ADVERTISEMENT

പാലക്കാട് ∙ തുള്ളിക്കൊരു കുടം കണക്കെ കോരിക്കൊട്ടിയ മഴയിലും ഒപ്പം വീശിയടിച്ച കാറ്റിലും തകർന്നടിഞ്ഞു നെല്ലറ. ഇന്നലെ പെയ്ത പേമാരിയിൽ ജില്ലയിൽ കൊയ്ത്തും നെല്ലെടുപ്പും നിലച്ചു. 

നെല്ലെടുപ്പിന്റെ ഗതി എന്താകുമെന്ന ആശങ്കയിലാണു കൃഷിക്കാരും സപ്ലൈകോയും. ഇന്നലത്തെ കൃഷിനാശം കണക്കാക്കാൻ പോലും സാധിച്ചിട്ടില്ല. ഇന്നു മഴ തോർന്നാൽ മാത്രമേ കൃഷിനാശം പോലും വിലയിരുത്താനാകൂ. നെൽപാടങ്ങൾ മുഴുവൻ വെള്ളത്തിലാണ്. വെള്ളം ഒഴുകിപ്പോകാനും വഴിയില്ല. കനാലുകൾ നിറഞ്ഞൊഴുകുകയാണ്. 24 മണിക്കൂറോളം വെള്ളത്തിൽ മുങ്ങിക്കിടന്ന നെല്ലിന്റെ സ്ഥിതി എന്താകുമെന്നും ആശങ്കയുണ്ട്.

1.5 ലക്ഷം ടണ്ണിൽ ഇതുവരെ 3215

ജില്ലയിൽ ഒന്നാം വിളയിൽ ഇതുവരെ സംഭരിച്ചത് 3215 ടൺ നെല്ലാണ്. 1.25–1.5 ലക്ഷം ടൺ നെല്ലാണ് ഒന്നാം വിളയിൽ സംഭരിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ഈ കണക്കു പ്രകാരം ജില്ലയിൽ സംഭരണം എവിടെയും എത്തിയിട്ടില്ല. തുടർച്ചയായി മഴ പെയ്യുന്നതിനാൽ ലക്ഷ്യമിട്ട അത്രയും നെല്ലു സംഭരിക്കാനാകുമോ എന്ന ആശങ്കയുണ്ട്. ജില്ലയിൽ ഒന്നാം വിള നെല്ലു സംഭരണത്തിന് ഇതുവരെ 61,800ലധികം കൃഷിക്കാരാണ് സപ്ലൈകോയിൽ റജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിഭാഗം കൃഷിക്കാരും മഴമൂലമുള്ള കൃഷിനാശത്താൽ തകർന്നടിയുന്ന അവസ്ഥയിലാണ്.

മഴക്കെടുതി; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

മുൻ വർഷങ്ങളിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലങ്ങളിലും ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലും താമസിക്കുന്നവർ അധികൃതരുടെ ഉപദേശാനുസരണം മാറിത്താമസിക്കണമെന്ന് ജില്ലാ ഫയർ ഓഫിസർ വി.കെ. ഋതീജ് അറിയിച്ചു ∙ താഴ്ന്ന പ്രദേശങ്ങളിലും മലഞ്ചെരിവുകളിലും ഉള്ളവർ മുന്നറിയിപ്പുകൾ ശ്രദ്ധിച്ച് എമർജൻസി കിറ്റുകൾ തയാറാക്കി ആവശ്യമെങ്കിൽ അഭയ സ്ഥാനത്തേക്കു മാറണം ∙

നദികളിലും തോടുകളിലും ജലനിരപ്പ് ഉയരാൻ സാധ്യതയേറെ ∙ രാത്രിയാത്ര ഒഴിവാക്കണം ∙ വൃക്ഷങ്ങളും മറ്റും അപകടകരമായ സാഹചര്യത്തിൽ വീടുകൾക്കു മുകളിലേക്കു വളർന്നുനിൽക്കുന്നുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധ പുലർത്തണം ∙ അടിയന്തര സാഹചര്യം ഉണ്ടായാൽ അഗ്നിരക്ഷാ സേനയുടെ 101, 0491–2505701 ഫോൺ നമ്പറിൽ ബന്ധപ്പെടാം ∙ നിർമാണ ജോലികളിലുള്ളവർ കാറ്റും മഴയും ശക്തമായാ‍ൽ ജോലി നിർത്തി സുരക്ഷിത ഇടങ്ങളിലേക്കു മാറണം ∙

ഔദ്യോഗിക കാലാവസ്ഥാ പ്രവചനങ്ങൾ ശ്രദ്ധിക്കുക ∙ ഒഴുക്കിനിടെ വാഹനം ഓടിച്ചോ, നടന്നോ പോകാൻ ശ്രമിക്കരുത് ∙ വെള്ളക്കെട്ടിലൂടെ നടന്നുപോകുമ്പോൾ വടിയോ മറ്റോ ഉപയോഗിച്ചാൽ ആഴം അറിയാനാകും ∙ വെള്ളപ്പൊക്കമേഖലകളിൽ വൈദ്യുതി, പാചക വാതക കണക്‌ഷനുകൾ ഓഫ് ആക്കുക ∙ വെള്ളക്കെട്ടിൽ കളിക്കാൻ കുട്ടികളെ അനുവദിക്കരുത്

