ADVERTISEMENT

വാളയാർ (പാലക്കാട്) ∙ ഡാമിൽ കുളിക്കാനിറങ്ങി മണൽക്കുഴിയിൽ മുങ്ങിത്താഴ്ന്ന വിദ്യാർഥിയെയും രക്ഷിക്കാൻ ശ്രമിച്ച രണ്ടു സഹപാഠികളെയും വെള്ളത്തിൽ കാണാതായി. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ കൂടുതൽ ആഴമുള്ള ഭാഗത്തേക്ക് ഇറങ്ങാതിരുന്നതിനാൽ രക്ഷപ്പെട്ടു. കോയമ്പത്തൂർ സുന്ദരാപുരം സ്വദേശികളായ വെള്ളൂർ രമേശിന്റെ മകൻ സഞ്ജയ്(16), ഫേസ് ടു തെരുവ് ജോസഫിന്റെ മകൻ ആന്റോ(16), കാമരാജ് നഗർ ഷൺമുഖന്റെ മകൻ പൂർണേശ്(16) എന്നിവരെയാണു കാണാതായത്.

ബാക്കിയായത്... ‍വാളയാർ ഡാമി‍ൽ കുളിക്കാനിറങ്ങി കാണാതായ കോളജ് വിദ്യാർഥികൾക്കായി തിരച്ചിൽ നടക്കുമ്പോൾ സമീപത്ത് മകൻ ആന്റോ ഊരിവച്ച വസ്ത്രങ്ങൾ നോക്കുന്ന അച്ഛൻ ജോസഫ്.

സംഘത്തിലുണ്ടായിരുന്ന സുന്ദരാപുരം സ്വദേശികളായ രാഹുൽ(15), പ്രണവ്(16) എന്നിവർ രക്ഷപ്പെട്ടു. ഇന്നലെ പകൽ ഒന്നരയോടെ ഡാമിലെ തമിഴ്നാട് പിച്ചനൂർ ഭാഗത്താണു സംഘം കുളിക്കാനിറങ്ങിയത്. കൂടുതൽ ആഴത്തിലേക്ക് ഇറങ്ങിയ 3 പേരും മണലെടുത്ത കുഴികളിൽപെട്ട് മുങ്ങിത്താഴുകയായിരുന്നു. കോയമ്പത്തൂർ മളമച്ചാൻപെട്ടി ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ പോളിടെക്നിക് കോളജിലെ കംപ്യൂട്ടർ എൻജിനീയറിങ് ഒന്നാം വർഷ വിദ്യാർഥികളാണ് ഇവർ. ആദ്യം വെള്ളത്തിൽ അകപ്പെട്ട സഞ്ജയ്‌യെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണു മറ്റു 2 പേർ അപകടത്തിൽപ്പെട്ടത്.

കഞ്ചിക്കോട് – പാലക്കാട് എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനയും സ്കൂബ ടീമും എത്തി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ പെയ്ത മഴയും തിരച്ചിൽ ദുഷ്കരമാക്കി. ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. ഡാമിൽ അനധികൃത മണലെടുപ്പ് മൂലം ഒട്ടേറെ ചതിക്കുഴികളുണ്ട്. അണക്കെട്ടിലടിഞ്ഞ വൻതോതിലുള്ള ചെളിയും അപകടത്തിന് ആക്കം കൂട്ടുന്നു.

ഞെട്ടൽ മാറാതെ പ്രണവും രാഹുലും

ചാവടി ∙ അപകടത്തിന്റെ ഞെട്ടൽ മാറാതെ പ്രണവും രാഹുലും. അപകടത്തിന്റെ ഭീകരത അവരുടെ മുഖത്തും വാക്കുകളിലും നിറഞ്ഞുനിന്നു. പൊലീസിനോടു വിവരങ്ങൾ നൽകുന്നതിനിടെ വാക്കുമുറിഞ്ഞു,  പലപ്പോഴും പൊട്ടിക്കരഞ്ഞു. അത്രയും നേരം കളിയും ചിരിയുമായി കൂടെയുണ്ടായിരുന്ന 3 സുഹൃത്തുക്കളാണു നിമിഷ നേരം കൊണ്ടു തനിച്ചാക്കി മടങ്ങിയത്. അയൽവാസികളും സമപ്രായക്കാരുമായ ഈ 5 പേരും ചങ്ങാത്തം തുടങ്ങുന്നതു രണ്ടാം ക്ലാസ് മുതൽക്കാണ്. 

