ADVERTISEMENT

പാലക്കാട് ∙ കത്തി ജ്വലിക്കുന്ന ചൂടിലും മുദ്രാവാക്യങ്ങളുമായി പാലക്കാട്ടെ വഴികളിൽ അവർ കാത്തുനിന്നത് പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാനായിരുന്നു. അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയും 6 സംസ്ഥാനങ്ങളിലെ ഗവർണറുമായിരുന്ന കെ.ശങ്കരനാരായണനു നാടിന്റെ അന്ത്യാഞ്ജലി. ശേഖരിപുരത്തെ അദ്ദേഹത്തിന്റെ വസതിയിൽ അന്തിമോപചാരമർപ്പിക്കാൻ വിവിധ മേഖലകളിലെ പ്രമുഖകരടക്കം ഒട്ടേറെ പേരെത്തി. സാംസ്കാരിക, സാമൂഹിക, സാഹിത്യ, കലാ രംഗത്തെ പ്രുമഖരും മത നേതാക്കളും ഉൾപ്പെടെ പുഷ്പചക്രം അർപ്പിച്ചു.

പാലക്കാട്ട് അന്തരിച്ച മുൻ ഗവർണർ കെ.ശങ്കരനാരായണന്റെ മൃതദേഹം ഡിസിസി ഓഫിസിൽ പൊതുദർശനത്തിനു വച്ചപ്പോൾ അന്ത്യോപചാരം അർപ്പിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ചാണ്ടി ഉമ്മൻ, ടി.സിദ്ദിഖ് എംഎൽഎ, ഷാഫി പറമ്പിൽ എംഎൽഎ, പി.ബാലഗോപാൽ, വി.കെ.ശ്രീകണ്ഠൻ എംപി, വിനോദ് പട്ടിക്കര, ബെന്നി ബഹനാൻ എംപി, സി.ചന്ദ്രൻ, അബ്ദുൽ മുത്തലിബ്, സി.വി.ബാലചന്ദ്രൻ, ടി.എച്ച്.ഫിറോസ് ബാബു, ഡിസിസി പ്രസിഡന്റ് എ.തങ്കപ്പൻ തുടങ്ങിയവർ. ചിത്രം: മനോരമ

സ്പീക്കർ എം.ബി.രാജേഷ്, മന്ത്രിമാരായ കെ.കൃഷ്ണൻകുട്ടി, കെ.രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലികുട്ടി, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, അബ്ദുസ്സമദ് സമദാനി, വി.കെ.ശ്രീകണ്ഠൻ, ബെന്നി ബെഹനാൻ, രമ്യ ഹരിദാസ്, ജെബി മേത്തർ, എംഎൽഎമാരായ ഷാഫി പറമ്പിൽ, എൻ.ഷംസുദ്ദീൻ, പി.സി.വിഷ്ണുനാഥ്, ടി.സിദ്ധിഖ്, ജില്ലാ പഞ്ചായത്ത് അധ്യക്ഷ കെ.ബിനുമോൾ, പാലക്കാട് നഗരസഭ അധ്യക്ഷ പ്രിയ അജയൻ, കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, എം.എം.ഹസൻ, വി.ടി.ബൽറാം, കെ.എസ്.ശബരീനാഥൻ, സി.പി.മുഹമ്മദ്, വി.എസ്.വിജയരാഘവൻ, പി.അബ്ദുൽ മുത്തലീബ്, പി.ജെ.പൗലോസ്, എ.തങ്കപ്പൻ,

വി.സി.കബീർ, കെ.എ.ചന്ദ്രൻ, സി.ചന്ദ്രൻ, കെ.എ.തുളസി, പി.ഹരിഗോവിന്ദൻ, സുമേഷ് അച്യുതൻ, പി.ബാലഗോപാൽ, മനോജ് ചീങ്ങന്നൂർ, ടി.എച്ച്.ഫിറോസ് ബാബു, സി.വി.ബാലചന്ദ്രൻ, മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, നേതാക്കളായ വി.കെ.ഇബ്രാഹിം കുഞ്ഞ്, കളത്തിൽ അബ്ദുല്ല, മരയ്ക്കാർ മാരായമംഗലം, എം.എം.ഹമീദ്, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ, എൻസിപി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ, നേതാക്കളായ ലതിക സുഭാഷ്, എ.രാമസ്വാമി, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബു, നേതാക്കളായ പി.കെ.ശശി, എൻ.എൻ.കൃഷ്ണദാസ്,

