ADVERTISEMENT

ഷോളയൂരിൽ 2 വീട് തകർന്നു

ഷോളയൂർ ∙ മഴയിൽ ഷോളയൂർ പഞ്ചായത്തിൽ 2 വീടുകൾ ഭാഗികമായി തകർന്നു. തെക്കേ കടമ്പാറയിൽ പഴനിസ്വാമിയുടെ വീടിന്റെ പകുതിയോളം ഭാഗം മേൽക്കൂരയും ഭിത്തികളും ഇടിഞ്ഞുവീണു. ചുണ്ടക്കുളത്ത് ചെല്ലി രങ്കസ്വാമിയുടെ വീടിന്റെ ഓടുമേഞ്ഞ മേൽക്കൂരയ്ക്കു സാരമായ കേടുപറ്റി. ആർക്കും പരുക്കില്ല. പഞ്ചായത്ത് അംഗം ജി. രാധാകൃഷ്ണ കുറുപ്പിന്റെ നേതൃത്വത്തിൽ ഇരു കുടുംബങ്ങളെയും വാടക വീടുകളിലേക്കു മാറ്റി.

തെക്കേ കടമ്പാറയിൽ പഴനിസ്വാമിയുടെ വീട് മഴയിൽ തകർന്ന നിലയിൽ.

വീടിന്റെ മതിൽ തകർന്നു

മണ്ണാർക്കാട് ∙ കനത്ത മഴയിൽ ഞെട്ടരക്കടവ് ഐശ്വര്യയിൽ ശുഭാകരന്റെ വീടിന്റെ പിൻഭാഗത്തെ മതിൽ തകർന്നു. ശുചിമുറിയും തകർന്നു. സമാന രീതിയിൽ സമീപത്ത് വീണ്ടും ഇടിച്ചിലുണ്ടാവാൻ സാധ്യതയുണ്ട്.

തിരുവിഴാംകുന്ന് വലിയപാറയിലെ മാടാമ്പാറ ബീക്കുട്ടിയുടെ വീടിന്റെ ചുമർ കനത്ത മഴയിൽ തകർന്നുവീണ നിലയിൽ.

കെട്ടിടം തകർന്നു

മണ്ണാർക്കാട് ∙ വടക്കുമണ്ണം റോഡിൽ പച്ചക്കറി മാർക്കറ്റിലെ കന്യകാ പരമേശ്വരി ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ മേൽക്കൂര കാറ്റിലും മഴയിലും പൊളിഞ്ഞു വീണു. രാത്രിയായതിനാൽ ആളപായമുണ്ടായില്ല. ഏറെ തിരക്കുള്ള പച്ചക്കറി മാർക്കറ്റിലെ കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നത്. കഴിഞ്ഞ വർഷവും കെട്ടിടം ഭാഗികമായി തകർന്നിരുന്നു.

മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന നിലയിൽ.

ശിരുവാണി അണക്കെട്ടിന്റെ ഷട്ടർ 70 സെ.മീ. ഉയർത്തി

കല്ലടിക്കോട് ∙ ശിരുവാണി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴയെ തുടർന്ന് ഡാമിന്റെ റിവർ സ്ലൂയിസ് ഷട്ടർ 70 സെന്റി മീറ്ററായി ഉയർത്തി. നിലവിൽ ജലനിരപ്പ് സമുദ്ര നിരപ്പിൽ നിന്ന് 876.75 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. പരമാവധി ശേഷി 77 മീറ്റർ. ശിരുവാണി സ്ലൂയിസ് ദിവസങ്ങൾക്കു മുൻപ് 40 സെന്റി മീറ്റർ ഉയർത്തിയിരുന്നു. വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. ഭവാനിപ്പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അസി.എക്സി.എൻജിനീയർ അറിയിച്ചു.

കാഞ്ഞിരപ്പുഴ വെള്ളത്തോട് ആദിവാസി കോളനിക്കാരെ ക്യാംപിലേക്കു മാറ്റി

മണ്ണാർക്കാട് ∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാഞ്ഞിരപ്പുഴ വെള്ളത്തോട് ആദിവാസി കോളനി നിവാസികളെ ദുരിതാശ്വാസ ക്യാംപിലേക്ക് മാറ്റി. മഴ കനത്ത് പാറകൾ ഉരുണ്ടു വീഴാനും ഉരുൾ പൊട്ടാനുമുള്ള സാധ്യത കണക്കിലെടുത്ത്. മുണ്ടക്കുന്ന് ഹോളി ഫാമിലി സ്കൂളിലേക്കാണു ഇവരെ മാറ്റിയത്. 20 കുടുംബങ്ങളെയാണ് ആദ്യഘട്ടമായി മാറ്റുന്നത്. കാഞ്ഞിരപ്പുഴ ഡാമിനു തൊട്ടു മുകളിലെ ഊരിൽ ഉരുൾപൊട്ടൽ ഭീതി നിലനിൽക്കുന്നുണ്ട്.

കൂറ്റൻ പാറകളാണു വീടുകളുടെ മേൽഭാഗത്തെ ചെങ്കുത്തായ മലയിലുള്ളത്. പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജൻ, വൈസ് പ്രസി‍ഡന്റ് സിദ്ദീഖ് ചേപ്പോടൻ, വികസന സ്ഥിരം സമിതി അധ്യക്ഷ പ്രമീള, പഞ്ചായത്തംഗങ്ങളായ രവി അടിയത്ത്, ഷാജഹാൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇവരെ മാറ്റിയത്. മുണ്ടക്കുന്ന് സ്കൂളിലെ ക്യാംപിൽ നിലവിൽ പാമ്പൻതോട് ആദിവാസി കോളനിയിലുള്ളവരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com