പത്താം ക്ലാസ് വരെ പഠിച്ചതും ഒരു ബെഞ്ചിലിരുന്ന്. ഇതിനു ശേഷം ഡിപ്ലോമ കോഴ്സിനും ഒരുമിച്ചു ചേർന്നു.ഇന്നലെ രാവിലെത്തെ ഓൺലൈൻ ക്ലാസിനു ശേഷമാണ് ഇവർ ഡാമിലേക്ക് എത്തുന്നത്.  ആർക്കും നീന്തൽ അറിയില്ല. ഡാമിന് ആഴമുണ്ടാകുമെന്ന് അറിയാതെയാണ് ഇവർ വെള്ളത്തിൽ ഇറങ്ങിയത്.

പ്രണവിന്റെയും രാഹുലിന്റെയും നിലവിളി കേട്ട് ആദ്യം ഓടിയെത്തിയത് ഡാം റോഡ് വഴി ജോലി കഴിഞ്ഞു മടങ്ങിയിരുന്ന വേലന്താവളം സ്വദേശികളായ അരുൾകുമാറും ഷാജിയുമാണ്. ഇവർ വെള്ളത്തിലറങ്ങും മുൻപ് 3 പേരും മുങ്ങിത്താഴ്ന്നു. പിന്നീട് മത്സ്യബന്ധന തൊഴിലാളികളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. അപകട വിവരമറിഞ്ഞ് ബന്ധുക്കൾക്കൊപ്പം സഹപാഠികളും കോളജ് അധികൃതരും ഇന്നലെ സ്ഥലത്തെത്തിയിരുന്നു.

6 വർഷം, 26 ജീവൻ

വാളയാർ ∙ കഴിഞ്ഞ 6 വർഷത്തിനിടെ വാളയാർ ഡാമിൽ അപകടത്തിൽ പൊഴിഞ്ഞത് 26 ജീവനുകളാണ്. ഇതിൽ 17 പേരും തമിഴ്നാട് സ്വദേശികളാണ്. 6 സ്ത്രീകളും ഉൾപ്പെടും. അപകടം തുടർച്ചയായപ്പോൾ ഒന്നര വർഷം മുൻപു സുരക്ഷാ മുന്നറിയിപ്പു ബോർഡുകളും പ്രത്യേക പരിശോധനയും ആരംഭിച്ചിട്ടും അപകടം ആവർത്തിക്കുകയാണ്. മുകളിലെ ജലപ്പരപ്പിനടിയിൽ ഒളിഞ്ഞിരിക്കുന്ന, അനധികൃത മണലെടുപ്പു മൂലമുണ്ടായ ചതികുഴികൾ തിരിച്ചറിയാനാവാതെ ഇറങ്ങുന്നവരാണ് അപകടത്തിൽപ്പെടുന്നത്.

നടപടി കർശനമാക്കിയപ്പോൾ ഒരു പരിധിവരെ അനധികൃത മണലെടുപ്പു നിർത്താനായി. എന്നാൽ വലിയ ഗർത്തങ്ങൾ ഇപ്പോഴും അവശേഷിക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇന്നലെ വിദ്യാർഥികൾ ഇറങ്ങിയ ഭാഗത്തു 15 അടി താഴ്ചയുള്ള ചെറുതും വലുതുമായ കുഴികളുണ്ടായിരുന്നെന്നും പലയിടത്തും ചതുപ്പും ചെരിവും കാണപ്പെട്ടിരുന്നെന്നും രക്ഷാപ്രവർത്തനത്തിനെത്തിയ അഗ്നിരക്ഷാസേന പറഞ്ഞു. 

വാളയാർ ഇൻസ്പെക്ടർ വി.എസ്. മുരളീധരൻ, എസ്ഐ ആർ. രാജേഷ് എന്നിവർ സ്ഥലത്തെത്തി. ജില്ലാ സ്കൂബാ ടീമിനൊപ്പം കഞ്ചിക്കോട് സ്റ്റേഷൻ ഓഫിസർ ജോബി ജേക്കബ്, പാലക്കാട് അസി.സ്റ്റേഷൻ ഓഫിസർ ടി.അജിത്ത്, സീനിയർ ഫയർ ഓഫിസർമാരായ കെ.മധു, പി.ഒ.വർഗീസ്, സേനാംഗങ്ങളായ കെ.ആർ.സുബിൻ, കെ.ഷിബു, എസ്.ഷമീർ, ടി.വി.സുരേഷ്, ടി.മനോജ് എന്നിവരടങ്ങിയ സംഘമാണു രക്ഷാപ്രവർത്തനത്തിനിറങ്ങിയത്.  

English Summary: Three students who went to bath in Walayar Dam have gone missing

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com