ADVERTISEMENT

പാലക്കാട് ∙ കാർഷിക ഉൽപന്നങ്ങൾക്കു താങ്ങുവില അവകാശമാക്കുന്ന നിയമ നിർമാണം നടപ്പാക്കണമെന്നു മന്ത്രി കെ.കൃഷ്ണൻകുട്ടി ആവശ്യപ്പെട്ടു. കോട്ടമൈതാനത്തു നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ പതാക ഉയർത്തി സല്യൂട്ട് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തു കർഷക ആത്മഹത്യ കൂടുതലാണ്. കർഷകരുടെ മരണം കൃഷിയുടെ മരണമാണ്.

മൂല്യവർധിത ഉൽപന്നങ്ങളുടെ ലാഭവിഹിതം കൃഷിക്കാർക്കുകൂടി അവകാശപ്പെട്ടതാണ്. അത് ഉറപ്പാക്കാനും നിയമ നിർമാണം അനിവാര്യമാണ്. പരിസ്ഥിതിക്കു ദോഷം വരുത്താതെ പുനരുപയോഗ ഊർജ സ്രോതസുകളും ലഭ്യമായ ജലസമ്പത്തും പരമാവധി ഉപയോഗപ്പെടുത്തി വൈദ്യുതി ഉൽപാദന മേഖല ശക്തിപ്പെടുത്തും. നിലവിലെ ജലസംഭരണി ഉപയോഗപ്പെടുത്തി ഇടുക്കി രണ്ടാം നിലയം സ്ഥാപിക്കും. 

കെ റെയിൽ

സംസ്ഥാനത്ത് റോഡപകടങ്ങളും ഗതാഗതക്കുരുക്കും വാഹനങ്ങൾ മൂലമുള്ള അന്തരീക്ഷ മലിനീകരണവും വലിയ പ്രശ്നമാണ്. കെ റെയിൽ യഥാർഥ്യമാകുന്നതോടെ തിരുവനന്തപുരം മുതൽ കാസർകോട് വരെ 4 മണിക്കൂർ കൊണ്ട് യാത്ര ചെയ്യാം. സിൽവർലൈൻ പദ്ധതിക്കു കുറഞ്ഞ നിരക്കിൽ ഹരിത വൈദ്യുതി നൽകാൻ കെഎസ്ഇബി തയാറാണ്. കെ റെയിൽ പ്രവർത്തനച്ചെലവിന്റെ 30% വരുന്ന വൈദ്യുതി നിരക്കു കുറഞ്ഞാൽ ടിക്കറ്റ് ചാർജ് കുറയുമെന്നതും പദ്ധതി കൂടുതൽ ആകർഷകമാക്കും.

കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാ‍ൽ ചടങ്ങിൽ പൊതുജനങ്ങൾക്കു പ്രവേശനം ഉണ്ടായിരുന്നില്ല. വി.കെ.ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎ‍ൽ, ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക്, ക്രൈംബ്രാഞ്ച് എസ്പി കെ.സലീം, സബ് കലക്ടർ ബൽപ്രീത് സിങ്, അസിസ്റ്റന്റ് കലക്ടർ അശ്വതി ശ്രീനിവാസ്, എഡിഎം കെ.മണികണ്ഠൻ എന്നിവർ പങ്കെടുത്തു. മീനാക്ഷിപുരം ഇൻസ്പെക്ടർ ജെ.മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന പരേഡിൽ എആർ പൊലീസ്, കെഎപി രണ്ട് ബറ്റാലിയൻ, ലോക്കൽ പൊലീസ് പുരുഷ, വനിതാ വിഭാഗം പ്ലറ്റൂണുകൾ അണിനിരന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com