തർക്കം അതിരുകടന്നു, തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരെ പാലക്കാട്ട് തടഞ്ഞ് റെയിൽവേ; ട്രെയിനിൽനിന്നു ചിപ്പ് എടുത്തതിനെന്ന് ആർപിഎഫ്

കോയമ്പത്തൂർ നവക്കരയിൽ മൂന്ന് കാട്ടാനകൾ ട്രെയിൻ തട്ടി ചരിഞ്ഞ സംഭവത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഒലവക്കോട് റെയിൽവേ ഓഫിസിലെത്തിയ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ.                                                    ചിത്രം: മനോരമ
കോയമ്പത്തൂർ നവക്കരയിൽ മൂന്ന് കാട്ടാനകൾ ട്രെയിൻ തട്ടി ചരിഞ്ഞ സംഭവത്തിൽ അന്വേഷണവുമായി ബന്ധപ്പെട്ട് ഒലവക്കോട് റെയിൽവേ ഓഫിസിലെത്തിയ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ. ചിത്രം: മനോരമ
SHARE

പാലക്കാട് ∙ കോയമ്പത്തൂർ നവക്കരയിൽ ട്രെയിനിടിച്ചു 3 കാട്ടാനകൾ ചരിഞ്ഞ സംഭവത്തിൽ തമിഴ്നാട് വനംവകുപ്പും റെയിൽവേയും തമ്മിലുള്ള തർക്കം അതിരുകടന്നു. ട്രെയിൻ ഓടിച്ച 2 ലോക്കോ പൈലറ്റുമാരെ കോയമ്പത്തൂരിൽ വനം വകുപ്പ് തടഞ്ഞുവച്ചപ്പോൾ അപകടമുണ്ടാക്കിയ ട്രെയിനിന്റെ വേഗം പരിശോധിക്കാൻ ഇന്നലെ ഉച്ചയ്ക്ക് ഒലവക്കോട്ടെ റെയിൽവേ ഓഫിസിലെത്തിയ തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥരെ റെയിൽവേ സുരക്ഷാ സേന തടഞ്ഞുവച്ചു. ട്രെയിനിൽനിന്നു വേഗ നിരീക്ഷണ ചിപ്പ് വനംവകുപ്പ് ഉദ്യോഗസ്ഥർ അനധികൃതമായി കൈക്കലാക്കിയതിനാലാണ് ഇവരെ തടഞ്ഞുവച്ചതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ പറഞ്ഞു. 

ചിപ്പ് എടുക്കുന്നതു നിയമ വിരുദ്ധമാണെന്നും വേഗം പരിശോധിക്കാൻ നിയമപ്രകാരം അപേക്ഷ നൽകേണ്ടതുണ്ടെന്നും റെയിൽവേ അറിയിച്ചു. ചിപ്പ് മടക്കി നൽകിയതിനെത്തുടർന്നു രാത്രിയോടെ ഇവരെ വിട്ടയച്ചു. കോയമ്പത്തൂരിൽ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ലോക്കോ പൈലറ്റുമാരെയും രാത്രിയോടെ വിട്ടയച്ചു. സംഭവത്തിൽ കേസുകളെടുത്തിട്ടില്ല. ലോക്കോ പൈലറ്റുമാർ അപകടമുണ്ടായ രാത്രി മുഴുവൻ എവിടെയാണെന്നു പോലും തങ്ങൾക്ക് അറിയില്ലായിരുന്നെന്നു റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു.

 ട്രെയിൻ അമിതവേഗത്തിലാണ് ഓടിയതെന്നാണു വനംവകുപ്പിന്റെ പരാതി. വനം ഉദ്യോഗസ്ഥർ കൈക്കലാക്കിയ വേഗ നിരീക്ഷണ ചിപ്പിലെ വിവരങ്ങൾ ലഭിക്കാൻ റെയിൽവേ ഓഫിസിലെ സെർവറുമായി കണക്ട് ചെയ്യേണ്ടതുണ്ട്. ഇതിനായി സംഘമെത്തിയപ്പോഴാണു നാടകീയ രംഗങ്ങൾ. വനംവകുപ്പ് സംഘത്തിനെതിരെ ലോക്കോ പൈലറ്റുമാർ പ്രതിഷേധവുമായെത്തി. ഇതു പരിഹരിക്കാൻ ആർപിഎഫ് എത്തിയപ്പോഴാണു വനം ഉദ്യോഗസ്ഥരുടെ കൈവശം ചിപ്പ് കണ്ടത്. തുടർന്നാണു തടഞ്ഞുവച്ചത്.

3 ആനകളെയും അരക്കിലോമീറ്ററോളം വലിച്ചിഴച്ചു; ജഡങ്ങൾ സംസ്കരിച്ചു

വാളയാർ ∙ കോയമ്പത്തൂർ നവക്കര റെയിൽവേ ട്രാക്കിൽ മരപ്പാലത്തോട്ടത്തിനു സമീപം ട്രെയിനിടിച്ചു ചെരിഞ്ഞ 3 ആനകളുടെയും ജഡം സംസ്കരിച്ചു. ഇന്നലെ രാവിലെ കോയമ്പത്തൂർ ഡിവിഷനിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘം പോസ്റ്റ്മോർട്ടം നടത്തി. തലയ്ക്ക് ഏറ്റ ആഴത്തിലുള്ള ക്ഷതമാണ് ആനകളുടെ മരണത്തിനു കാരണമായതെന്നു കണ്ടെത്തി. 

അരക്കിലോമീറ്ററോളം ട്രാക്കിലൂടെ ആനകളെ വലിച്ചിഴച്ചെന്നും ആന്തരാവയവങ്ങൾക്ക് ഇതിലൂടെ ക്ഷതമേറ്റെന്നും തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. വൈകിട്ടു നാലോടെ മരപ്പാലത്തോട്ടത്തിലെ വനംവകുപ്പിന്റെ സ്ഥലത്തു കുഴിയെടുത്താണ് 3 ആനകളെയും സംസ്കരിച്ചത്. കഴിഞ്ഞ രാത്രി 9നാണു മംഗലാപുരം–ചെന്നൈ മെയിൽ ട്രെയിൻ ഇടിച്ച് ഒരു കുട്ടിയാന ഉൾപ്പെടെ 3 ആനകൾ ചെരി​ഞ്ഞത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN palakkad
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA