ADVERTISEMENT

പാലക്കാട് ∙ വിളഞ്ഞതിൽ പകുതിപോലും കൊയ്തെടുക്കാനില്ലാതെ നെൽക്കൃഷി നാശത്തിൽ പകച്ചു പാലക്കാട്. തോരാമഴയിൽ ഒന്നും കൊയ്തെടുക്കാനില്ലാത്ത സ്ഥിതിയാണെന്നു നെഞ്ചകം പൊട്ടി കർഷകർ പറയുന്നു. കൊയ്തെടുത്ത നെല്ല് ഉണക്കാനാകാതെ മുളയ്ക്കൽ ഭീഷണിയുണ്ട്. മഴ നി‍ൽക്കാത്തതിനാൽ പാടങ്ങളിൽ വെള്ളക്കെട്ട് ഒഴിയുന്നില്ല. നെൽച്ചെടികൾ 2 ദിവസമായി വെള്ളത്തി‍ൽ വീണു കിടക്കുകയാണ്. പലയിടത്തും നെല്ലു നശിച്ചു. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ കൃഷിനാശം സംബന്ധിച്ചു സമഗ്ര റിപ്പോർട്ട് തയാറാക്കുന്നുണ്ട്. മഴ തുടരുകയാണെങ്കിലും നെല്ലെടുപ്പു തുടരാൻ നിർദേശിച്ചതായി പാഡി മാർക്കറ്റിങ് ഓഫിസർ സി. മുകുന്ദകുമാർ അറിയിച്ചു. 

ഈർപ്പം നോക്കാതെ നെല്ലളക്കണം

‘സർവത്ര നശിച്ചു, ബാക്കിയുള്ള നെല്ലെങ്കിലും ഈർപ്പം നോക്കാതെ സംഭരിക്കണം...’ പാലക്കാട്ടെ കർഷകർ ആവശ്യപ്പെട്ടു. സപ്ലൈകോ നെല്ലു സംഭരണത്തിൽ 17% വരെ ഈർപ്പാംശമാണ് അനുവദനീയം. മഴ വിട്ടാൽ പോലും മൂടിക്കെട്ടി ഈർപ്പം നിറഞ്ഞ അന്തരീക്ഷത്തിൽ നെല്ല് ഉണക്കാനാകുന്നില്ല. വീടിന്റെ ഉൾവശം തറയിൽ വരെ ഈർപ്പമാണ്.

നിലത്തു പരത്തിയിട്ടു പോലും നെല്ലുണക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ ഈർപ്പം നോക്കാതെ നെല്ലെടുക്കണമെന്നാണു കൃഷിക്കാരുടെ ആവശ്യം. കൊയ്ത്തും നെല്ലു സംഭരണവും മഴയത്തായതിനാൽ 17% ഈർപ്പാംശമെന്ന ഗുണനിലവാരം പാലിക്കാനാകില്ലെന്നും ഒന്നാം വിളയിലെങ്കിലും ഈ നിബന്ധനയിൽ ഇളവു വേണമെന്നും കൃഷിക്കാർ ആവശ്യപ്പെട്ടു. 

100 കിലോയ്ക്ക് ഒരു കിലോ അധികം നൽകണം

മഴ സാഹചര്യത്തിൽ ഈർപ്പാംശമുള്ള നെല്ലും സംഭരിക്കുമെന്ന് സപ്ലൈകോ. 18% ഈർപ്പം ഉണ്ടെങ്കിൽ 100 കിലോയ്ക്ക് ഒരു കിലോ നെല്ല് അധികം നൽകണം. ഈർപ്പാംശം 19% ആണെങ്കിൽ 2 കിലോ നെല്ല് അധികം നൽകണം. ഈ രീതിയിൽ നെല്ലെടുക്കാനാണു നിർദേശിച്ചിട്ടുള്ളത്. കർഷകർ സാധിക്കുന്നതുപോലെ നെല്ല് ഉണക്കി നൽകണം. നെല്ലു സംഭരണവുമായി ബന്ധപ്പെട്ട് എന്തു പരാതികളുണ്ടെങ്കിലും പാഡി മാർക്കറ്റിങ് ഓഫിസർമാരെ ബന്ധപ്പെടാമെന്ന് സപ്ലൈകോ അറിയിച്ചു. ഈർപ്പത്തിന്റെ പേരിൽ കൃഷിക്കാരെ ചൂഷണം ചെയ്യാനും അനുവദിക്കില്ല. ഇത്തരം പരാതികളിൽ ഉടൻ നടപടിയെടുക്കുമെന്നും സപ്ലൈകോ വ്യക്തമാക്കി.