കെ.ശങ്കരനാരായണന്റെ മൃതദേഹം വിലാപയാത്രയായി തൃശൂർ ചെറുതുരുത്തി പൈങ്കുളത്തേക്കു കൊണ്ടുപോകുമ്പോൾ സമീപത്ത് ഇരിക്കുന്ന മകൾ അനുപമയും മരുമകൻ അജിത് ഭാസ്ക്കറും. ചിത്രം: മനോരമ

എസ്.ശിവരാമൻ, പി.ഉണ്ണി, സി.കെ.രാജേന്ദ്രൻ, സിപിഐ ജില്ലാ സെക്രട്ടറി പി.സിദ്ധാർഥൻ, നേതാക്കളായ ജോസ് ബേബി, കെ.പി.സുരേഷ് രാജ്, വിജയൻ കുനിശ്ശേരി, കെ.മല്ലിക, കെ.സി.ജയപാലൻ, എൽജെഡി ജില്ലാ പ്രസിഡന്റ് എ.ഭാസ്കരൻ, ജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് കെ.ആർ.ഗോപിനാഥ്, നാഷനൽ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ജോൺ ജോൺ, കെഎൻഎം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.ഉണ്ണീൻകുട്ടി മൗലവി, പാലക്കാട് രൂപത മുൻ ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, വ്യാപാരി വ്യവസായി ഏകോപ ന സമിതി നേതാവ് ജോബി വി.ചുങ്കത്ത്, മുതലമട സ്നേഹം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി.സുനിൽ ദാസ്, ഒറ്റപ്പാലം സിഎസ്എൻ ട്രസ്റ്റ് ചെയർമാൻ പി.ടി.നരേന്ദ്രമേനോൻ, സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ, ടി.ആർ.അജയൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. ചെറുതുരുത്തിയിലെ സംസകാര ചടങ്ങിൽ കോൺഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തല, വി.എം.സുധീരൻ, കെ.നാണു, തൃശൂർ ജില്ലാ കലക്ടർ ഹരിത വി.കുമാർ എന്നിവരും പങ്കെടുത്തു.

കടീക്കൽ മണ്ണിൽ അന്ത്യനിദ്ര: ശങ്കരനാരായണനു വിട

പൈങ്കുളം (ചെറുതുരുത്തി) ∙ ആഗ്രഹിച്ചതുപോലെ കെ. ശങ്കരനാരായണൻ കളിച്ചുവളർന്ന മണ്ണിൽത്തന്നെ ഉറങ്ങാനെത്തി. അവസാനം ‘എനിക്ക് എന്റെ മണ്ണിലുറങ്ങണം’ എന്ന് ശങ്കരനാരായണൻ മകളോടു പറഞ്ഞിരുന്നു. ആഗ്രഹം പോലെ സംസ്കാര ചടങ്ങുകൾ ഭാരതപ്പുഴയുടെ തീരത്തുള്ള വാഴാലിക്കാവ് ക്ഷേത്രത്തിനു സമീപത്തെ കടീക്കൽ തറവാട്ടു വളപ്പിൽ, ഔദ്യോഗിക ബഹുമതികളോടെ നടത്തി. മകൾ അനുപമ ചിതയ്ക്കു തീകൊളുത്തി. രാത്രി 7 മണിയോടെയാണു വിലാപയാത്ര പൈങ്കുളത്തെത്തിയത്. ഒറ്റപ്പാലത്തും ഷൊർണൂരിലും ആദരാഞ്ജലിയർപ്പിക്കാൻ ഒട്ടേറെപ്പേർ കാത്തുനിന്നു.

കെ.ശങ്കരനാരായണന് അന്ത്യോപചാരമർപ്പിക്കുന്നതിനിടെ പൊട്ടിക്കരയുന്ന വി.സി.കബീർ., 2. കെ.ശങ്കരനാരായണന് അന്ത്യോപചാരമർപ്പിച്ച നിയമസഭാ സ്‌പീക്കർ എം.ബി.രാജേഷ് ശങ്കരനാരായണന്റെ മകൾ അനുപമയെ ആശ്വസിപ്പിക്കുന്നു. ചിത്രം: മനോരമ

