ADVERTISEMENT

പാലക്കാട് ∙ കോവിഡ് വ്യാപനത്തിൽ ചികിത്സയും പരിചരണവും ഇതര രോഗ ചികിത്സകളും പ്രതിസന്ധിയിലായിട്ടും അത്യാവശ്യത്തിനു പോലും ആരോഗ്യ പ്രവർത്തകരെ നിയോഗിക്കാതെ സർക്കാരും ആരോഗ്യ വകുപ്പും. ആരോഗ്യ മേഖല ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ദേശീയ ആരോഗ്യ ദൗത്യം വഴി ആരോഗ്യ പ്രവർത്തകരെ നിയമിക്കാൻ അനുമതി നൽകിയിട്ടില്ല. ഇതു ചൂണ്ടിക്കാണിക്കാൻ പോലും ബന്ധപ്പെട്ടവരാരും തയാറാകുന്നില്ലെന്നും പരാതിയുണ്ട്. കോവിഡ് വിദഗ്ധ ചികിത്സാ കേന്ദ്രം കൂടിയായ ജില്ലാ ആശുപത്രിയിൽ എഴുപതോളം ആരോഗ്യ പ്രവർത്തകർ കോവിഡിന്റെ പിടിയിലാണ്.

ഭൂരിഭാഗം പേർക്കും ഡ്യൂട്ടിക്കിടെയാണ് കോവിഡ് ബാധിച്ചത്. ഇവർക്കു പകരം നിയോഗിക്കാൻ പോലും ആരോഗ്യ പ്രവർത്തകരില്ല. ഇതോടെ കോവിഡ് ചികിത്സ മാത്രമല്ല, ഇതര ചികിത്സകളും കടുത്ത പ്രതിസന്ധിയിലായിത്തുടങ്ങി. ഇതേ സ്ഥിതി തുടർന്നാൽ ആശുപത്രികൾ ചികിത്സാ സ്തംഭനത്തിന്റെ പിടിയിലാകും. ജില്ലാ വനിതാ ആശുപത്രിയിലും ആരോഗ്യ പ്രവർത്തകരുടെ കുറവുണ്ട്. ആലത്തൂർ, ചിറ്റൂർ, ഒറ്റപ്പാലം, പട്ടാമ്പി താലൂക്ക് ആശുപത്രികളിലും ആരോഗ്യ പ്രവർത്തകരുടെ കുറവും പ്രതിസന്ധിയും ഉണ്ട്. ഉള്ള ജീവനക്കാർ അധിക സമയം സേവനം ചെയ്തും സഹപ്രവർത്തകരുടെ ചുമതലകൂടി നി‍ർവഹിച്ചുമാണ് സർക്കാർ ആശുപത്രികൾ നടത്തിക്കൊണ്ടുപോകുന്നത്.

രോഗികൾ നിറഞ്ഞ് ജില്ലാ ആശുപത്രി

ജില്ലാ കോവിഡ് ആശുപത്രിയിൽ കിടക്കകൾ നിറഞ്ഞു. ആരോഗ്യ പ്രവർത്തകർ ഇല്ലാത്തതിനാൽ കൂടുതൽ വാർഡുകൾ തുറക്കാനാകുന്നില്ല. ഇതിനിടെ കോവിഡ് ബാധിതർ നേരിട്ടു ചികിത്സ തേടി ജില്ലാ ആശുപത്രിയിൽ എത്തുന്നതു കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. കോവിഡ് വാർ റൂമിൽ ബന്ധപ്പെട്ട് അവിടെ നിന്നുള്ള നിർദേശ പ്രകാരമാണ് കോവിഡ് ബാധിതരെ അതത് ആശുപത്രികളിലേക്കു നിർദേശിക്കുന്നത്. ജില്ലാ ആശുപത്രിയിൽ കൂടുതൽ വിദഗ്ധ ചികിത്സ വേണ്ട കോവിഡ് ബാധിതരെയാണു പ്രവേശിപ്പിക്കുന്നത്.

∙ ജില്ലാ ആശുപത്രിയിലും പാലക്കാട് ഗവ.മെഡിക്കൽ കോളജ്, കഞ്ചിക്കോട് കിൻഫ്ര ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലുമാണ് നിലവിൽ കോവിഡ് ബാധിതരെ പ്രവേശിപ്പിക്കുന്നത്.
∙ ജില്ലയുടെ അതിർത്തികളിലുള്ളവർ പോലും കോവിഡ് പോസിറ്റീവ് ആയാൽ ചികിത്സയ്ക്കു പാലക്കാട്ടെത്തണം.
∙ കൂടുതൽ ജീവനക്കാരെ നിയോഗിക്കാതെ ഒന്നും ചെയ്യാനാകാത്ത സ്ഥിതിയെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു.

കോവിഡ് ബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, അടിയന്തര സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ കിടക്ക, വെന്റിലേറ്റർ ലഭ്യത ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളജിൽ സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും സംയുക്തമായാണ് കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഫോൺ: 0491–2510574, 2510579, 2510589, 2510470, 2510477.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com