24 മണിക്കൂറിനുള്ളിൽ പാലക്കാട്ട് പെയ്തത് 107.86 മില്ലീ മീറ്റർ മഴ; ജലനിരപ്പ് ഉയർന്ന് ഡാമുകൾ– ചിത്രങ്ങൾ

കനത്ത മഴയെതുടർന്ന് കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടർ 50 സെ.മീ ഉയർത്തിയപ്പോൾ. മീൻ കിട്ടുമെന്ന പ്രതീക്ഷയിൽ വല വീശുന്നയാളെയും കാണാം.
SHARE

കേരളത്തിൽ 16 വരെ ശക്തമായ മഴ തുടരുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്. കനത്തമഴയിൽ കൊല്ലം, ആലപ്പുഴ ജില്ലകളിലായി വെള്ളത്തിൽ വീണു 2 പേർ മരിച്ചു. ഇന്ന് കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

കനത്ത മഴയിൽ വെള്ളത്തിനടിയിലായ ചങ്ങലീരി പാലം.

കോട്ടയം, ആലപ്പുഴ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള യെലോ അലർട്ട് നൽകി. നാളെ വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടും ഉണ്ട്. സംസ്ഥാനത്താകെ കനത്ത മഴയ്ക്കു വഴിയൊരുക്കിയ അറബിക്കടലിലെ ചക്രവാതച്ചുഴി 2 ദിവസം കൂടി തുടരും.

പസിഫിക് സമുദ്രത്തിലെ കോംബസു ചുഴലിക്കാറ്റും കേരളത്തിൽ മഴയുടെ ശക്തി വർധിപ്പിക്കുന്നു. ബംഗാൾ ഉൾക്കടലിൽ ഇന്നു ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയുമുണ്ട്. ഈ മാസം 1 മുതൽ ഇന്നലെ വരെ കേരളത്തിൽ 117% അധികം മഴയാണു ലഭിച്ചത്. സംസ്ഥാനത്ത് പല നദികളും നിറഞ്ഞൊഴുകുകയാണ്. 

കനത്ത മഴയെ തുടർന്നു പോത്തുണ്ടി-നെല്ലിയാമ്പതി റോഡിലേക്കു വീണ മരം.

24 മണിക്കൂറിനുള്ളിൽ പാലക്കാട്ട് പെയ്തത് 107.86 മില്ലീ മീറ്റർ മഴ

പാലക്കാട് ∙ ജില്ലയിൽ കനത്തമഴ തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ ലഭിച്ചതു ശരാശരി 107.86 മില്ലീ മീറ്റർ മഴ. താഴ്ന്ന പ്രദേശങ്ങളിൽ പലയിടങ്ങളിലും വെള്ളം കയറി. ഹെക്ടർ കണക്കിനു നെൽപ്പാടം വെള്ളത്തിനടിയിലായി. തോടുകളിലും പുഴകളിലും നീരൊഴുക്കു വർധിച്ചു. മലയോര മേഖലകളിലെ റോഡുകളിലടക്കം മണ്ണിടിച്ചിലും മരങ്ങൾ കടപുഴകിയതും ദുരിതമായി. അട്ടപ്പാടി ചുരത്തിൽ പല ഭാഗങ്ങളിലും മണ്ണിടിച്ചിലുണ്ടായി ഗതാഗതം ദുഷ്കരമായി. ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

ഇന്നലെ മംഗലംഡാമിന്റെ 6 ഷട്ടറുകളും 40 സെന്റീമീറ്റർ വീതം ഉയർത്തിയപ്പോൾ.

സൈലന്റ്​വാലി മേഖല ഉൾപ്പെടുന്ന മണ്ണാർക്കാട് മേഖലയിലാണു കഴിഞ്ഞ 24 മണിക്കൂറിനിടെ കൂടുതൽ മഴ പെയ്തത്. 238.2 മില്ലീ മീറ്റർ. ഇവിടെ അതിതീവ്ര മഴയാണു പെയ്തത്.  പട്ടാമ്പിയിൽ–175.2, പറമ്പിക്കുളം–134, തൃത്താല–114, മലമ്പുഴ ഉൾപ്പെടുന്ന പാലക്കാട്–76.8, ആലത്തൂർ–73, ഒറ്റപ്പാലം–67, കൊല്ലങ്കോട്–44.8, ചിറ്റൂർ–48 മില്ലി മീറ്റർ മഴയും ചെയ്തു. വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.

കനത്ത മഴയിൽ വീണടിഞ്ഞ തണീർപ്പന്തലിലെ പാടശേഖരങ്ങൾ.

