ADVERTISEMENT

പാലക്കാട് ∙ ആർഎസ്എസ് നേതാവ് സഞ്ജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ തെളിവു നശിപ്പിക്കാൻ, അക്രമിസംഘം സഞ്ചരിച്ച കാർ തമിഴ്നാട്ടിലെത്തിച്ചു പൊളിച്ചു വിറ്റതിന്റെ അവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു. എ‍ൻജിൻ ഷാസി നമ്പറും കാറിന്റെ നമ്പർ പ്ലേറ്റും വാഹനം വിൽക്കാനെത്തിയവർ മുറിച്ചു വാങ്ങിയെന്നും 15,000 രൂപയ്ക്കാണു കാർ വാങ്ങിയതെന്നും വർക്‌ഷോപ് ഉടമ പറയുന്നു.

അക്രമികളെത്തിയ വാഹനം സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തി‍ൽ സംസ്ഥാനത്തിനകത്തും പുറത്തും പരിശോധന തുടരുന്നുണ്ട്. കൊല നടത്തിയ സംഘത്തിലെ 2 പേർ അറസ്റ്റിലാണ്. ഇരുവരും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഭാരവാഹികളാണ്. 3 പേരെക്കൂടി പിടികൂടാനുണ്ട്. ഇവർക്കു പുറമേ ഗൂഢാലോചന നടത്തിയവരെയും പ്രതി ചേർക്കും. 

ഇക്കഴിഞ്ഞ 15നാണു കിണാശ്ശേരിക്കു സമീപം മമ്പ്രത്തു വച്ചു സഞ്ജിത്തിനെ ഭാര്യയുടെ കൺമുന്നിലിട്ട് അഞ്ചംഗ അക്രമിസംഘം വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്നു കടന്നുകളഞ്ഞ കൊലയാളികൾ കാർ കേടായതോടെ കുഴൽമന്ദത്ത് ഉപേക്ഷിച്ചു രക്ഷപ്പെട്ടു. ഇവരുടെ കൂട്ടാളികളാണു കാർ കൊല്ലങ്കോട് മുതലമട കാമ്പ്രത്തുചള്ള വഴി പൊള്ളാച്ചി അമ്പ്രാംപാളയം കുഞ്ചുപാളയത്തെ വാഹനം പൊളിച്ചുവിൽക്കൽ സ്ഥാപനത്തിലെത്തിച്ചത്.

15നു കൊലപാതകം നടത്തി 17നാണ് കാർ പൊളിച്ചു വി‍ൽക്കാൻ എത്തിച്ചത്. മുൻപ് ഇവരിൽ നിന്നു വാഹനം വാങ്ങി പരിചയം ഉള്ളതിനാൽ സംശയം തോന്നിയില്ലെന്നും കാറിനു രേഖകൾ ഉണ്ടെന്ന് എത്തിയ 2 പേർ വ്യക്തമാക്കിയതായും വർക്‌ഷോപ്പിലുള്ളവർ പൊലീസിനെ അറിയിച്ചു. കാർ വാങ്ങി 5 ദിവസം സൂക്ഷിച്ച ശേഷം 22നാണു വാഹനം പൂർണമായും പൊളിച്ചത്. ഇംഗ്ലിഷ് അറിയാത്തതിനാൽ വാഹനത്തിന്റെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് നോക്കാനായില്ലെന്നും വർക്‌ഷോപ്പിലെ ജീവനക്കാർ പറയുന്നു. 

വാഹനത്തിന്റെ വിലയായി 15,000 രൂപ ഓൺലൈൻ വഴി കൈമാറിയെന്നാണു പൊലീസിനു ലഭിച്ച സൂചന. കാറിന്റെ എൻജിൻ, വാഹന ഭാഗങ്ങൾ, ടയറുകൾ എന്നിവയാണു കണ്ടെത്തിയത്. കണ്ടെത്തിയ വാഹന ഭാഗങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കാൻ നടപടി തുടങ്ങി. കാർ പൊളിക്കൽ കേന്ദ്രത്തിലേക്ക് എത്തിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്.

അന്വേഷണ സംഘം നടത്തിയ മികച്ച നീക്കങ്ങളിലൂടെയാണു വാഹനം പൊളിച്ചു വിറ്റ സ്ഥാപനം കണ്ടെത്തിയത്. ഇതിനിടെ, കേസിൽ ആദ്യം അറസ്റ്റിലായ സൂത്രധാരൻ കൂടിയായ കാർ ഡ്രൈവറെ വിശദ അന്വേഷണത്തിനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. 5 ദിവസത്തേക്കാണു പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ രണ്ടാമത്തെ പ്രതിയെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെക്കൂടി കസ്റ്റഡിയിൽ വാങ്ങി പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനുള്ള തയാറെടുപ്പിലാണ് അന്വേഷണ സംഘം.

കാർ പൊളിച്ചു, എങ്കിലും തെളിവ് 

കൊലപാതകം ലക്ഷ്യമിട്ടാണു പഴയ മോഡൽ കാർ അക്രമികൾ വാങ്ങിയതെന്നാണ് പൊലീസിനു ലഭിച്ച വിവരം. ജില്ലയ്ക്കത്തു തന്നെയുള്ള കാർ കച്ചവടക്കാരനിൽ നിന്നാണ് വാഹനം ലഭ്യമാക്കിയത്. ഇയാളും ഇതേ സംഘടനയുടെ പ്രവർത്തകനാണ്. വാഹനം തമിഴ്നാട്ടിലേക്കു കടത്തിയ റൂട്ടു കേന്ദ്രീകരിച്ചാണു പ്രധാന അന്വേഷണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com