ഫോൺ നമ്പറുകൾ

ജില്ലയിലെ അഗ്നിരക്ഷാ നിലയങ്ങളുടെ ഫോൺ നമ്പറുകൾ ∙ കഞ്ചിക്കോട്: 0491 2569701 ∙ കോങ്ങാട് 0491 22847101 ∙ ഷൊർണൂർ 0466 2222701 ∙ പട്ടാമ്പി 0466 2955101 ∙ മണ്ണാർക്കാട് 0492 4230303 ∙ ആലത്തൂർ 0492 2223150 ∙ വടക്കഞ്ചേരി 0492 2256101 ∙ ചിറ്റൂർ 0492 3222499 ∙ കൊല്ലങ്കോട് 0492 3262101.

വൈദ്യുതി മേഖല

∙ കാറ്റിലും മഴയിലും വൈദ്യുതി ലൈനും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങൾ ശ്രദ്ധയിൽപെട്ടാൽ കെഎസ്ഇബി കൺട്രോൾ റൂം (നമ്പർ 1912), ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കൺട്രോൾ റൂം (നമ്പർ 1077) എന്നിവിടങ്ങളിൽ വിവരം അറിയിക്കാം. ജനങ്ങൾ നേരിട്ടിറങ്ങി ഇത്തരം റിപ്പയർ പ്രവൃത്തികൾ നടത്തരുത് ∙ അതിരാവിലെ ജോലിക്കു പോകുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. വഴിയിലെ വെള്ളക്കെട്ടിലും മറ്റും വൈദ്യുതി ലൈൻ പൊട്ടി വീണിട്ടില്ലെന്ന് ഉറപ്പാക്കണം ∙ കൃഷിയിടങ്ങളിൽക്കൂടി കടന്നു പോകുന്ന വൈദ്യുതി ലൈനുകൾ സുരക്ഷിതമെന്ന് ഉറപ്പാക്കുക.

ശ്രദ്ധിക്കാം ഈ സൂചനകൾ

∙ വാതിൽ, ജനൽ എന്നിവ കുലുങ്ങുക ∙ അടിത്തറയിൽ വിള്ളൽ ∙ പുറം ഭിത്തികളും ഗോവണിയും കെട്ടിടത്തിൽനിന്നു തള്ളിപ്പോവുക ∙ പുതിയ സ്ഥലങ്ങളിലൂടെ ഭൂഗർഭ ജലം ഒഴുകിയെത്തുക ∙ മഴച്ചാലുകൾ, ഉറവ എന്നിവിടങ്ങളിൽ വെള്ളത്തിന്റെ അളവ് പൊടുന്നനെ ഉയരുക ∙ തുടർച്ചയായി ആവർത്തിക്കുന്ന താഴ്ന്ന ശബ്ദങ്ങൾ എന്നിവ ഉരുൾപൊട്ടലിന്റെ സൂചനകളാകാം ∙ ഉരുൾ പൊട്ടൽ സാധ്യതാ മേഖലകളിലുള്ളവർ ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

നെല്ലിയാമ്പതി, സൈലന്റ്‌വാലി പറമ്പിക്കുളം: പ്രവേശനമില്ല

പാലക്കാട് ∙ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ മലയോര വിനോദ സഞ്ചാര കേന്ദ്രങ്ങളായ നെല്ലിയാമ്പതി, പറമ്പിക്കുളം, സൈലന്റ്‌വാലി എന്നിവിടങ്ങളിലേക്കുള്ള പ്രവേശനം തൽക്കാലത്തേക്കു നിർത്തിവച്ചതായി ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് അറിയിച്ചു. ∙ ഡാമുകളിലേക്കും പ്രവേശനമില്ല.

യേർക്കാട്: വഴികൾ അടച്ചു

സേലം ∙ പ്രദേശത്തെ മഴ കാരണം യേർക്കാട് വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള വഴികൾ താൽക്കാലികമായി അടച്ചു. പ്രദേശവാസികളെ ആധാർ പരിശോധിച്ച ശേഷം കടത്തിവിടുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

കൺട്രോൾ റൂം

ജില്ലയിൽ താലൂക്ക് തലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു. താലൂക്ക്, ഫോൺ നമ്പർ ക്രമത്തിൽ ∙ പാലക്കാട് 0491 2505770 ∙ ചിറ്റൂർ 0492 3224740 ∙ ആലത്തൂർ 0492 2222324 ∙പട്ടാമ്പി 0466 2214300 ∙ ഒറ്റപ്പാലം 0466 2244322 ∙ മണ്ണാർക്കാട് 0492 4222397 ∙ അട്ടപ്പാടി 9846243440, 6282905701.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com