കൊയ്ത്തു സ്തംഭിച്ചു: വൻ നഷ്ടം

പാലക്കാട് ∙ കനത്ത മഴയിൽ ജില്ലയിൽ കൊയ്ത്തു സ്തംഭിച്ചു, കോടികളുടെ നഷ്ടം. നെല്ലെടുപ്പും മന്ദഗതിയിലായി. മഴ ശക്തിയായി തുടരുന്നതിനാൽ ഭൂരിഭാഗം പാടശേഖരങ്ങളിലും കൊയ്ത്തു നിർത്തിവച്ചു. പാടശേഖരങ്ങൾ വീണു നശിക്കുകയാണ്.  വീണ നെൽപാടങ്ങളിൽ മുള പൊട്ടിത്തുടങ്ങിയതോടെ കൃഷിക്കാർ നഷ്ടക്കെടുതിയിലാണ്. മഴ തുടർന്നാൽ ബാക്കിയുള്ള നെൽക്കൃഷി കൂടി നശിക്കും.

ജില്ലയിൽ ഒരു ദിവസത്തിനുള്ളിൽ 1.2 കോടി രൂപയുടെ നെൽക്കൃഷി നാശമാണു റിപ്പോർട്ട് ചെയ്തത്. 283 കൃഷിക്കാരുടെ 80.6 ഹെക്ടർ നെൽക്കൃഷി നശിച്ചു. നഷ്ടസംഖ്യ ഇനിയും ഉയരാം. ജില്ലയിൽ ഇതുവരെ 2000 മെട്രിക് ടൺ നെല്ലാണു സംഭരിച്ചത്. ഒന്നാം വിളയിൽ 1.25–1.5 ലക്ഷം മെട്രിക് ടൺ നെല്ലു സംഭരിക്കാനാണ് സപ്ലൈകോ ലക്ഷ്യമിടുന്നത്. കൊയ്ത്തും എവിടെയും എത്തിയിട്ടില്ല. നെല്ലെടുപ്പ് ഊർജിതമായി വരുന്നതിനിടെയാണു മഴ ശക്തിപ്രാപിച്ചത്. കനത്ത മഴയിൽ നെല്ലെടുപ്പും അസാധ്യമാകുന്നു.

ജില്ലയിൽ ഇതുവരെ 61,425 കൃഷിക്കാരാണ് നെല്ലു സംഭരണത്തിനായി റജിസ്റ്റർ ചെയ്തിട്ടുള്ളത്.  ജില്ലയിൽ കഴിഞ്ഞ ദിവസം മാത്രം (11ാം തീയതി മുതൽ 12 വരെ) 1.22 കോടി രൂപയുടെ കൃഷി നാശം രേഖപ്പെടുത്തി. ഇതിൽ പച്ചക്കറി നാശം 1.6 ഹെക്ടർ സ്ഥലത്താണ്. നഷ്ടം 64 ലക്ഷം രൂപ. ബാക്കി നെൽക്കൃഷി നാശമാണ്. ആലത്തൂർ (32 ഹെക്ടർ), മലമ്പുഴ (24 ഹെക്ടർ) ബ്ലോക്കുകളിലാണു നാശം കൂടുതൽ. ചിറ്റൂർ 6.6, കുഴൽമന്ദം 4, ഷൊർണൂർ 1.6, ശ്രീകൃഷ്ണപുരം 14 ഹെക്ടർ എന്നിങ്ങനെയാണു കഴിഞ്ഞ ദിവസത്തെ കൃഷി നാശം.  

കൊയ്ത്ത് യന്ത്രങ്ങൾ മടങ്ങുന്നു; പ്രതിസന്ധി

തുടരുന്ന മഴയിൽ കൊയ്ത്തു കൂടി സ്തംഭിച്ചതോടെ ജില്ലയിൽ നിന്നു കൊയ്ത്തു യന്ത്രങ്ങൾ തമിഴ്നാട്ടിലേക്കു മടങ്ങിത്തുടങ്ങി. ഇതോടെ ജില്ല കൊയ്ത്തു യന്ത്ര ക്ഷാമത്തിലേക്കും നീങ്ങുകയാണ്. ഇതു കടുത്ത പ്രതിസന്ധിക്കും വൻ നഷ്ടത്തിനും ഇടയാക്കും. മഴയുടെ ഇടവേളയിലാണു കൊയ്ത്തു നടക്കുന്നത്. ഇതിനു പോലും യന്ത്രം കിട്ടാത്ത സ്ഥിതിയുണ്ട്. വർധിച്ച ഇന്ധനച്ചെലവും യന്ത്രക്കൊയ്ത്തുകാരെ മുഷിപ്പിക്കുന്നു.

തമിഴ്നാട്ടിൽ കൊയ്ത്ത് ആരംഭിച്ചതും പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ യന്ത്ര ക്ഷാമത്തിന് ആക്കം കൂട്ടും.  ജില്ലയിൽ 95% പാടശേഖരങ്ങളും യന്ത്രക്കൊയ്ത്താണ് ആശ്രയിക്കുന്നത്. ഇതിനിടെ കൊയ്ത്ത് യന്ത്രത്തിനു ക്ഷാമം നേരിട്ടാൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകും. ജില്ലാ ഭരണകൂടം അടിയന്തരമായി ഈ വിഷയത്തിൽ ഇടപെടണമെന്നാണു കർഷകരുടെ നിർദേശം.

