ADVERTISEMENT

പാലക്കാട് ∙ ജില്ലയിൽ നേരിയ കോവിഡ് ലക്ഷണം ഉള്ളവരെ വീടുകളിൽ നിരീക്ഷിക്കാനും ഗുരുതര ലക്ഷണം ഉള്ളവർക്ക് ആശുപത്രിയിൽ ചികിത്സ ഉറപ്പാക്കാനും തീരുമാനം. കോവിഡ് തീവ്രവ്യാപനത്തിൽ എല്ലാവർക്കും ചികിത്സ ഉറപ്പാക്കാനാണു നടപടി. നിലവിൽ കോവിഡ് ബാധിതരിൽ 96% പേരും വീടുകളിൽ നിരീക്ഷണത്തിലാണ്.

വീട്ടു നിരീക്ഷണം ആർക്കൊക്കെ

ലക്ഷണം ഇല്ലാത്ത കോവിഡ് പോസിറ്റീവ്. നേരിയ ലക്ഷണം ഉള്ളവർ. ചെറിയ ലക്ഷണം ഉണ്ടെങ്കിലും ഓക്സിജൻ അളവ് 95നു മുകളിൽ. അതേ സമയം, 60 വയസ്സിനു മുകളിൽ പ്രായമുള്ള, രക്തസമ്മ‍ർദം, പ്രമേഹം, ഹൃദ്രോഗം, വിട്ടുമാറാത്ത ശ്വാസകോശ രോഗം, കരൾ, വൃക്ക, അർബുദ രോഗ ബാധിതർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു വിധേയരായവർ, എച്ച്ഐവി ബാധിതർ തുടങ്ങിയവർ ചികിത്സിക്കുന്ന ഡോക്ടറുടെ നിർദേശാനുസരണം മാത്രമേ വീട്ടു നിരീക്ഷണത്തിലിരിക്കാവൂ.

വീട്ടുനിരീക്ഷണത്തിൽ ശ്രദ്ധിക്കാൻ

വീട്ടു നിരീക്ഷണത്തിലിരിക്കുന്ന വ്യക്തി വീടിനകത്തും പുറത്തും ആരുമായും സമ്പർക്കം പുലർത്തരുത്. ഇവർ ഉപയോഗിക്കുന്ന ഫോൺ ഉൾപ്പെടെ മറ്റുള്ളവർ‍ കൈകാര്യം ചെയ്യരുത്. പരിചരണത്തിനു പൂർണ ആരോഗ്യവാനായ വ്യക്തിയെ ചുമതലപ്പെടുത്തണം. ഭക്ഷണം, മരുന്ന് എന്നിവ ഉറപ്പാക്കണം. ആരോഗ്യപ്രവർത്തകരും പഞ്ചായത്തംഗവും അടങ്ങുന്ന ആർആർടിയുടെ ഫോൺ നമ്പർ കൈവശം കരുതണം. നിരീക്ഷണത്തിലുള്ളവർ 8 മണിക്കൂറെങ്കിലും ഉറങ്ങണം. സാധാരണ ഭക്ഷണം കഴിക്കുക. പച്ചക്കറികളും പഴങ്ങളും ഉൾപ്പെടുത്തണം. ധാരാളം വെള്ളം കുടിക്കണം.

ഈ ലക്ഷണങ്ങൾ സൂക്ഷിക്കണം

കുറയാതെ തുടരുന്ന കടുത്ത പനി (3 ദിവസമായി 100 ഡിഗ്രിയി‍ൽ കൂടുതലുണ്ടെങ്കിൽ), ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, ഓക്സിജൻ അളവിൽ വരുന്ന വ്യതിയാനം (ഒരു മണിക്കൂറിൽ എടുക്കുന്ന 3 പരിശോധനകളിൽ ഓക്സിജന്റെ അളവ് 95 ശതമാനത്തിൽ കുറവോ ശ്വാസോച്ഛ്വാസ നിരക്ക് ഒരു മിനിറ്റിൽ 24ൽ കൂടുതലോ). നീണ്ടു നിൽക്കുന്ന നെഞ്ചുവേദന. എഴുന്നേൽക്കാൻ ബുദ്ധിമുട്ട്, കടുത്ത ക്ഷീണം, പേശീവേദന. ഇത്തരം ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടുത്തുള്ള ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com