വാഴാലിക്കാവ് ക്ഷേത്രത്തിനു തൊട്ടടുത്തുള്ള കടീക്കൽ തറവാട്ടിലാണ് അദ്ദേഹം വളർന്നത്. തൊട്ടുമുന്നിൽ കണ്ണെത്താ ദൂരത്തോളം പാടവും അതിനോടു ചേർന്നു ഭാരതപ്പുഴയുമാണ്. ക്ഷേത്രമുറ്റത്തും പുഴമണൽപ്പരപ്പിലും ആയിരുന്നു ശങ്കരനാരായണന്റെ ബാല്യം. രാഷ്ട്രീയത്തിന്റെ ആദ്യകാല അടവുകൾ പഠിച്ചതു സമീപത്തെ തന്നെ ഷൊർണൂരിലാണ്. ഓരോ തിരഞ്ഞെടുപ്പിനു ശേഷം കൈവിട്ട ഭൂസ്വത്തുക്കളും ഈ പ്രദേശത്തായിരുന്നു. പഴയ തറവാട് ഇന്നില്ല. ഇതിനോടു ചേർന്നു സഹോദരൻ ഡോ. കെ. ബാലകൃഷ്ണൻ നിർമിച്ച വീട്ടിലേക്കാണു ഭൗതികശരീരം കൊണ്ടുവന്നത്. ഇടവഴിക്കു സമാനമായ വഴിയാണ് വീട്ടിലേക്ക്. പാലക്കാട്ടു നിന്നു കൊണ്ടുവന്ന ഭൗതിക ശരീരം ഇവിടേക്കു കടക്കും മുൻപു പൈങ്കുളത്തുവച്ചു ചെറിയ ആംബുലൻസിലേക്ക് മാറ്റി. മകൾ അനുപമയും മരുമകൻ അജിത്തും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ അനുഗമിച്ചിരുന്നു.

മന്ത്രി കെ. രാധാകൃഷ്ണൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരൻ, എം.എം. ഹസൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, വി.കെ. ശ്രീകണ്ഠൻ, സനീഷ്കുമാർ ജോസഫ് എംഎൽഎ, ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ, സി.കെ. നാണു, കലക്ടർ ഹരിത വി.കുമാർ തുടങ്ങി ഏറെ പ്രമുഖർ അന്ത്യോപചാരമർപ്പിച്ചു. മുതിർന്നവരടക്കമുള്ള കോൺഗ്രസ് പ്രവർത്തകരുടെ വലിയ നിരയാണ് അവർക്കിടയിൽ കാലൂന്നി വളർന്ന നേതാവിനെ കാണാനെത്തിയത്. നാട്ടിൽ വരുമ്പോഴെല്ലാം ശങ്കരനാരായണൻ അവരുമായി സൗഹൃദം പങ്കിട്ടിരുന്നു.

രാഷ്ട്രീയത്തിലെ സുന്ദരമുഖം; വികസനത്തിന്റെയും

പാലക്കാട് ∙ രാഷ്ട്രീയത്തിനൊരു സൗന്ദര്യം ഉണ്ട്. ആ സൗന്ദര്യത്തിന്റെ പാലക്കാടൻ മുഖമായിരുന്നു കെ.ശങ്കരനാരായണൻ. പാലക്കാട്ടുകാരുടെ ഭാഷയിൽ പറഞ്ഞാൽ ശരിക്കും തലയെടുപ്പുള്ള നേതാവ്. പാലക്കാടിന്റെ വികസനത്തിലും ആ തലയെടുപ്പ് പ്രകടമായിരുന്നു. 2001ൽ പാലക്കാട് നിയോജകമണ്ഡലത്തിൽനിന്നു നിയമസഭയിലെത്തിയ അദ്ദേഹം അക്കാലത്തു പാലക്കാടിനു സമ്മാനിച്ച വികസനപദ്ധതികളേറെ. കൽപാത്തിപ്പുഴയെ അടുത്തറിയാൻ പുഴയോരത്തു നടപ്പാതയും പാർക്കും സ്ഥാപിച്ചത് കെ.ശങ്കരനാരായണൻ മുൻകൈയെടുത്താണ്. തുടക്കത്തിൽ നല്ല രീതിയിൽ നടപ്പാക്കിയ പദ്ധതി പിന്നീടു വന്നവരാരും വേണ്ടത്ര ശ്രദ്ധിച്ചില്ല. അതിന്റെ കുറവ് കൽപാത്തിപ്പുഴയോരത്തു കാണുന്നുണ്ട്. കൽപാത്തിപ്പുഴയുടെ ശുദ്ധി വീണ്ടെടുക്കാൻ കൂടിയാണ് അന്ന് അദ്ദേഹം ആ പദ്ധതി നടപ്പാക്കിയത്.

