ADVERTISEMENT

പാലക്കാട് ∙ മലയിൽ കഴിയുമ്പോഴും മനോധൈര്യമാണു തന്നെ പിടിച്ചുനിർത്തിയതെന്നു മലമ്പുഴ ചെറാട് കുമ്പാച്ചിമലയിൽ കുടുങ്ങി സൈന്യം രക്ഷിച്ച ആർ.ബാബു. ഇനിയും മല കയറും, പക്ഷേ സുരക്ഷാ സംവിധാനങ്ങളോടെ അനുമതി വാങ്ങി മാത്രമാകുമെന്നും ആശുപത്രിയിൽനിന്നു വീട്ടിലെത്തിയ ശേഷം ബാബു പറ‍ഞ്ഞു. 4 ദിവസങ്ങൾക്കു ശേഷമാണു ബാബു വീട്ടിലേക്കു തിരിച്ചെത്തുന്നത്. ബാബുവിനെ ഉമ്മ റഷീദയും സഹോദരൻ ഷാജിയും സ്വീകരിച്ചു.

ഇപ്പോൾ അനുമതിയില്ലാതെയാണു മല കയറിയത്. ഇനി അനുമതിയോടെ കയറും. ആരും ഇത്തരത്തിൽ മല കയറാൻ പോകരുത്. വെള്ളവും ആവശ്യമുള്ള വസ്തുക്കളുമായി വേണം മലകയറാൻ പദ്ധതിയിടാനെന്നും ബാബു പറഞ്ഞു. തന്റെ കാര്യം കേരളം വലിയ രീതിയിൽ ചർച്ച ചെയ്യുന്ന കാര്യം അറിഞ്ഞിരുന്നില്ല. അഗ്നിരക്ഷാ സേനയും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടെ വലിയ സംവിധാനങ്ങൾ ഒരുക്കിയത് അറിഞ്ഞിരുന്നില്ല. എന്നാൽ, അവർ എന്നെ രക്ഷിക്കുമെന്ന് ഉറപ്പായിരുന്നു.

കാലിൽ പരുക്കു പറ്റിയതു കാരണം മുകളിലേക്കു കയറാൻ പറ്റുമായിരുന്നില്ല. താഴേക്ക് ഇറങ്ങാമായിരുന്നു. അങ്ങനെയാണു ആ മലയിടുക്കിൽപെട്ടത്. രക്ഷാപ്രവർത്തകർക്കു പെട്ടെന്നു കാണാൻ വേണ്ടിയാണു കൂടുതൽ താഴേക്ക് ഇറങ്ങിയത്. മലയുടെ താഴേക്കു വീഴുമെന്നോ, മരിച്ചുപോകുമെന്നോ ഭയം തോന്നിയില്ല. സൈനികർ എന്നെ രക്ഷപ്പെടുത്തിയ സ്ഥലത്തു ചൊവ്വ വൈകിട്ടു മുതൽ അടുത്ത ദിവസം രാവിലെ വരെ നിൽക്കുകയായിരുന്നു. 

ഈ ദിവസങ്ങളിൽ ഉറങ്ങിയിരുന്നില്ല. ഉറക്കത്തിൽ വീണുപോകുമോയെന്ന ആശങ്കയുണ്ടായിരുന്നു. കരസേന എത്തിയില്ലായിരുന്നെങ്കിൽ പാറയിലൂടെ നിരങ്ങി താഴെയിറങ്ങാൻ ശ്രമം നടത്തിയേനെ. വെള്ളവും ആഹാരവും ഇല്ലാതിരുന്നതിനാൽ ഞാൻ കഫം ചുമച്ചു തുപ്പുന്നുണ്ടായിരുന്നു. സൈനികർ എത്തുമ്പോൾ ശരിക്കും പേടിച്ചിരുന്നു. ഡോക്ടർമാർ നിർദേശിച്ച വിശ്രമം കഴിഞ്ഞാൽ ഉടൻ പത്രമിടാൻ ഇറങ്ങും. സൈന്യത്തിൽ ചേരണമെന്ന ആഗ്രഹമുണ്ടെന്നും ബാബു പറഞ്ഞു. അനുമതി ലഭിച്ചാൽ ഇനിയും കുമ്പാച്ചി മല കയറുമോയെന്ന ചോദ്യത്തിനു ബാബുവിന്റെ ഉത്തരം ‘അതെ’ എന്നു തന്നെ. പക്ഷേ, അനുഭവിച്ച വേദന ഓർത്തെന്നവിധം റഷീദ മകന്റെ കൈ പിടിച്ചു, അരുതെന്ന മട്ടിൽ.

