ADVERTISEMENT

മുതലമട ∙ കാട്ടാനകൾ കൂട്ടത്തോടെയും ഒറ്റയ്ക്കും കാടിറങ്ങി കൃഷി നശിപ്പിക്കുന്നതു മലയോര കാർഷിക മേഖലയ്ക്കു വെല്ലുവിളിയാകുന്നു. കഴിഞ്ഞ ദിവസം വൈകിട്ടു കൊമ്പനും കുട്ടിയും പിടിയുമുൾപ്പെടെ 9 ആനകളാണു മലയടിവാരത്തെത്തിയത്. ചപ്പക്കാടിനും വെള്ളാരംകടവിനും ഇടയിലെ കുട്ടുമലത്തിട്ടിനടുത്തെ വനാതിർത്തിയിലെത്തിയ ആനക്കൂട്ടത്തെ വനംവകുപ്പ് ജീവനക്കാരെത്തി ശബ്ദം ഉണ്ടാക്കിയും പടക്കം പൊട്ടിച്ചും കാടു കയറ്റുകയായിരുന്നു.

എലവഞ്ചേരി പുളിയന്തോണിയിൽ ഒറ്റയാനിറങ്ങി നശിപ്പിച്ച തെങ്ങുകൾ.

കഴിഞ്ഞ ദിവസം രാത്രിയിൽ ചപ്പക്കാട്ടെ കുഞ്ചുവേലന്റെ കൃഷിയിടത്തിലെ തെങ്ങ്, മാവ്, പന എന്നിവ നശിപ്പിച്ചു. 3 തെങ്ങും പനയും നശിപ്പിച്ച ആനകൾ ഒട്ടെറെ മാവിന്റെ ചില്ലകളും ഒടിച്ചിട്ടുണ്ട്. വെള്ളാരംകടവിലെ ടോമിയുടെ കൃഷിയിടത്തിലെ 4 തെങ്ങും മാവിന്റെ കൊമ്പുകളും ആന നശിപ്പിച്ചിട്ടുണ്ട്. എലവഞ്ചേരി പഞ്ചായത്തിലെ പുളിയന്തോണിയിൽ കഴിഞ്ഞ ദിവസം ഇറങ്ങിയ ഒറ്റയാൻ കൃഷിയിടത്തിലെ തെങ്ങുകളും കവുങ്ങുകളും ഇടിച്ചു മറിച്ച് കൃഷി നാശം ഉണ്ടാക്കിയിരുന്നു.

വേണുഗോപാലന്റെ പറമ്പിലെ 4 തെങ്ങും 5 കവുങ്ങും കുട്ടിപ്പനകളും നശിപ്പിച്ചിട്ടുണ്ട്. ഇതിനു സമീപത്തുള്ള മഹേഷിന്റെ കൃഷിയിടത്തിലെ 3 കവുങ്ങുകളും നശിപ്പിച്ചു. പഞ്ചായത്തിലെ പന്നിക്കോൽ ഭാഗത്തും ഒറ്റയാൻ കൃഷി നശിപ്പിച്ചിട്ടുണ്ട്. വനാതിർത്തിയിലെ സൗരോർജ വേലികളിൽ മരം തള്ളിയിട്ടും മരക്കൊമ്പുകൾ കൊണ്ട് അടിച്ചു തകർത്തുമാണ് ആനകൾ ജനവാസ മേഖലയിലേക്ക് എത്തുന്നത്.

തമിഴ്നാട് അതിർത്തിയായ ചെമ്മണാംപതി മുതൽ പോത്തുണ്ടിക്കടുത്തെ പോക്കാമട വരെയുള്ള ഭാഗത്തു മാത്രം പതിനഞ്ചിലധികം കാട്ടാനകൾ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. വനം വകുപ്പ് ഇൗ ആനകളെ കാടുകയറ്റാനുള്ള പല തന്ത്രങ്ങൾ പയറ്റുന്നുണ്ടെങ്കിലും യാതൊന്നും ഫലം കാണാത്തതിനാൽ മലയോര കർഷകർ ഏറെ ആശങ്കയിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com