ADVERTISEMENT

ഒറ്റപ്പാലം∙ സർക്കാർ ജോലിയുടെ കൂടിക്കാഴ്ചയ്ക്കു ഭിന്നശേഷിക്കാരിയായ യുവതിക്ക് അവസരം ഒരുക്കിയതു മുൻകാല അനുഭവം നൽകിയ പാഠം. സർക്കാർ സംവിധാനങ്ങളുടെ കയ്യബദ്ധവും കടുംപിടിത്തവും മൂലം 3 വർഷം മുൻപു തൊഴിലവസരം നഷ്ടമായ യുവതിക്ക് ഇത്തവണ മറ്റൊരു വകുപ്പിൽ കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കിയതു കുടുംബത്തിന്റെ ജാഗ്രത. ഭിന്നശേഷിക്കാരിയായ തോട്ടക്കര മയിലുംപുറം കിഴക്കുംപുറം കോൽക്കാട്ടിൽ അജിതയുടെ (40) ജീവിത സ്വപ്നമാണു സർക്കാർ ജോലി.

കൂടിക്കാഴ്ചയ്ക്കു വിളിച്ച കത്തിലെ വിലാസത്തിൽ സംഭവിച്ച പിഴവിന്റെ പേരിൽ ബവ്റിജസ് കോർപറേഷനിലെ തൊഴിലവസരം യുവതിക്കു നഷ്‌ടമായത് 2018ൽ  ‘മനോരമ’ റിപ്പോർട്ട് ചെയ്തിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനമായിരുന്നു ഇത്. അജിതയ്ക്കു പകരം ‘അനിത’ എന്നു വിലാസത്തിൽ പേരു തെറ്റിയതിനാലാണു കത്തു കൈമാറാൻ തപാൽ വകുപ്പ് തയാറാകാഞ്ഞത്. കൈപ്പിഴയാണെന്നു ബവ്റിജസ് കോർപറേഷനിലെയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെയും  ഉദ്യോഗസ്ഥർ ഫോണിൽ വിശദീകരിച്ചിട്ടും കത്തു നൽകിയില്ലത്രെ.

ഒടുവിൽ കത്തു കൈപ്പറ്റിയപ്പോഴേക്കും കൂടിക്കാഴ്ചയുടെ സമയം പിന്നിട്ടു. മൂന്നു വർഷത്തിനു ശേഷം പാലക്കാട്ടെ പിന്നാക്ക വിഭാഗ വികസന കോർപറേഷനിലാണു മറ്റൊരു തൊഴിലവസരം ലഭിച്ചത്. കഴിഞ്ഞ 23നു നടന്ന കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ച കത്തിലും പഴയ അബദ്ധം ആവർത്തിച്ചു. വിലാസത്തിൽ പിഴവോടെയെത്തിയ കത്ത് തപാൽ വകുപ്പ് തിരിച്ചയച്ചതു അജിത അറിഞ്ഞു. പാലക്കാട്ടെ പിന്നാക്കവിഭാഗ വികസന കോർപറേഷനിൽ നേരിട്ടെത്തി കത്തു കൈപ്പറ്റി കൂടിക്കാഴ്ചയ്ക്കുപങ്കെടുത്തു. ഒരിക്കൽ വിധി നഷ്ടപ്പെടുത്തിയ ജോലി തിരിച്ചുകിട്ടുമെന്ന ശുഭപ്രതീക്ഷയിലാണ് അജിത.നിലവിൽ അജിത വീട്ടുജോലിക്കാണു പോകുന്നത്. അതേസമയം, തപാൽ വകുപ്പിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് അജിത മുഖ്യമന്ത്രിക്കും പോസ്റ്റൽ സൂപ്രണ്ടിനും പരാതി നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com