ്ചേരിയിൽ നിർമിച്ച മേൽപാലത്തിന്റെ 5 സ്ഥലങ്ങളിൽ ഇപ്പോൾ ടാറിങ് കുത്തിപ്പൊളിച്ച് ബലപ്പെടുത്തൽ ന‌ടക്കുന്നുണ്ട്. മേൽപാലത്തിന്റെ 30 സ്ഥലങ്ങൾ ഇതുവരെ പൊളിച്ചു. 420 മീറ്റർ നീളമുള്ള പാലത്തിന്റെ ബീമുകൾ ചേരുന്ന ഭാഗത്ത് ഉരുക്കുപാളി ഘടിപ്പിച്ച് ബലപ്പെടുത്താതിരുന്നതാണ് പാലത്തിന്റെ തകർച്ചയ്ക്കു കാരണമെന്ന് പരിശോധന നടത്തിയ വിദഗ്ധ സംഘം പറഞ്ഞു. വടക്കഞ്ചേരി റോയൽ ജംക്‌ഷനിലും കെഎസ്ആർടിസി ഡിപ്പോയ്ക്കു മുൻപിലുമുള്ള അടിപ്പാതകളു‌ടെ നിർമാണവും പൂർത്തിയാക്കിയിട്ടില്ല. വഴുക്കുംപാറ മേൽപാതയിൽ വടക്കുഭാഗത്തെ നിർമാണ ജോലികൾ ആരംഭിച്ചു.

തുരങ്കം: വനഭൂമിക്ക് പകരം ഭൂമി നൽകാതെ സർക്കാർ

വടക്കഞ്ചേരി ∙ കുതിരാൻ തുരങ്കനിർമാണത്തിന് വനംവകുപ്പ് വിട്ടുനൽകിയ വനഭൂമിക്കു പകരം റവന്യു ഭൂമി ഇതുവരെ വിട്ടുനൽകിയില്ല. തുരങ്കമുഖത്തെ മണ്ണി‌ടിച്ചിൽ ത‌ടയാൻ നിർമാണം നടത്തുന്നതിന് പീച്ചി വന്യമൃഗ സങ്കേതത്തിന്റെ 0.9984 ഹെക്ടർ വനഭൂമിയും തൃശൂർ ഫോറസ്റ്റ് ഡിവിഷനിൽനിന്ന് 0.4334 വനഭൂമിയും വനംവകുപ്പ് വിട്ടുനൽകിയിരുന്നു.

എന്നാൽ ഇതിനു തുല്യമായ റവന്യു ഭൂമി സർക്കാർ ഇതുവരെ വിട്ടുനൽകിയിട്ടില്ലെന്ന് വിവരാവകാശ രേഖയിൽ പറയുന്നതായി കുതിരാൻ തുരങ്കം തുറക്കാൻ നിയമ പോരാട്ടം ന‌ടത്തിയ അഡ്വ. ഷാജി ജെ.കോടങ്കണ്ടത്ത് പറഞ്ഞു. റവന്യൂ ഭൂമി നൽകിയില്ലെങ്കിൽ വലതു തുരങ്കനിർമാണ ജോലികൾ ഉൾപ്പെടെ നിലയ്ക്കും. ഈ വർഷം ഒക്ടോബർ 30 വരെയാണ് പണി നടത്താൻ വനംവകുപ്പിൽനിന്ന് അനുമതിയുള്ളത്. ഇതിനു മുൻപ് സർക്കാർ സ്ഥലം കൈമാറണമെന്ന് ദേശീയപാത അതോറിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com