ADVERTISEMENT

കഞ്ചിക്കോട് ∙ നിരോധിച്ച നോട്ട് മാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ച് പണം കവർന്ന കേസിൽ 12 പേർ അറസ്റ്റിൽ. കുലുക്കല്ലൂർ മുഹമ്മദ് മുസ്തഫ (52), തണ്ണീർപന്തൽ മുഹമ്മദ് ഷെരീഫ് (31), കൽമണ്ഡപം സഫീർ അലി (39),  അരയംങ്കോട് സ്വദേശികളായ രമേശ് (31), ആർ.വിജേഷ് (33), എ.ദീപു(29), ആരക്കുർശ്ശി കെ.ബിജു (51), തൃശൂർ വേലൂർ ആർ.രാമകൃഷ്ണൻ (57), മേപ്പറമ്പ് ചിറക്കാട് മുഹമ്മദ് അബ്ബാസ് (40), ഒലവക്കോട് പൂക്കാരത്തോട്ടത്ത് നിഷാദ് ബാബു (36), പിരായിരി പള്ളിക്കുളം എസ്.ഷഫീർ(33), പൂളക്കാട് സാദത്ത് ഹുസൈൻ (45) എന്നിവരെയാണ്  കസബ പൊലീസ് അറസ്റ്റ് ചെയ്തത്.

5 കാറുകളും കസ്റ്റഡിയിലെടുത്തു. മലപ്പുറം അരീക്കോട് പാറക്കൽ അബ്ദുൽ നാസർ, സുഹൃത്തും അയൽവാസിയുമായ അബ്ദുൽ റഹ്മാൻ എന്നിവരെ തട്ടിക്കൊണ്ടുപോയി മർദിച്ചു പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. അബ്ദുൽ റഹ്മാൻ നിരോധിച്ച നോട്ടുകൾ മാറ്റിക്കൊടുക്കുന്ന ഏജന്റാണെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. പലരിൽ നിന്നായി 78.90 ലക്ഷം രൂപയോളം ഇവർ നോട്ടുമാറ്റിയെടുക്കാനായി വാങ്ങിയിരുന്നു. ഇതു തിരിച്ചു തരാൻ താമസം നേരിട്ടതോടെ പണം കൊടുത്തവർ സംഘടിച്ചു പാലക്കാട്ടെത്തി.

ഈ സമയം അബ്ദുൽ റഹ്മാനും മറ്റു സുഹൃത്തുക്കളും ചന്ദ്രനഗറിലെ ഹോട്ടലിൽ മീറ്റിങ്ങിലായിരുന്നു. കൂടുതൽ പണമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് അബ്ദുൽ റഹ്മാനെയും സുഹൃത്ത് അബ്ദുൽ നാസറിനെയും കാറിൽ കയറ്റിക്കൊണ്ടുപോയി. കിണാശ്ശേരിയിലെ മുഹമ്മദ് ഷെരീഫിന്റെ ഫാമിലെത്തിച്ചു ഇരുവരെയും ബന്ദിയാക്കി മർദിച്ചതായി പൊലീസ് പറഞ്ഞു. എടിഎം കാർഡ് വാങ്ങി 10,300 രൂപ പിൻവലിച്ചു.

സുഹൃത്തുക്കളെയും ബന്ധുക്കളെയും ഫോണിൽ വിളിച്ചു ഇരുവരെയും കൊലപ്പെടുത്തുമെന്നും  മോചിപ്പിക്കാൻ പണം എത്തിക്കണമെന്നും ആവശ്യപ്പെട്ടു. ബന്ധുക്കളും സുഹൃത്തുക്കളും കസബ പൊലീസ് സ്റ്റേഷനിലെത്തി. സംഘം കിണാശ്ശേരിയിലുണ്ടെന്ന് പൊലീസ് കണ്ടെത്തി. പരുക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു. 

നോട്ടിന്റെ പേരിൽ കോടികളുടെ വെട്ടിപ്പ്

നിരോധിച്ച നോട്ട് മാറ്റി നൽകുന്നതിന്റെ പേരിൽ കോടികളുടെ വെട്ടിപ്പാണു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്. നോട്ടു മാറ്റാൻ കൊടുക്കുന്നവരും മാറ്റുന്നവരും തമ്മിൽ പലപ്പോഴും വലിയ സംഘർഷത്തിലും കലാശിക്കാറുണ്ട്. നോട്ടുനിരോധനത്തിനു ശേഷം തമിഴ്നാട് കേന്ദ്രീകരിച്ച് നോട്ടു മാറ്റാനുള്ള ഏജന്റുമാരും ഓഫിസും പ്രവർത്തനം തുടങ്ങിയെന്നും പൊലീസ് പറയുന്നു. തുടരന്വേഷണത്തിനു ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ് നിർദേശം നൽകി.

ഡിവൈഎസ്പി പി.സി. ഹരിദാസ്, കസബ ഇൻസ്പെക്ടർ എൻ.എസ്. രാജീവ്, എസ്ഐമാരായ എസ്.അനീഷ് ,പി.ജി.സദാശിവൻ, എഎസ്ഐ വി.രമേഷ്, സുരേഷ് ബാബു, എസ്‌സിപിഒ ഉദയപ്രകാശ്, വി.വികാസ്, സിപിഒമാരായ മണികണ്ഠദാസ്, എം.മുഹമ്മദ്, എസ്.മാർട്ടിൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com