ബാബു മടങ്ങിയെത്തി വീട്ടിലേക്ക്

പാലക്കാട് ∙ മല കയറാൻ പോയി കുടുങ്ങിയ ബാബു നാലു ദിവസത്തിനു ശേഷമാണു വീട്ടിലെത്തിയത്. ആശുപത്രി മുതൽ ഒപ്പമുണ്ടായിരുന്ന ഉമ്മയുടെ കവിളിൽ സ്നേഹചുംബനം നൽകിയാണ് ആ സന്തോഷം പങ്കിട്ടത്. കാണാനെത്തിയവരോട് അൽപം കാത്തു നിൽക്കാൻ പറഞ്ഞ് അകത്തു പോയി വെള്ളം കുടിച്ചു മടങ്ങി വരുമ്പോൾ പുതിയ മുണ്ടുടുത്തിരുന്നു. ആശുപത്രി വളപ്പിൽ വച്ച് ഒരാൾ ഉമ്മയുടെ കയ്യിൽ ഏൽപിച്ച മുണ്ട്. വിശദമായി പരിശോധിച്ച് ആരോഗ്യ പ്രശ്നങ്ങളില്ല എന്ന് ഉറപ്പാക്കിയാണു ജില്ലാ ആശുപത്രിയിൽ നിന്ന് ഇന്നലെ വിട്ടത്. ഒരാഴ്ച വീട്ടിൽ വിശ്രമിക്കാനാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.ജില്ലാ ആശുപത്രിയി‍ലെ എമർജൻസി കെയർ യൂണിറ്റിലായിരുന്ന ബാബുവിനെ ഇന്നലെ രാവിലെ ജില്ലാ കലക്ടറും പൊലീസ് മേധാവിയും സന്ദർശിച്ചു പ്രശ്നങ്ങളില്ല എന്ന് ഉറപ്പു വരുത്തി.

സംഭവിച്ചതെന്ത്? ബാബു പറയുന്നു

തിങ്കളാഴ്ച രാവിലെ ഫുട്ബോൾ കളിക്കുശേഷം ഞാനും കൂട്ടുകാരും മല കയറി. മറ്റുള്ളവർ തിരിച്ചിറങ്ങിയപ്പോഴും ഞാൻ കയറ്റം തുടർന്നു. മലമുകളിലെത്തി കൊടി നാട്ടിയശേഷം തിരിച്ചിറങ്ങാൻ തുടങ്ങി. പരിചയമുള്ള വഴിക്കു പകരം വീടു കണ്ട ഭാഗത്തേക്ക് എളുപ്പത്തിൽ എത്താനായി മറ്റൊരു വഴി തിരഞ്ഞെടുത്തു. കുത്തനെയുള്ള ഇറക്കങ്ങൾ ഇറങ്ങിയതോടെ തിരിച്ചു കയറാനാവില്ല എന്നുറപ്പായി. വീണ്ടും താഴേക്ക് ഇറങ്ങുന്നതിനിടയിൽ കാൽ പാറയിൽ തെന്നി. നെഞ്ചും കാലുമിടിച്ചു മലയിടുക്കിലേക്കു വീണു.

