ADVERTISEMENT

കൊപ്പം ∙ രാജ്യതലസ്ഥാനം കീഴടക്കിയ കാര്‍ഷിക യന്ത്രങ്ങളുടെ മാതൃകയില്‍ കളിപ്പാട്ടങ്ങള്‍ എത്തി. വള്ളുവനാട്ടില്‍ പൂരങ്ങളും നേര്‍ച്ചകളും തുടങ്ങിയതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള സംഘങ്ങളാണ് കളിപ്പാട്ടങ്ങളുമായി വിവിധ പ്രദേശങ്ങളില്‍ എത്തിയിരിക്കുന്നത്. പട്ടാമ്പി - പുലാമന്തോള്‍ പാതയിലും പാലക്കാട് - ഗുരാവായൂര്‍ പാതയിലും വിവിധ പ്രദേശങ്ങളില്‍ ട്രാക്ടര്‍ കളിപ്പാട്ടങ്ങളുമായി ഉത്തരേന്ത്യയില്‍ നിന്നുള്ള സംഘങ്ങള്‍ എത്തിയിട്ടുണ്ട്. രാജസ്ഥാന്‍ സ്വദേശികളാണ് ഇവരില്‍ കൂടുതലും.

കര്‍ഷക സമരത്തിനു ശേഷം ട്രാക്ടര്‍ കളിപ്പാട്ടങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണെന്നാണ് ഇവര്‍ പറയുന്നത്. ഇരുമ്പ് കമ്പികളും ഷീറ്റും ഉപയോഗിച്ച് നിര്‍മിച്ച കളിപ്പാട്ടങ്ങള്‍ക്ക് 200 രൂപ മുതല്‍ ആണ് വില. കുട്ടികള്‍ക്ക് കളിക്കാന്‍ മാത്രമല്ല കാഴ്ച വസ്തുക്കളായി പൂന്തോട്ടങ്ങളിലും മറ്റും വയ്ക്കാനാണ് കൂടുതല്‍ പേരും ഇവ വാങ്ങുന്നത്. മുന്‍പ് മണ്ണുമാന്തി യന്ത്രങ്ങള്‍, ലോറികള്‍ എന്നീ മോഡലുകളുമായി എത്തി വില്‍പന നടത്തിയിരുന്ന സംഘങ്ങളാണ് ഡല്‍ഹിയിലെ കര്‍ഷക സമരത്തെ ഓര്‍മ്മിപ്പിച്ച് ട്രാക്ടറുകളുമായി തെരുവോരങ്ങളില്‍ എത്തിയിരിക്കുന്നത്.

ആദ്യഘട്ടത്തില്‍ തെരുവുകളിലാണ് കച്ചവടം. ഉത്സവങ്ങള്‍ ആരംഭിക്കുന്നതോടെ ഗ്രാമങ്ങളിലേക്കും നീങ്ങാനാണ് സംഘത്തിന്റെ ആലോചന. ട്രാക്ടറും ഇതില്‍ ഘടിപ്പിച്ച ട്രോളിയും ഉള്‍പ്പെടെ കളിപ്പാട്ടങ്ങളാണ് വിപണിയിലുള്ളത്. സാധാരണ കളിപ്പാട്ടങ്ങളെ അപേക്ഷിച്ച് ട്രാക്ടറുകളുടെ തനത് മോഡലുകളില്‍ ആണ് ഇവ നിര്‍മിച്ചിട്ടുള്ളത്. നിര്‍മാണക്കമ്പനികളില്‍ നിന്ന് കളിപ്പാട്ടങ്ങളുടെ വിവിധ മോഡലുകള്‍ വാങ്ങിയാണ് സംഘങ്ങള്‍ വിപണി കീഴടക്കിയിരിക്കുന്നത്. കോവിഡ് ഗുരുതര തരംഗം ഉത്സവങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ഉണ്ടെങ്കിലും പ്രതിസന്ധിയെ മറികടന്ന് കളിപ്പാട്ടങ്ങള്‍ വിറ്റു തീര്‍ക്കാനാണ് സംഘത്തിന്റെ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com