ADVERTISEMENT

ഒറ്റപ്പാലം ∙ കണ്ണിയംപുറത്ത് ഇരുചക്ര വാഹന യാത്രക്കാരന്റെ ദാരുണ മരണത്തിന് ഇടയാക്കിയ അപകടത്തിൽ ഉൾപ്പെട്ട വാഹനം ഒന്നര മാസത്തിനു ശേഷം പൊലീസ് കണ്ടെത്തി. കണ്ടെയ്നർ ലോറി കസ്റ്റഡിയിലെടുത്ത പൊലീസ്  ഡ്രൈവർ മധുര തിരുമംഗലം വില്ലൂർ സ്വദേശി മഹാലിംഗത്തെ (33) അറസ്റ്റ് ചെയ്തു.ഓഗസ്റ്റ് 20ന് ആണ് മോപ്പഡ് യാത്രക്കാരൻ കിഴക്കഞ്ചേരി ഇളവംപാടം പുന്നപ്പാടം ജബ്ബാർ(55) വാഹനാപകടത്തിൽ മരിച്ചത്. പാലക്കാട്– കുളപ്പുള്ളി പാതയിൽ പുലർച്ചെയുണ്ടായ അപകടത്തെക്കുറിച്ചു സൂചനയില്ലായിരുന്നു. അപകടം നടന്ന സ്ഥലത്തു നിരീക്ഷണ ക്യാമറകൾ ഇല്ലാത്തതും അന്വേഷണത്തിനു തിരിച്ചടിയായി.

പിന്നീടു ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശപ്രകാരം രൂപീകരിച്ച 9 അംഗ അന്വേഷണ സംഘം കുളപ്പുള്ളി മുതൽ സംസ്ഥാന അതിർത്തി വരെയുള്ള പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ചു നടത്തിയ അന്വേഷണമാണു ലക്ഷ്യം കണ്ടത്.അപകടം നടന്ന ദിവസം പുലർച്ചെ അഞ്ചിനും 5.30നും ഇടയിൽ കണ്ണിയംപുറം വഴി കടന്നുപോയ വാഹനങ്ങളുടെ വിപുലമായ പട്ടിക തയാറാക്കിയായിരുന്നു പ്രാഥമിക അന്വേഷണം. ഇതിൽ ജബ്ബാർ കടന്നുപോയ സമയം ഇതുവഴി പോയ 7 വാഹനങ്ങളിലേക്ക് ചുരുക്കി. സാഹചര്യ തെളിവുകൾ പരിഗണിച്ച് കണ്ടെയ്നർ ലോറിയിലേക്ക് അന്വേഷണം വീണ്ടും ചുരുക്കി. വാളയാർ വഴി കോയമ്പത്തൂരിലേക്കു പോയ കർണാടക റജിസ്‌ട്രേഷൻ ലോറിയുടെ വ്യക്തമായ ദൃശ്യങ്ങൾ ചെക്പോസ്റ്റിലെ ക്യാമറകളിൽനിന്നു പൊലീസ് ശേഖരിച്ചു. റജിസ്ട്രേഷൻ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വാഹനത്തെയും ഡ്രൈവറെയും കണ്ടെത്തിയത്.

ഉറങ്ങിപ്പോയതിനെ തുടർന്നാണു ലോറി നിയന്ത്രണം വിട്ട് മോപ്പഡിൽ ഇടിച്ചതെന്ന് അറസ്റ്റിലായ മഹാലിംഗം മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. ഷൊർണൂർ ഡിവൈഎസ്പി വി.സുരേഷ്, ഒറ്റപ്പാലം പൊലീസ് ഇൻസ്പെക്ടർ വി.ബാബുരാജ്, എസ്ഐ പി.എൽ.ജോർജ്, എഎസ്ഐ ടി.റഷീദലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

പരിശോധിച്ചത് നൂറിലേറെ ക്യാമറകൾ

ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസ് പരിശോധിച്ചതു കുളപ്പുള്ളി മുതൽ സംസ്ഥാന അതിർത്തികളായ വാളയാർ, വേലന്താവളം വരെയുള്ള പ്രദേശങ്ങളിലെ നൂറിലേറെ നിരീക്ഷണ ക്യാമറകളാണ്. പൊലീസ്, മോട്ടർ വാഹന വകുപ്പുകളുടെ ക്യാമറകൾക്കു പുറമേ, സ്വകാര്യ സ്ഥാപനങ്ങളിലെ ക്യാമറകളിൽനിന്നും ദൃശ്യങ്ങൾ ശേഖരിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com