ശേഖരീപുരം ജംക്‌ഷനിൽ നിന്ന് കൽപാത്തിയിലേക്കുള്ള പാലം വീതികൂട്ടി പുനർനി‍ർമിച്ചതും ഇദ്ദേഹം മുൻകൈ എടുത്താണ്. അതുവരെ കൽപാത്തിയിലേക്കുള്ള വഴി തീരെ ഇടുങ്ങിയതായിരുന്നു. പാലക്കാട്– കോഴിക്കോട് ദേശീയപാതയിലെ ഒലവക്കോട്– താണാവ് ഭാഗം വീതികൂട്ടി പുനർനിർമിക്കണമെന്ന് കെ.ശങ്കരനാരായണൻ 2001–2006 കാലഘട്ടത്തിൽ തന്നെ നിർദേശിച്ചിരുന്നു. ഇതിനായി തുകയും അദ്ദേഹം പ്രഖ്യാപിച്ചു. പല കാരണങ്ങളാൽ അതും നടപ്പായില്ല. അദ്ദേഹം മുൻകൈ എടുത്തു തുടങ്ങിയ പ്രവൃത്തി നടപ്പാക്കിയിരുന്നുവെങ്കിൽ ഒലവക്കോട്– താണാവ് റോഡിൽ ഇന്നു ഗതാഗതക്കുരുക്ക് ഉണ്ടാകുമായിരുന്നില്ല.

താണാവ്– നാട്ടുകൽ ദേശീയപാത വികസനത്തിന്റെ അടുത്ത ഘട്ടമായി താണാവ്– ഒലവക്കോട് റോഡ് വികസിപ്പിക്കാനുള്ള പദ്ധതി ഇപ്പോഴും തയാറാക്കിക്കൊണ്ടിരിക്കുന്നേ ഉള്ളു അധികൃതർ. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കെട്ടിട സൗകര്യം ഉറപ്പാക്കാനും അദ്ദേഹം വേണ്ടത്ര ഫണ്ട് അനുവദിച്ചിരുന്നു. പാലക്കാട് നഗരത്തിന് ഏറെ ആശ്വാസമായ കൽമണ്ഡപം– ശേഖരീപുരം ബൈപാസ് നി‍ർമാണത്തിലെ തടസ്സങ്ങൾ നീക്കി റോഡ് യാഥാർഥ്യമാക്കാൻ ശങ്കരനാരായണൻ വഹിച്ച പങ്ക് വളരെ വലുതാണ്.

‘എന്നെ മാറ്റിക്കോളൂ, തീരുമാനം മാറ്റില്ല’

‘വെറും കച്ചമുണ്ടുടുത്തു രാഷ്ട്രീയത്തിൽ ഇറങ്ങിയവർ ഇന്ന് കോടീശ്വരൻമാരായി. ഉപ്പുവാങ്ങാൻ കാശില്ലാതിരുന്നവർ തങ്കഭസ്മം കഴിച്ച് ജീവിക്കുന്നു. എങ്ങനെ പണമുണ്ടായെന്ന് അറിഞ്ഞുകൂടാ. സ്ത്രീധനം കിട്ടിയതല്ല, ലോട്ടറി അടിച്ചതായും അറിവില്ല’– 1974ൽ മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച, അന്നത്തെ സംഘടനാ കോൺഗ്രസ് പ്രദേശ് കമ്മിറ്റി പ്രസിഡന്റ് കെ.ശങ്കരനാരായണന്റെ അഭിമുഖം തുടങ്ങുന്നത് ഇപ്രകാരമാണ്. കേരളത്തിലെ അന്നത്തെ രാഷ്ട്രീയ സ്ഥിതി വിലയിരുത്തുകയായിരുന്നു അദ്ദേഹം.

