ADVERTISEMENT

വേദാന്തത്തിന്റെ ആഴങ്ങൾ തേടുന്നതിനെ‍ാപ്പം സാമൂഹിക സേവനത്തിലും സജീവമായിരുന്നു സ്വാമി നിത്യാനന്ദ സരസ്വതി.  ശിവാനന്ദ പരമ്പരയിലെ സ്വാമി ജ്ഞാനാനന്ദ സരസ്വതിയിൽ നിന്ന് 1976 ൽ സന്യാസദീക്ഷ നേടിയാണ് നിത്യാനന്ദ സരസ്വതി എന്ന പേരു സ്വീകരിച്ചത്. കന്യാകുമാരി ആനന്ദകുടീരം മഠാധിപതി സ്വാമി പരശ്വരാനന്ദയിൽനിന്നു സംസ്കൃത, വേദാന്ത പഠനം നടത്തി. ചട്ടമ്പിസ്വാമി പരമ്പരയിലെ സ്വാമി വിദ്യാനന്ദ തീർഥപാദസ്വാമിയിൽനിന്നു ഹഠയേ‍ാഗവും ഉപാസനകളും അഭ്യസിച്ചു.

2014ൽ കല്ലേക്കുളങ്ങര ശിവാനന്ദാശ്രമത്തിൽ എത്തിയ ആർഎസ്എസ് സർ സംഘ ചാലക് മോഹൻ ഭാഗവത് സ്വാമി നിത്യാനന്ദ സരസ്വതിയിൽനിന്ന് അനുഗ്രഹം തേടുന്നു.

കന്യാകുമാരിയിൽ തിരിച്ചെത്തി വിവേകാനന്ദ കേന്ദ്രത്തിലെ ആദ്യ യേ‍ാഗഅധ്യാപകനായി. 1979 ലാണ് അദ്ദേഹം പാലക്കാട്ടെത്തിയത്. റെയിൽവേ കേ‍ാളനി കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ദിവ്യജീവനസംഘം ശിവാനന്ദ ആശ്രമമായി വളർന്നത് നിത്യാനന്ദ സരസ്വതിയുടെ കഠിനപ്രയത്നത്താലാണ്. സ്ഥാപനത്തിന്റെ ആദ്യപ്രസിഡന്റായ നിത്യാനന്ദ സരസ്വതി ആശ്രമത്തെ ആധ്യാത്മിക, യേ‍ാഗ പരിശീലന കേന്ദ്രമാക്കി. കേരളത്തിൽ ഭാഗവതസപ്താഹം ജനകീയമാക്കിയതു സ്വാമിയാണ്.

രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ സപ്താഹവും യേ‍ാഗ ക്ലാസുകളും അധ്യാത്മിക പ്രഭാഷണവും നടത്തി. 30 ലധികം ക്ഷേത്രങ്ങളി‍ൽ പ്രതിഷ്ഠ നടത്തി. വിദേശരാജ്യങ്ങളിലും യേ‍ാഗ പരിശീലിപ്പിച്ചു. നിലയ്ക്കൽ പ്രശ്നത്തിലും ഗുരുവായൂർ ക്ഷേത്രവിമേ‍ാചനസമരത്തിലും സജീവമായി. 2004ൽ ശിവാനന്ദ ഗുരുകുലം ആരംഭിച്ചു. അയ്യപ്പധർമ പ്രചാരണത്തിനായി ശ്രീഹൃദയം മാസിക തുടങ്ങി. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രഗത്ഭരായ ഒട്ടേറെ യേ‍ാഗ പരിശീലകർ നിത്യാനന്ദ സരസ്വതിയുടെ ശിഷ്യന്മാരാണ്.

ചിട്ടയിലും അച്ചടക്കത്തിലും കർശനക്കാരനായിരുന്ന സ്വാമിയുടെ വേദാന്തവും ഹഠയേ‍ാഗവും പുരാണവും വർത്തമാനകാല സംഭവങ്ങളുമായി ബന്ധപ്പെടുത്തിയുള്ള പ്രഭാഷണങ്ങൾ ജനത്തെ ആകർഷിച്ചു. യുവാക്കൾക്കും വിദ്യാർഥികൾക്കും വിവിധ ക്യാംപുകൾ, ആശ്രമ പരിസരത്തെ നിർധനരായ കുടുംബങ്ങളിലെ കുട്ടികൾക്ക് സ്വാമി മുടങ്ങാതെ പഠനസഹായം നൽകി വന്നു. സമാധിയിരുത്തൽ ചടങ്ങിൽ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള മുതിർന്ന സന്യാസി ശ്രേഷ്ഠന്മാരുൾപ്പെടെ പങ്കെടുത്തു.

