ADVERTISEMENT

മണ്ണാർക്കാട്∙ ഇഷ്ടക്കാരെ സ്ഥാനാർഥിയാക്കാൻ മുസ്‌ലിം ലീഗ് മണ്ഡലം, ജില്ലാ നേതാക്കൾ സംസ്ഥാന കമ്മിറ്റി ഉത്തരവിൽ വെള്ളം ചേർത്തെന്ന് ആരോപിച്ച് മണ്ണാർക്കാട് നഗരസഭ മുൻ അധ്യക്ഷയും വനിതാ ലീഗ് നിയോജക മണ്ഡലം ട്രഷററുമായ എം.കെ. സുബൈദ പദവി രാജിവച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഉമ്മുസൽമ വനിതാ ലീഗ് പദവി രാജിവച്ചതിനു പിന്നാലെയാണ് സുബൈദയുടെ രാജി. നേതാക്കൾക്കു താൽപര്യമില്ലാത്തവരെ സംസ്ഥാന കമ്മിറ്റി ഉത്തരവിന്റെ മറവിൽ പുറത്തു നിർത്തുകയും വേണ്ടപ്പെട്ടവരെ മത്സരിപ്പിക്കാൻ ഉത്തരവിൽ വെള്ളം ചേർക്കുകയും ചെയ്തെന്നാണു രാജിക്കത്തിൽ സുബൈദ ആരോപിക്കുന്നത്.

മണ്ണാർക്കാട് പഞ്ചായത്തായിരുന്ന കാലത്ത് 10 വർഷം സ്ഥിരം സമിതി അധ്യക്ഷയും നഗരസഭയുടെ പ്രഥമ അധ്യക്ഷയുമായിരുന്ന എം.കെ.സുബൈദ കഴിഞ്ഞ ദിവസമാണു വനിത ലീഗിലെ ഭാരവാഹിത്വം രാജി വച്ചുള്ള കത്ത് സംസ്ഥാന, ജില്ലാ നേതൃത്വത്തിനു നൽകിയത്. മൂന്നു തവണ മത്സരിച്ചവർ 2020ൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അനുസരിച്ച് സുബൈദയെ മാറ്റി നിർത്തിയിരുന്നു.

തന്റെ കാര്യത്തിൽ നിർദേശം കൃത്യമായി പാലിക്കുകയും മൂന്നു തവണ മത്സരിച്ച മറ്റൊരു വനിതയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുവരെ രാജിവയ്പ്പിച്ച് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിപ്പിച്ചു വിജയിപ്പിക്കുകയും ചെയ്തു. പാർട്ടി ചിഹ്നത്തിൽ വിജയിച്ച വനിതകൾ ഉണ്ടായിട്ടും ഈ അംഗത്തിനു സ്ഥിരം സമിതി അധ്യക്ഷ പദവി നൽകി. തനിക്കു സ്ഥാനാർഥിത്വം നിഷേധിച്ചതിന്റെ പേരിലല്ല രാജി. അങ്ങനെയെങ്കിൽ തിരഞ്ഞെടുപ്പു സമയത്ത് ഇക്കാര്യം ഉന്നയിക്കുമായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം പൂർണമായി അനുസരിക്കുന്നു.

പക്ഷേ, തീരുമാനം നടപ്പാക്കുമ്പോൾ നീതിപൂർവമാകണം. ലീഗ് 300 വോട്ടിനു വിജയിക്കുന്ന ചോമേരി വാർഡ് പോലും നഷ്ടമാക്കിയത് നേതൃത്വത്തിന്റെ പിടിപ്പുകേടാണ്. താൻ ഉന്നയിച്ച ചോദ്യങ്ങൾക്കു നേതൃത്വം മറുപടി പറയണം. ഇതിന്റെ പേരിൽ പാർട്ടിയിൽ നിന്നു രാജി വയ്ക്കാനോ മറ്റൊരു പാർട്ടിയിൽ ചേരാനോ ഇല്ലെന്നു സുബൈദ പറഞ്ഞു. നഗരസഭ അധ്യക്ഷയായിരുന്നപ്പോൾ നേതൃത്വം പറയുന്ന പലകാര്യങ്ങളും അതുപോലെ അനുസരിക്കാത്തതിന്റെ പേരിൽ പല പ്രയാസങ്ങളും ഉണ്ടായിട്ടുണ്ടെന്നും സുബൈദ പറഞ്ഞു. കഴിഞ്ഞ ഭരണ സമിതിയിലുണ്ടായിരുന്ന ലീഗ് കൗൺസിലർ ഷഹന കല്ലടി അടുത്തിടെ സിപിഎമ്മിൽ ചേർന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com