ജലനിരപ്പ് ഉയർന്ന് ജില്ലയിലെ ഡാമുകൾ

പാലക്കാട് ∙ ജില്ലയിൽ 4 ദിവസമായി പെയ്യുന്ന മഴയിൽ ഡാമുകളിലെ ജലനിരപ്പ് ഉയർന്നു.  പുഴകളിൽ നീരൊഴുക്ക് കൂടി. കാഞ്ഞിരപ്പുഴ, മംഗലംഡാം, പോത്തുണ്ടി ഡാമുകളുടെ ഷട്ടറുകൾ നേരത്തെ തുറന്നിട്ടുണ്ട്. മഴ തുടർന്നാൽ മലമ്പുഴ ഉൾപ്പെടെ ഡാമുകളുടെ ഷട്ടറുകളും തുറക്കേണ്ടി വരുമെന്നു ജലസേചന വകുപ്പ് അധികൃതർ അറിയിച്ചു. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് യോഗം ചേരും.

മലമ്പുഴ ഡാമിലെ പ്രധാന ജലസ്രോതസ്സായ അകമലവാരത്തെ മയിലാടിപ്പുഴയിലും നീരൊഴുക്ക് കൂടി. ജലസേചന വകുപ്പ് അധികൃതർ പ്രദേശങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഡാമുകളിലെ ജലനിരപ്പ്: ഇന്നലെ, കഴിഞ്ഞ വർഷം ഇതേ ദിവസം, പരമാവധി സംഭരണശേഷി എന്ന ക്രമത്തിൽ (സമുദ്ര നിരപ്പിൽ നിന്നുള്ള ഉയരം, മീറ്റർ കണക്കിൽ)  

∙ മലമ്പുഴ : 113.71, 114.27, 115.06 ∙ കാഞ്ഞിരപ്പുഴ: 96.45, 96.90, 97.05 ∙ മംഗലംഡാം: 77.51, 76.81, 77.88 ∙ വാളയാർ: 200.58, 202.44, 203 ∙ മീങ്കര: 156.09, 155.40, 156.36 ∙ ചുള്ളിയാർ: 153.54, 151.33, 154.08 ∙ പോത്തുണ്ടി: 107.37, 106.81, 108,20.

കാഞ്ഞിരപ്പുഴ ഡാം തുറന്നു

കാഞ്ഞിരപ്പുഴ ഡാമിന്റെ ജലനിരപ്പ് ബ്ലൂ അലർട്ട് ലെവലായ 96.50 മീറ്റർ കടന്നതിനെത്തുടർന്ന് ഡാമിന്റെ ഷട്ടറുകൾ 50 സെന്റീമീറ്റർ ഉയരത്തിൽ തുറന്നു. 97.5 മീറ്ററാണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. കഴിഞ്ഞ ദിവസങ്ങളിൽ ജല നിരപ്പ് ഉയർന്നതിനെത്തുടർന്ന് നേരത്തെ 25 സെന്റീമീറ്റർ വീതം ഷട്ടറുകൾ തുറന്നിരുന്നു.  ഇന്നലെ 25 സെന്റീമീറ്റർ കൂടി ഉയർത്തിയാണ് 50 ആക്കിയത്. വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഡാം തുറന്നതോടെ പുഴയിൽ ജല നിരപ്പ് ഉയർന്നു. പുഴയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

നെല്ലിയാമ്പതി: ഗതാഗതം മുടങ്ങി

നെല്ലിയാമ്പതി∙ കനത്ത മഴയെത്തുടർന്നു പോത്തുണ്ടി-നെല്ലിയാമ്പതി റോഡിലേക്കു മരം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ ആറിനാണു തേക്കിൻകാട് ഭാഗത്ത് മരം കണ്ടെത്തിയത്. റോഡിന്റെ ഇരുവശത്തും ഒട്ടേറെ വാഹനങ്ങൾ കുടുങ്ങി. യാത്രക്കാരായ തൊഴിലാളികളും മറ്റും ഇടപെട്ടു മരം വെട്ടിനീക്കി. ഒരു മണിക്കൂറിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. ഒരാഴ്ചയ്ക്കിടെ നാലാം തവണയാണ് മരം വീണു ഗതാഗതം തടസ്സപ്പെടുന്നത്. 

ചിറ്റൂർപ്പുഴ: ജാഗ്രത വേണം

പാലക്കാട് ∙ പറമ്പിക്കുളം, ആളിയാർ അണക്കെട്ടുകൾ നിറഞ്ഞതിനാൽ ചിറ്റൂർപ്പുഴയോരത്തും ജാഗ്രതാ നിർദേശം. 1050 അടി പരമാവധി സംഭരണ നിരപ്പുള്ള ആളിയാർ ഡാമിൽ 1049.6 അടിയാണു നിലവിലെ ജലനിരപ്പ്. ഇന്നലെ വൈകിട്ടോടെ പദ്ധതി പ്രദേശത്തു മഴയുടെ തോത് കുറഞ്ഞിട്ടുണ്ട്. ഡാം തുറക്കേണ്ടി വന്നാൽ  വെള്ളം ആളിയാർപുഴ വഴി ചിറ്റൂർപ്പുഴയിലേക്കാണു തുറക്കുക.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN palakkad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA