ADVERTISEMENT

മുതലമട ∙ പറമ്പിക്കുളം അണക്കെട്ടിൽ നിന്നു പെരിങ്ങൽക്കുത്തിലേക്ക് ഒഴുക്കുന്നതു സെക്കൻഡിൽ 1200 ക്യുസെക്സ് വെള്ളം . മൂന്നു ഷട്ടറുകളിൽ രണ്ടെണ്ണം 15 സെന്റിമീറ്റർ വീതമാണു തുറന്നിരിക്കുന്നത്. ഡാമുകളിലെ ജലക്രമീകരണത്തിന്റെ ഭാഗമായി ഏതാനും ദിവസങ്ങളായി സ്പിൽവേയിലൂടെ വെള്ളം ഒഴുക്കുന്നുണ്ട്. പറമ്പിക്കുളത്തെ 3 അണക്കെട്ടുകളും പൂർണ സംഭരണ ശേഷിക്കടുത്തായതിനാൽ മഴ ശക്തമായാൽ തൂണക്കടവ് അണക്കെട്ടും തുറക്കാൻ സാധ്യതയുണ്ട്. പറമ്പിക്കുളത്തിന്റെ മൂന്നാമത്തെ ഷട്ടർ തുറക്കുന്നതിനൊപ്പം ഷട്ടറുകൾ കൂടുതൽ ഉയർത്താനും സാധ്യതയുണ്ട്.

പറമ്പിക്കുളം, തൂണക്കടവ് അണക്കെട്ടുകളിൽ നിന്നു സ്പിൽവേ വഴി പോകുന്ന വെള്ളം പെരിങ്ങൽക്കുത്ത്, അതിരപ്പിള്ളി വഴി ചാലക്കുടിപ്പുഴയിലേക്കാണ് ഒഴുകിയെത്തുക.ഇതു ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് ഉയരാൻ ഇടയാക്കും.1825 അടി പൂർണ സംഭരണ ശേഷിയുള്ള പറമ്പിക്കുളം അണക്കെട്ടിൽ ഇന്നലെ 1824.3 അടി വെള്ളമുണ്ട്. 3295 അടി പൂർണ സംഭരണ ശേഷിയുള്ള തമിഴ്നാട് ഷോളയാറും പൂർണ ശേഷിക്കടുത്തായതിനാൽ സെക്കൻഡിൽ 1010 ക്യുസെക്സ് വെള്ളം പറമ്പിക്കുളത്തേക്ക് ഒഴുകുന്നുണ്ട്. കൂടാതെ, വൈദ്യുതി ഉൽപാദിപ്പിക്കുന്ന ഒന്നാം പവർ ഹൗസിൽ നിന്ന് 800 ക്യുസെക്സ് വെള്ളം പറമ്പിക്കുളത്തേക്കാണ് ഒഴുകിയെത്തുന്നത്.

1770 അടി ശേഷിയുള്ള തൂണക്കടവിൽ ഇന്നലെ 1769.62 അടി വെള്ളമുണ്ട്. പറമ്പിക്കുളം ഗ്രൂപ്പ് അണക്കെട്ടുകളിൽ ജലനിരപ്പ് പരമാവധിയാകുന്നതിനു മുൻപ് നിയന്ത്രിത രീതിയിൽ തുറന്നു ജലം ക്രമീകരിക്കണമെന്നു സംയുക്ത ജലക്രമീകരണ ബോർഡിൽ സംസ്ഥാനം ആവശ്യപ്പെട്ടിരുന്നതാണ്. അതിനാൽ മഴ ശക്തമായാൽ പറമ്പിക്കുളം, തൂണക്കടവ് അണക്കെട്ടുകളുടെ സ്പിൽവേയിലൂടെ ചാലക്കുടിപ്പുഴയിലേക്കു കൂടുതൽ വെള്ളം തുറക്കാൻ നിർബന്ധിതമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com