അന്നും ഇന്നും ഇതായിരുന്നു ശങ്കരനാരായണൻ. തന്റെ നിലപാടുകളിൽ നിന്നും വീക്ഷണങ്ങളിൽ നിന്നും കടുകിട മാറാൻ അദ്ദേഹം ഒരിക്കലും തയാറായിരുന്നില്ല. തെറ്റെന്നു തോന്നിയാൽ അത് ആരോടും എപ്പോഴും തുറന്നുപറയാൻ ഒരു മടിയും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് 1969ൽ കോൺഗ്രസ് പിളർന്ന് സംഘടനാ കോൺഗ്രസായി മാറിയപ്പോൾ അധികം വൈകാതെ അതിന്റെ നേതൃസ്ഥാനത്തേക്ക് അദ്ദേഹം എത്തിയത്. ചോദിച്ചുവാങ്ങിയ ഒരു പദവിപോലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉണ്ടായിട്ടില്ല.

അങ്ങനെ ഒരു പദവിയിൽ ഇരിക്കേണ്ടിവന്നാൽ അത് തന്റെ മൂല്യബോധത്തെയും ആദർശത്തെയും പണയം വയ്ക്കുന്നതിനു തുല്യമാണെന്ന് അദ്ദേഹം പറയുമായിരുന്നു. സർക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലും ബോർഡുകളിലും മറ്റും ആശ്രിതരെയും സ്വന്തക്കാരെയും തിരുകിക്കയറ്റുന്ന രീതിയെ ശക്തമായി എതിർത്തിരുന്നു. ‘കാപ്പിക്കുരുവും ആട്ടിൻകാട്ടവും തിരിച്ചറിയാൻ സാധിക്കാത്തവർ കോഫി ബോർഡിൽ ഇരിക്കുന്നു, ഒരു റബർ എസ്റ്റേറ്റ് പോലും നേരിൽ കാണാത്തവർ റബർ ബോർഡിലും’ എന്നാണ് ഇത്തരം നിയമനങ്ങളെ അദ്ദേഹം വിശേഷിപ്പിച്ചത്.

മഹാരാഷ്ട്ര ഗവർണറായിരുന്ന കാലത്താണ് തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഏറ്റവുമധികം സമ്മർദം അനുഭവിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. എന്നാൽ ഒരിക്കൽപോലും ആ സമ്മർദങ്ങൾക്കു വഴങ്ങിക്കൊടുക്കാൻ അദ്ദേഹം തയാറായില്ല. തന്റെ യുക്തിക്കു നിരക്കാത്ത തീരുമാനങ്ങൾ എടുക്കാൻ സമ്മർദം വന്നപ്പോഴൊക്കെ ‘എന്നെ ഈ പദവിയിൽ നിന്നു മാറ്റിക്കോളൂ, പക്ഷേ, എന്റെ തീരുമാനം മാറ്റാൻ ആകില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഇത്തരം നിലപാടുകൾ തന്നെയാണ് കെ.ശങ്കരനാരായണനെ മറ്റു രാഷ്ട്രീയ നേതാക്കളിൽ നിന്നു വ്യത്യസ്തനാക്കുന്നതും.

മുഖ്യമന്ത്രിക്കു വേണ്ടി ചീഫ് സെക്രട്ടറി പുഷ്പചക്രം അർപ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി വി.പി.ജോയി, ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക്, ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് എന്നിവർക്കു വേണ്ടി വിവിധ ഉദ്യോഗസ്ഥർ പുഷ്പചക്രം അർപ്പിച്ചു. ജോസ് കെ.മാണി എംപിക്കുവേണ്ടി വേണ്ടി കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ജോസഫും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർക്കുവേണ്ടി താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.കെ.മേനോൻ, സെക്രട്ടറി എൻ.കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് എം.ദണ്ഡപാണി എന്നിവരും പുഷ്പചക്രം അർപ്പിച്ചു.  എ.െക.ആന്റണിക്കു വേണ്ടി വി.കെ.ശ്രീകണ്ഠൻ എംപിയും കെ.സി.വേണുഗോപാലിനു വേണ്ടി ഡിസിസി അധ്യക്ഷൻ എ.തങ്കപ്പനും പുഷ്പചക്രം അർപ്പിച്ചു.

