ഒറ്റപ്പാലം∙ കൊയ്ത്തിനു നൂതനമായ സംവിധാനമൊരുക്കി യുവ കർഷകൻ. അമ്പലപ്പാറ ചെറുമുണ്ടശ്ശേരി പതിയിൽ സുധീപ്(45) ആണു കാടുവെട്ടു യന്ത്രം പരിഷ്കരിച്ചു കൊയ്ത്തുയന്ത്രമാക്കിയത്. കാടുവെട്ടുന്ന യന്ത്രത്തിൽ ചില സാമഗ്രികൾ കൂടി ഘടിപ്പിച്ചാണു കൊയ്ത്തുയന്ത്രം വികസിപ്പിച്ചത്. തൊഴിലാളികളെ കിട്ടാത്ത പ്രശ്നവും വലിയ കൊയ്ത്തു യന്ത്രം ഇറങ്ങുന്നതു വരെയുള്ള കാത്തിരിപ്പും ഒഴിവാക്കാൻ ലക്ഷ്യമിട്ടാണു പുതിയ സംവിധാനം.
ഒരേക്കർ പാടശേഖരം 7 മണിക്കൂർ കൊണ്ടു കൊയ്തെടുക്കാനാകുമെന്നു സുധീപ് പറയുന്നു. മെതിക്കൽ തൊഴിലാളികളെ ഉപയോഗിച്ചു നടത്തും. അമ്പലപ്പാറ പഞ്ചായത്തിലെ മികച്ച യുവ കർഷകനുള്ള പുരസ്കാരം നേടിയയാളാണു സുധീപ്. നെല്ലിനു പുറമേ, വാഴ, പച്ചക്കറി, വിവിധയിനം പഴവർഗങ്ങൾ എന്നിവയും യുവാവ് കൃഷി ചെയ്യുന്നുണ്ട്.