ADVERTISEMENT

പുതുശ്ശേരി ∙ ബസ്‌ സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ തുടങ്ങിയ തിരക്കേറിയ മേഖലകളിൽ നിന്നു വാഹനങ്ങൾ മോഷ്ടിച്ചു വിൽക്കുന്ന സംസ്ഥാനാന്തര സംഘത്തെ കസബ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പാവങ്ങാട് സ്വദേശി എം.മുഹമ്മദ് സൽമാൻ (24), ഗുരുവായൂർ ഇരഞ്ഞിപ്പുറംകര പുത്തംപള്ളി മുഹമ്മദ് അസ്‌ലം (24) എന്നിവരെയാണു പിടികൂടിയത്. ഒരു മാസം മുൻപ് ഓൺലൈൻ പരസ്യം കണ്ടു പുതുശ്ശേരി കുരുടിക്കാട് ബൈക്ക് വാങ്ങാനെത്തി ഉടമയെ കബളിപ്പിച്ച് ഈ സംഘം ബൈക്കുമായി കടന്നിരുന്നു.

വയനാട്ടിൽ നിന്നു മോഷ്ടിച്ച ബൈക്കിലാണ് ഇവർ പുതുശ്ശേരിയിലെത്തിയത്. തുടർന്ന് സിസിടിവി ദൃശ്യങ്ങളും  മൊബൈൽ ഫോൺ ടവർ ലൊക്കേഷനും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ഇരുപതോളം കവർച്ചകൾ ഈ സംഘം നടത്തിയിട്ടുണ്ടെന്നു പൊലീസ് കണ്ടെത്തി. മോഷ്ടിച്ച വാഹനങ്ങൾ കോയമ്പത്തൂർ അടക്കമുള്ള സ്ഥലങ്ങളിൽ എത്തിച്ചു പൊളിച്ചുവിൽക്കാറാണു പതിവ്. എന്നാൽ, പുതുശ്ശേരി കുരുടിക്കാട് നിന്നു മോഷ്ടിച്ച ബൈക്ക് കൊച്ചിയിൽ മറിച്ചു വിൽക്കുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോണുകളും മോഷ്ടിച്ചതാണെന്നു പൊലീസ് പറയുന്നു.

വിവിധ സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി പി.സി.ഹരിദാസ്, കസബ ഇൻസ്പെക്ടർ എൻ.എസ്.രാജീവ്, എസ്ഐമാരായ എസ്.അനീഷ്, ആർ.രംഗനാഥൻ, എഎസ്ഐ വി.രമേഷ്, എസ്‌സിപിഒ വി.ശെൽവരാജ്, സിപിഒമാരായ പി.മുഹമ്മദ്, എസ്.മൃദുലേഷ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com