ഉന്നതപദവികളിൽ ഇരുന്നെങ്കിലും ലാളിത്യം കൈവിടാത്ത വ്യക്തിയായിരുന്നു ശങ്കരനാരായണൻ. അദ്ദേഹത്തിന്റെ ഉയർന്ന മൂല്യങ്ങൾ രാഷ്ട്രീയക്കാരും പൊതുപ്രവർത്തകരും മാതൃകയാക്കണം. അദ്ദേഹത്തിന്റെ സ്നേഹവും വത്സല്യവും എനിക്കും അനുഭവിക്കാനായി. ∙ എം.ബി.രാജേഷ്, സ്പീക്കർ

1964 മുതൽ ശങ്കരനാരായണനുമായി അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയമായി ഉറച്ച നിലപാട് സ്വീകരിക്കുമ്പോഴും വ്യക്തിബന്ധങ്ങൾക്ക് അദ്ദേഹം നല്ല വില നൽകിയിരുന്നു.  ∙ മന്ത്രി കെ.കൃഷ്ണൻകുട്ടി

കക്ഷിരാഷ്ട്രീയത്തിന് അതീതമായി ബന്ധമുള്ള വ്യക്തിയാണ്. വഹിച്ച സ്ഥാനങ്ങളിലെല്ലാം മികച്ച സേവനം കാഴ്ചവച്ചു. പലപ്പോഴും വ്യത്യസ്തമായ നിലപാടുകളായിരുന്നു അദ്ദേഹത്തിന്റേത്. ആ നിലപാടുകൾ ശരിയുമായിരുന്നു.  ∙ മന്ത്രി കെ.രാധാകൃഷ്ണൻ

കെ.കരുണാകരൻ കോൺഗ്രസിനു ലീഡറായിരുന്നുവെങ്കിൽ, ശങ്കരനാരായണൻ യുഡിഎഫിന്റെ ഒരേ ഒരു കൺവീനറാണ്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായ അവസ്ഥയിലായ ഘട്ടത്തിലാണ് അദ്ദേഹം ധനമന്ത്രിയായത്. സ്ഥിതി മികച്ചതാക്കാൻ അദ്ദേഹത്തിനായി. ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

വിവിധ മന്ത്രിസഭകളിൽ ഒരുമിച്ചു പ്രവർത്തിക്കാൻ അവസരം ലഭിച്ചപ്പോഴൊക്കെ അദ്ദേഹത്തിന്റെ ഭരണമികവ് നേരിട്ടു കണ്ടതാണ്. യുഡിഎഫിനെ സമർഥമായി മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹത്തിനു സാധിച്ചു. ∙ പി.കെ.കുഞ്ഞാലിക്കുട്ടി

കോൺഗ്രസ് പ്രത്യയശാസ്ത്രത്തോട് അഗാധമായ പ്രതിബദ്ധത പുലർത്തിയ വ്യക്തി. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവതം പ്രശംസ പിടിച്ചുപറ്റി. അദ്ദേഹത്തിന്റെ വിയോഗം രാജ്യത്തിനു നികത്താനാകത്ത നഷ്ടമാണ്. കുടുംബത്തിന്റെയും നാടിന്റെയും ദുഖത്തിൽ പങ്കുചേർന്നു. ∙ രാഹുൽ ഗാന്ധി

മാർഗദർശിയും എന്നും കൂടെയുണ്ടായിരുന്ന നേതാവായിരുന്നു അദ്ദേഹം. യുഡിഎഫിനെ ശക്തിപ്പെടുത്തി നിലനിർത്താൻ അക്ഷീണം പരിശ്രമിച്ചു. പകരംവയ്ക്കാൻ മറ്റൊരു നേതാവില്ല. ∙ ഉമ്മൻ ചാണ്ടി, മുൻ മുഖ്യമന്ത്രി 

ഘടകകക്ഷികളെ കൂട്ടിയിണക്കി നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ അദ്ദേഹം നടത്തിയ ശ്രമങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും. സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിച്ച ശേഷവും മുസ്‍ലിം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളുമായും വിവിധ രാഷ്ട്രീയ നേതാക്കളുമായും ചങ്ങാത്തം തുടർന്നു. ∙ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് 

തുറന്ന മനസ്സോടെ കാര്യങ്ങളെ സമീപിക്കുകയും പ്രശ്നത്തെ അഭിമുഖീകരിക്കുകയും ചെയ്ത നേതാവ്. കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രവർത്തന കാലം മുതൽ അടുപ്പമുണ്ടായിരുന്നു. പാർട്ടിക്കു മാത്രമല്ല, സമൂഹത്തിനു തന്നെ തണലായിരുന്നു. ∙ കെ.സുധാകരൻ, കെപിസിസി പ്രസിഡന്റ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com