പാലക്കാട് ∙ കേരള നോളജ് ഇക്കണോമി മിഷൻ ജില്ലയിൽ നടത്തിയ തൊഴിൽ മേളയിൽ 189 ഉദ്യോഗാർഥികൾക്കു ജോലി ലഭിച്ചു. 451 പേർ ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നായി 622 ഉദ്യോഗാർഥികൾ മേളയിൽ പങ്കെടുത്തു.ഐടി, എൻജിനീയറിങ്, ഓട്ടമൊബീൽ, മെഡിക്കൽ, ലോജിസ്റ്റിക്സ്, മാനേജ്മെന്റ് റീട്ടെയിൽ, ഫിനാൻസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കിങ്, മാർക്കറ്റിങ്, ടെക്നിക്കൽ, സിവിൽ ആൻഡ് കൺസ്ട്രക്‌ഷൻ , ഇൻഷുറൻസ് തുടങ്ങിയ 64 കമ്പനികളിൽ മേളയിൽ പങ്കെടുത്തു. ഇതിൽ 13 എണ്ണം ഓൺലൈനായി കൂടിക്കാഴ്ച നടത്തി.
തൊഴിൽമേള മന്ത്രി കെ. കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. കേരള നോളജ് ഇക്കണോമി മിഷൻ തൊഴിൽ മേള ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ 10,000 പേർക്കു തൊഴിൽ ലഭിക്കാനുള്ള സാധ്യതയുണ്ടെന്നു മന്ത്രി പറഞ്ഞു. അഭ്യസ്തവിദ്യരായ യുവാക്കൾക്ക് അനുയോജ്യമായ പദ്ധതികൾ വേണം. വിദ്യാഭ്യാസ യോഗ്യതയെക്കാൾ തൊഴിൽ പരിശീലനത്തിനു പ്രാധാന്യം നൽകണമെന്നും മന്ത്രി പറഞ്ഞു.
എ. പ്രഭാകരൻ എംഎൽഎ അധ്യക്ഷനായി. വി.കെ. ശ്രീകണ്ഠൻ എംപി, ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ. ബിനുമോൾ, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷൻ വി. ബിജോയ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. കോമളം, കൊടുമ്പ് പഞ്ചായത്ത് അംഗം പി. പ്രവീണ, മിഷൻ സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ.സി. മധുസൂദനൻ, പ്രിൻസിപ്പൽ കെ.എൻ.സീമ, എം. ഗിരീഷ് എന്നിവർ പ്രസംഗിച്ചു.