സ്വാമി നിത്യാനന്ദ സരസ്വതി, എന്നും മാർഗദീപം: സ്വാമി സ്വരൂപാനന്ദ സരസ്വതി

അവസാന കാലംവരെ യേ‍ാഗയുടെയും വേദാന്തത്തിന്റെയും ആഴത്തിൽ മുഴുകിയും അത് അതിലളിതമായി മറ്റുള്ളവർക്കു പകർന്നു നൽകിയും മാതൃകാപരമായ സന്യാസജീവിതം നയിച്ച മഹാത്മാവായിരുന്നു സ്വാമി നിത്യാനന്ദ സരസ്വതി. കൂടുതൽപേരെ സേവിക്കുകയായിരുന്നു എന്നും അദ്ദേഹത്തിന്റെ ലക്ഷ്യം. സൂക്ഷ്മ നിരീക്ഷണമായിരുന്നു രീതി. വിഷയത്തിലധിഷ്ഠിതമായും ലളിതമായും സംസാരിക്കാനായിരുന്നു ഇഷ്ടം. അതേസമയം ധാർമികരേ‍ാഷം മുഖത്തുനേ‍ാക്കി പ്രകടിപ്പിക്കുന്നതായിരുന്നു പ്രകൃതം.

പുതിയ തലമുറയെയും ആധ്യാത്മിക തലത്തിലേക്കെത്തിക്കാൻ ശ്രമിക്കുമ്പേ‍ാൾതന്നെ അവരുടെ ജീവിതം പഠിക്കാനും ശ്രമിച്ചു. സ്വാമിജിക്ക് ഈശ്വരനായിരുന്നു എല്ലാം. അതിനു മുകളിൽ ഒന്നിനെയും കണ്ടില്ല. ത്യാഗത്തിനും ലാളിത്യത്തിനും മാതൃകയായി, സർവസംഗപരിത്യാഗിയായി, മാർഗദീപമായി അദ്ദേഹം അവസാനം വരെ നിലകെ‍ാണ്ടു. ദുഃഖിതരുടെ വിഷയങ്ങൾക്കു പരിഹാരമുണ്ടാക്കി, വ്യക്തിയെ മുല്യാധിഷ്ഠിതജീവിതത്തിന് പ്രാപ്തരാക്കാൻ തക്കവൈഭവം അദ്ദേഹത്തിൽ വ്യക്തമായിരുന്നു.

പൈതൃകത്തെ അതിന്റെ ശുദ്ധിയിൽ സൂക്ഷിക്കണമെന്നു നിർബന്ധമായിരുന്നു. താൻ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ സമ്പാദിച്ച ജീവിത വിജയം, തന്നെ ആശ്രയിക്കുന്നവർക്ക് ഉണ്ടാകണമെന്ന് സ്വാമിജി ആത്മാർഥമായി ആഗ്രഹിച്ചു. അപ്രിയമെങ്കിലും സത്യം തുറന്നു പറഞ്ഞു. അതെ‍ാന്നും ഉൾക്കെ‍ാള്ളാൻ പലർക്കും കഴിയില്ലെങ്കിലും അദ്ദേഹമാണ് ശരിയെന്ന് കാലംകെ‍ാണ്ടു മനസ്സിലാകും. ആധ്യാത്മിക ഉപദേശങ്ങളിലൂടെയും സാധനാനുഷ്ഠാനങ്ങളിലൂടെയും യേ‍ാഗയിലൂടെയും വേദാന്തത്തിലൂടെയും സന്തുഷ്ട ജീവിതം നയിക്കാനുള്ള ഉപായങ്ങൾ ജനമനസ്സുകളിലെത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. വഴികാട്ടിയാണ് എന്നും.

സ്വാമി സ്വരൂപാനന്ദ സരസ്വതി പുതിയ മഠാധിപതി

പാലക്കാട് ∙ കല്ലേക്കുളങ്ങര ശിവാനന്ദാശ്രമത്തിന്റെ പുതിയ മഠാധിപതിയായി സ്ഥാനമേറ്റ സ്വാമി സ്വരൂപാനന്ദ സരസ്വതി 30 വർഷമായി ആശ്രമത്തിൽ പ്രവർത്തിക്കുന്നു. കോട്ടയം പാലാ സ്വദേശിയാണ്. പാല ശ്രീരാമകൃഷ്ണ ആദർശ് സംസ്കൃത കേ‍ാളജിൽനിന്നു വേദാന്തത്തിൽ ശാസ്ത്രി സംസ്കൃത ബിരുദം നേടിയ ശേഷമാണ് ശിവാനന്ദാശ്രമത്തിലെത്തിയത്. സ്വാമി നിത്യാനന്ദ സരസ്വതിയിൽനിന്നു സന്യാസദീക്ഷ സ്വീകരിക്കുകയും യേ‍ാഗസൂത്രവും മറ്റും പഠിക്കുകയും ചെയ്തു. ആശ്രമത്തിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും സർവതേ‍ാന്മുഖമായ വളർച്ചക്കു സ്വാമി നിത്യാനന്ദ സരസ്വതിക്കെ‍ാപ്പം സജീവമായിരുന്നു സ്വാമി സ്വരൂപാനന്ദസരസ്വതി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com