ADVERTISEMENT

പാലക്കാട് ∙ തിരക്കേറിയ ദേശീയപാതയിൽ കാളവണ്ടിയും കുതിരവണ്ടിയുമായി അപകടകരമായ രീതിയിൽ ഒരു സംഘം യുവാക്കളുടെ മത്സരയോട്ടം. വേഗം കൂട്ടാൻ കുതിരയെ ഷോക്കേൽപിക്കുകയും ചെയ്തു. മത്സരയോട്ടം വിവാദമായതോടെ കുഴൽമന്ദം പൊലീസ് അന്വേഷണം തുടങ്ങി.ദേശീയപാതയിൽ ആലത്തൂരിനും കണ്ണനൂരിനുമിടയിൽ ഞായറാഴ്ച വൈകിട്ടു നടന്ന ക്രൂരവിനോദത്തിന്റെ ദൃശ്യങ്ങൾ മനോരമ ന്യൂസാണു പുറത്തുവിട്ടത്. വേഗം കൂട്ടാൻ വണ്ടിക്കാരൻ വൈദ്യുത ഉപകരണം ഉപയോഗിച്ചു കുതിരയെ ഷോക്കേൽപിക്കുന്നതും പ്രാണവേദനയിൽ കുതിര പായുന്നതും ദൃശ്യങ്ങളിലുണ്ട്. 

ദേശീയപാതയിൽ ആലത്തൂരിനും കണ്ണനൂരിനും ഇടയിൽ നടന്ന കുതിരവണ്ടിയോട്ട പരിശീലനത്തിൽ വണ്ടിക്കാരൻ കുതിരയെ വൈദ്യുത ഉപകരണം കൊണ്ടു ഷോക്കേൽപിക്കുന്നു.
ദേശീയപാതയിൽ ആലത്തൂരിനും കണ്ണനൂരിനും ഇടയിൽ നടന്ന കുതിരവണ്ടിയോട്ട പരിശീലനത്തിൽ വണ്ടിക്കാരൻ കുതിരയെ വൈദ്യുത ഉപകരണം കൊണ്ടു ഷോക്കേൽപിക്കുന്നു.

കാളവണ്ടിയെ പിന്തുടരുന്ന ഒരു കൂട്ടം യുവാക്കൾ കാളയുടെ കഴുത്തിൽ ശക്തിയായി ഇടിച്ചു വേഗം കൂട്ടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 4 കാളവണ്ടികളും 2 കുതിരവണ്ടികളുമാണു റോഡിലുണ്ടായിരുന്നത്. കൂവിയും കയ്യടിച്ചും ഒരു കൂട്ടം ചെറുപ്പക്കാർ ബൈക്കിൽ അകമ്പടിയുണ്ടായിരുന്നു. ഇതിനിടെ ഒരു കാളവണ്ടി മറിയുകയും ചെയ്തു.പുതുവത്സര ദിനത്തിൽ തമിഴ്നാട്ടിൽ നടത്തുന്ന മത്സരയോട്ടത്തിനുള്ള പരിശീലനത്തിന്റെ ഭാഗമായിരുന്നു മിണ്ടാപ്രാണികളോടുള്ള ക്രൂരത. തിരക്കുള്ള ദേശീയപാതയിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന രീതിയിലായിരുന്നു പരിശീലനം. 

ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ പേടിയോടെ വാഹനം നിർത്തി ഒതുങ്ങി നിന്നു. ഹെൽമറ്റ് വയ്ക്കാതെയും ഗതാഗത നിയമങ്ങൾ ലംഘിച്ചുമായിരുന്നു ബൈക്ക് യാത്രക്കാരുടെ അഭ്യാസം. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ചിഞ്ചു റാണിയും സംസ്ഥാന മൃഗക്ഷേമ ബോർഡ് അംഗം കെ.ടി. അഗസ്റ്റിനും പൊലീസിനു നിർദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com