ADVERTISEMENT

വണ്ടിത്താവളം ∙ മൂലത്തറ റഗുലേറ്ററിൽ നിന്നു തുറന്നുവിട്ട വെള്ളത്തിന്റെ കുത്തൊഴുക്കിൽപെട്ട ബൈക്ക് യാത്രികനെ സാഹസികമായി രക്ഷപ്പെടുത്തി. ഗോപാലപുരം സ്വദേശി എൻ. മുനിയപ്പനാണ് (34) റഗുലേറ്ററിനു സമീപമുള്ള നിലംപതി പാലത്തിലൂടെ വരുമ്പോൾ ഒഴുക്കിൽപെട്ടത്. ഗോപാലപുരത്തു ഫിനാൻസ് സ്ഥാപനത്തിൽ ജോലിക്കാരനായ മുനിയപ്പൻ, മീനാക്ഷിപുരം ഭാഗത്തു വന്നു തിരിച്ചു പോകുമ്പോഴാണു സംഭവം.

മൂലത്തറ റഗുലേറ്റർ ഉയർത്തിയതിനാൽ വെള്ളം ശക്തമായി ഒഴുകുന്നതു കാണാതെ പാലത്തിലേക്കു കടന്നപ്പോഴായിരുന്നു അപകടം. വെള്ളത്തിന്റെ ശക്തിയിൽ മുനിയപ്പനും ബൈക്കും ഒലിച്ചുപോവുകയായിരുന്നു.പുഴയ്ക്കരികിൽ മീൻ പിടിക്കുകയായിരുന്ന മീനാക്ഷിപുരം രാമർപണൈ എം. മണി, കൈകാട്ടി സ്വദേശി നാഗരാജ്, മുത്തുസ്വാമി പുതൂർ ചിന്നൻ എന്നിവർ ചേർന്ന്, പുഴയിൽ ചാടി മുനിയപ്പനെ തടഞ്ഞുനിർത്തി.

പുഴയുടെ നടുവിലുള്ള ചെറിയ ചെടിത്തുരുത്തിൽ പിടിച്ചുനിന്ന ഇവരെ ചിറ്റൂരിൽ നിന്നുള്ള അഗ്നി രക്ഷാ സേനാംഗങ്ങളെത്തി പുഴയ്ക്കു കുറുകെ കയർ കെട്ടി ‌രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് മുനിയപ്പന് അമ്പ്രാംപാളയത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി.ചിറ്റൂർ അഗ്നിരക്ഷാ നിലയം സീനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫിസർ എം രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അഗ്നി രക്ഷാ സേനയും സിവിൽ ഡിഫൻസ് അംഗം ബാബു നന്ദിയോടും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. മീനാക്ഷിപുരം പൊലീസും സ്ഥലത്തെത്തി.

രക്ഷയായത് മൂന്ന് യുവാക്കൾ

വണ്ടിത്താവളം ∙ ഒഴുക്കിൽപെട്ട യുവാവിനു രക്ഷകരായത് മീൻപിടിക്കാൻ പുഴയ്ക്കരികിൽ എത്തിയ യുവാക്കൾ. ബൈക്ക് തെന്നി മറിഞ്ഞ് മുനിയപ്പൻ ഒഴുക്കിൽപെട്ടതു കണ്ട എം. മണി ഉടൻ വെള്ളത്തിൽ ചാടി നീന്തി അദ്ദേഹത്തെ പിടിച്ചെങ്കിലും അനിയന്ത്രിതമായ ഒഴുക്കിൽ നിയന്ത്രണം കിട്ടിയില്ല.ഇരുവരും ഒഴുകുന്നതു കണ്ട നാഗരാജ്, ചിന്നൻ എന്നിവരും ഉടൻ വെള്ളത്തിലേക്കു ചാടി മുനിയപ്പനെ രക്ഷിക്കാൻ സഹായിച്ചു.തേങ്ങാ പറിച്ചും കെട്ടിട നിർമാണ തൊഴിൽ ചെയ്തും ഉപജീവനം നടത്തുന്നവരാണ് മൂന്നുപേരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com