അതോടെ കൂട്ടുകാരെയും പൊലീസിനെയും ഫോണിൽ ബന്ധപ്പെട്ടു കുടുങ്ങിയ വിവരം പറഞ്ഞു. പക്ഷേ, ഞാൻ കിടന്ന ആ സ്ഥലം പുല്ല് നിറഞ്ഞതായിരുന്നതിനാൽ അവർക്കു കണ്ടെത്താനാകില്ല എന്നുറപ്പായിരുന്നു. മുകളിലേക്കു കയറാൻ കഴിയാത്തതിനാൽ താഴേക്കിറങ്ങി പെട്ടെന്നു കണ്ണിൽ പെടുന്ന സ്ഥലത്ത് ഇരിക്കാൻ തീരുമാനിച്ചു. ചെറിയൊരു മലയിടുക്കിലായി തുടർന്ന് ഇരിപ്പ്. കാൽ പുറത്തേക്കിട്ട് ഇരിക്കാൻ കഴിയുമായിരുന്നു. പെരുക്കാതിരിക്കാൻ കാലുകൾ മാറി മാറി താഴേക്കിട്ട് അവിടെ ഇരുന്നു. താഴെയെത്തുന്നവരുടെ ശബ്ദം കേൾക്കാമായിരുന്നു. ചിലരെ കാണുകയും ചെയ്തു. അവർ എങ്ങനെയെങ്കിലും രക്ഷിക്കുമെന്ന വിശ്വാസം ഉണ്ടായിരുന്നു.

ആദ്യ ദിവസം രാത്രി ആനയുടെ ശബ്ദം കേട്ടിരുന്നു. ഉറങ്ങിയാൽ താഴെ വീഴുമെന്ന പേടിയിൽ സെക്കൻഡുകൾ മാത്രമാണ് ഉറങ്ങിയത്. രണ്ടാമത്തെ ദിവസം ഹെലികോപ്റ്റർ വന്നെങ്കിലും അതിൽ എന്നെ രക്ഷിക്കാൻ കഴിയില്ല എന്നുറപ്പായിരുന്നു. അതിന്റെ ചിറക് പാറയിൽ തട്ടും എന്ന വ്യക്തമായ ബോധ്യം എനിക്കുണ്ടായിരുന്നു.തുടർന്നാണു കുറച്ചു കൂടി താഴേക്കിറങ്ങി സുരക്ഷിതമായ ഒരിടത്തെത്തിയത്.  അവിടെ പാറയിൽ പാടുകളുണ്ടാക്കി വേഗത്തിൽ ശ്രദ്ധയിൽ പെടാൻ ശ്രമിച്ചു. രാത്രി സൈനികരുടെ ശബ്ദം കേട്ടതോടെ രക്ഷപ്പെടും, ഉടനെ രക്ഷിക്കും എന്ന് മനസ്സിലായി.

വളരെ കരുതലോടെയാണ് അവർ സംസാരിച്ചതും മുകളിലേക്കു കയറ്റിയതും. വെള്ളം കിട്ടിയതോടെ ആശ്വാസമായി. എയർലിഫ്റ്റ് ചെയ്യുമ്പോൾ പേടി ഉണ്ടായിരുന്നു. എങ്കിലും ഒന്നും പറ്റാതെ തിരിച്ചു വരാനായി. മുൻപു തിരുവനന്തപുരത്തു ഗ്രൗണ്ടിൽ അടക്കം കിടന്നുറങ്ങിയിട്ടുണ്ട്. പട്ടിണി കിടന്നിട്ടുണ്ട്. അതു കാരണമാകാം ഇത്രയും സമയം ഭക്ഷണമോ വെള്ളമോ ഇല്ലാതെ പിടിച്ചു നിൽക്കാൻ സാധിച്ചത്. എല്ലാവരും വളരെയധികം സഹായിച്ചു. എല്ലാവർക്കും നന്ദി. പക്ഷേ ഒരു കാര്യം, ആരും അനുമതിയില്ലാതെ മലകയറരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com