2 ദിവസം: നഷ്ടം കോടികൾ

ജില്ലയിൽ കഴിഞ്ഞ 2 ദിവസത്തിനിടെ നശിച്ചത് 250 ഹെക്ടറിലേറെ നെൽകൃഷി. മൂന്നേമൂക്കാൽ കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. നഷ്ടവും നാശവും ഓരോ മണിക്കൂറിലും ഉയർന്നുകൊണ്ടിരിക്കുന്നു. 500ൽ ഏറെ കൃഷിക്കാരുടെ നെൽകൃഷി പൂർണമായും നശിച്ചു. ഇതര കൃഷി നാശവും ഉണ്ട്. മഴ നാശനഷ്ടം രേഖപ്പെടുത്താൻ അവധി ദിവസമായ ഇന്നലെ കൃഷി ഓഫിസുകൾ പ്രവർത്തിച്ചു. ഓരോ മേഖലയിലെയും കൃത്യമായ നാശനഷ്ടം വിലയിരുത്തി അറിയിക്കാനാണു കൃഷി വകുപ്പിന്റെ നിർ‍ദേശം. 

പ്രത്യേക പാക്കേജ് വേണം 

മഴ വീഴ്ത്തിയ നെല്ലറയ്ക്കും കൃഷിക്കാർക്കും താങ്ങാകാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യം. നാശവും നഷ്ടവും അത്രയേറെ കനത്തതാണ്. ഇതിനു പിന്നാലെ കടക്കെണിയെത്തും. 

∙ ഒരു ഏക്കർ നെൽപാടത്തുനിന്നു പരമാവധി 2200 കിലോ വരെ നെല്ലാണ് സപ്ലൈകോ സംഭരിക്കുക. ഇത്തവണ കാലവർഷത്തിലെ ഏറ്റക്കുറച്ചിലുകൾ കാരണം 2000 കിലോയ്ക്കു താഴെയാണു ശരാശരി ഉൽപാദനം. 

∙ കൊയ്ത്ത് കാലവർഷത്തിൽ മുങ്ങിയതോടെ പാടശേഖരത്തിൽ പകുതിയിലേറെ നെല്ല് കൊയ്തെടുക്കാനാകാത്ത അവസ്ഥയുണ്ട്. ഇത്തരത്തിൽ ചിലയിടങ്ങളിൽ ഏക്കറിന് 1000 കിലോ പോലും ലഭിക്കുന്നില്ല. ഈ ഇനത്തിൽ മാത്രം ഒരു ഏക്കറിന് 34,464 രൂപ നഷ്ടം വരും. 

∙ ഒരു ഏക്കർ പാടത്തു വിത്തിറക്കം മുതൽ കൊയ്ത്തുവരെ 35,000–40,000 രൂപ വരെയാണു ചെലവ്.  

∙ ജില്ലയിൽ 61,800ൽ ഏറെ കൃഷിക്കാർ സപ്ലൈകോ നെല്ലു സംഭരണത്തിന് റജിസ്റ്റർ ചെയ്തിട്ടുണ്ട്.  ഫലത്തിൽ ഇതിലധികം കൃഷിക്കാർ നഷ്ടക്കണക്കിന്റെ പിടിയിലാണ്.  ഈ സാഹചര്യത്തിൽ ജില്ലയിൽ നാശനഷ്ടത്തിന്റെ സ്ഥിതിയും തോതും വിലയിരുത്തി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com