ADVERTISEMENT

പാലക്കാട് ∙ ജില്ലാ ആശുപത്രിയിലെ കോവിഡ് ചികിത്സാ വിഭാഗത്തിൽ ഇന്നു മുതൽ തീവ്രപരിചരണവും ചികിത്സയും (സി കാറ്റഗറിയിൽ തന്നെ ഐസിയു, വെന്റിലേറ്റർ സഹായം വേണ്ടവരെ) വേണ്ട കോവിഡ് ബാധിതരെ മാത്രമേ പ്രവേശിപ്പിക്കൂ. അല്ലാത്തവരെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കു മാറ്റും. ഒമിക്രോൺ, കോവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തിലാണു മുൻകരുതൽ. ജില്ലാ കോവിഡ് ആശുപത്രിയി‍ൽ തീവ്ര പരിചരണ വിഭാഗത്തിൽ 56 കിടക്കകളാണുള്ളത്. അടിയന്തര സാഹചര്യം മുന്നിൽ കണ്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരമാണു നടപടി. 

∙ കഞ്ചിക്കോട് കിൻഫ്ര എഫ്എൽടിസിയിൽ ഐസിയു സൗകര്യമടക്കം സജ്ജമാക്കും. ഇവിടെ 450 കിടക്കകൾ ഒരുക്കാനാണു നിർദേശം. ഇതിൽ 250 കിടക്കകളിൽ ഓക്സിജൻ സൗകര്യവും സജ്ജമാക്കും.
∙ കിൻഫ്ര എഫ്എൽടിസിയിൽ സി കാറ്റഗറിക്കാരെയും പ്രവേശിപ്പിക്കും. ഇതി‍ൽ കൂടുതൽ തീവ്ര പരിചരണം വേണ്ടവരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റും. കിൻഫ്രയിൽ സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും സജ്ജം.
∙ പാലക്കാട് ഗവ. മെഡിക്കൽ കോളജിലും എഫ്എൽടിസി പ്രവർത്തന സജ്ജം.

ജില്ലാ ആശുപത്രിയിൽ ഇതര ചികിത്സകളും തുടരും

കോവിഡ് നിയന്ത്രണം കർശനമാക്കി ഇതര ചികിത്സകളും ജില്ലാ ആശുപത്രിയിൽ തന്നെ തുടരാൻ തീരുമാനം. ഒപി അടക്കമുള്ള ഇതര ചികിത്സകൾ ഇവിടെ നിന്നു മാറ്റിയാൽ രോഗികൾക്കുണ്ടാകുന്ന കടുത്ത ബുദ്ധിമുട്ടു പരിഗണിച്ചാണു നടപടി. മുൻപ് കോവിഡ് വ്യാപനം തീവ്രമായപ്പോൾ ജില്ലാ ആശുപത്രിയിൽനിന്നു ഇതര ചികിത്സകൾ മാറ്റിയിരുന്നു. ഇത് കടുത്ത ദുരിതത്തിനും ഇടയാക്കി. ഇതേത്തുടർന്നാണ് എല്ലാ ചികിത്സകളും ജില്ലാ ആശുപത്രിയിൽ തന്നെ തുടരാൻ ധാരണയായത്. ചികിത്സാ വിഭാഗം മാറ്റുന്നത് അടിയന്തര ശസ്ത്രക്രിയകളെയടക്കം ബാധിക്കുമെന്ന് ഡോക്ടർമാരടക്കം ചൂണ്ടിക്കാട്ടി. 

∙ ജില്ലാ ആശുപത്രിയിൽ രോഗിക്കൊപ്പം കൂട്ടിരിക്കാൻ ഒരാൾക്കു മാത്രം അനുമതി
∙ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം
∙ പ്രാഥമിക ഘട്ട ചികിത്സ അതതു പ്രദേശത്തെ സർക്കാർ ആശുപത്രികളിൽ 
∙ അവിടെനിന്നു റഫർ ചെയ്തുവരുന്നവരെ ആവശ്യമെങ്കിൽ മാത്രം ജില്ലാ ആശുപത്രിയിൽ കിടത്തിച്ചികിത്സിക്കും
∙ അല്ലാത്തവരെ ചികിത്സ നൽകി അതത് ആശുപത്രികളിലേക്കു മടക്കും
∙ താഴെത്തട്ടിലുള്ള ആശുപത്രികളിൽ കൂടുതൽ വിപുലീകൃത ചികിത്സയ്ക്കും നിർദേശം. 

സഹായ കേന്ദ്രം  

കോവിഡ് ബാധിതരെ ആശുപത്രിയിൽ പ്രവേശിപ്പിക്കൽ, അടിയന്തര സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ കിടക്ക, വെന്റിലേറ്റർ ലഭ്യത ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചെമ്പൈ സ്മാരക സർക്കാർ സംഗീത കോളജിൽ സഹായ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും സംയുക്തമായാണ് കേന്ദ്രം ആരംഭിച്ചിട്ടുള്ളത്. ഫോൺ: 0491–2510574, 2510579, 2510589, 2510470, 2510477.

ഡിഎംഒ, ജില്ലാ ആശുപത്രി സൂപ്രണ്ട് 

കോവിഡ് വ്യാപനത്തിൽ ചികിത്സയും പ്രതിരോധ പ്രവർത്തനങ്ങളും ഉറപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫിസർ, ജില്ലാ ആശുപത്രി സൂപ്രണ്ട് തസ്തികകളിൽ പൂർണച്ചുമതലയോടെ നിയമനം നൽകി ആരോഗ്യവകുപ്പ്. ജില്ലയിൽ നിന്നു തൃശൂർ ജനറൽ ആശുപത്രി സൂപ്രണ്ടായി സ്ഥലം മാറിപ്പോയ ഡോ.കെ.പി. റീത്തയെ വീണ്ടും പാലക്കാട് ജില്ലാ മെഡിക്കൽ ഓഫിസറായി നിയമിച്ചു.

ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ടി.പി. ശ്രീദേവിക്കായിരുന്നു ഇതുവരെ ഡിഎംഒയുടെ അധികച്ചുമതല. ഇവർക്കു ജില്ലാ ആശുപത്രിയുടെ പൂർണ ചുമതല നൽകി കോവിഡ് ചികിത്സ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി. ഇതോടൊപ്പം കോവിഡ് ബ്രിഗേഡിൽ നിന്നുള്ളവരെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കാനും നടപടി തുടങ്ങി. 

ചികിത്സയിലുള്ളത് 20,135 പേർ 

ജില്ലയിൽ കഴിഞ്ഞ 2 ദിവസത്തിനിടെ 6039 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 26ന് 2683 പേർക്കും ഇന്നലെ 3356 പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3213 പേർക്കും സമ്പർക്കം വഴിയാണ് കോവിഡ്. 55 കേസുകളിൽ ഉറവിടം വ്യക്തമല്ല. 85 ആരോഗ്യ പ്രവർത്തകർക്കും കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരുടെ എണ്ണം 20,135 ആയി ഉയർന്നു.

ഇടപെട്ട് എ.കെ. ബാലൻ

കോവിഡ് തീവ്ര വ്യാപനത്തിനിടയിലും  ജില്ലയിൽ നിർണായക തസ്തികകളിലെ അധികച്ചുമതലാഭാരം മുൻ മന്ത്രി എ.കെ. ബാലനാണ് ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയത്. ഒപ്പം ആരോഗ്യ പ്രവർത്തകരുടെ കുറവും ആരോഗ്യ പ്രവർത്തകരിലെ കോവിഡ് വ്യാപനവും അദ്ദേഹം മന്ത്രി വീണാ ജോർജിനെ ധരിപ്പിച്ചു. ഇതേത്തുടർന്നാണു നടപടി ഉണ്ടായത്. കോവിഡ് ബാധിതനായതിന്റെ അനുഭവവും അദ്ദേഹം പങ്കുവച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com